മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം കംപ്ലിറ്റ് ആക്ടർ മോഹൻലാലിന്റെ ഇളയമകളാണ് വിസ്മയ മോഹൻലാൽ. ലാലേട്ടന്റെ മകൻ പ്രണവ് പിതാവിന്റെ പാത പിൻതുടർന്ന് സിനിമയിലെച്ചി സഹ സംവിധായകനായും നടനായും തിളങ്ങുകയാണെങ്കിലും വിസ്മയ ഇതുവരെ അഭിനയരംഗത്തേക്ക് എത്തിയിട്ടില്ല.
അതേ സമയം എഴുത്തിന്റെ ലോകത്താണ് വിസ്മയ ഉള്ളത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കഥാ രചനയിൽ വിസ്മയയുടേയും പങ്കാളിത്തം ഉണ്ടായിരുന്നു. ഇതിനിടെ വിസ്മയയുടെ ആദ്യ പുസ്തകം ദ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. മകളുടെ പുസ്തകത്തെ കുറിച്ച് വെളിപ്പെടുത്തിയത് മോഹൻലാൽ ആയിരുന്നു.
പുസ്തകം വായിച്ച് താരങ്ങൾ ഉൾപ്പെടെയുള്ളവർ പല അഭിപ്രായങ്ങളും അറിയിച്ചിരുന്നു. ഇപ്പോൾ പുസ്തകത്തെ കുറിച്ചും അതിന് വായനക്കാർ നൽകിയ പ്രതികരണങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് വിസ്മയ. ഇതൊരു ചെറിയ പുസ്തകമാണെന്നും വർഷങ്ങളായി താൻ വരച്ചും എഴുതിയും സൂക്ഷിച്ചിട്ടുളള സ്കെച്ച് ബുക്കിലെ കുഞ്ഞ് കാര്യങ്ങളാണ് പുസ്തകത്തിലുളളതെന്നും താരപുത്രി പറയുന്നു.
ചില ദിവസങ്ങളിൽ എനിക്ക് ഇവയോടൊക്കെ ഇഷ്ടം തോന്നും, ചിലപ്പോൾ തീരെ ഇഷ്ടപ്പെടുകയുമില്ല. പുസ്തകത്തിൽ ഉളളതെല്ലാം എന്റെ അനുഭവങ്ങളാണെന്നും ജീവിതത്തിന്റെ ഭാഗമാണെന്നും എനിക്കറിയാം. അതിലെ ചില കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കുറച്ച് നാടകീയമായി പോയില്ലെ എന്ന് തോന്നാറുണ്ടെന്ന് മായ പറയുന്നു. പക്ഷേ ആ സമയത്ത് എനിക്ക് അനുഭവപ്പെട്ടത് അങ്ങനെയാണ് വിസ്മയ പറയുന്നത്.
ചില കവിതകളിൽ ഞാൻ എന്താണ് ശരിക്കും ഉദ്ദേശിച്ചതെന്ന് പലരും ചോദിച്ചു. അവർക്ക് എന്താണ് മനസിലായതിനെ കുറിച്ചും ചിലർ സംസാരിക്കും. അത് ഏറെ സന്തോഷമുളള, കൗതുകം തോന്നുന്ന കാര്യമാണ്. പിന്നെ എല്ലാവർക്കുമുളള മറുപടി; നിങ്ങൾക്ക് എന്താണോ തോന്നിയത്, അതാണ് അതിന്റെ അർത്ഥം എന്നാണെന്നുമാണ് മായ പറയുന്നത്.
ആ കവിത എഴുതുന്ന സമയത്ത് എന്താണ് തോന്നിയതെന്ന് എനിക്ക് വ്യക്തമായി അറിയാം. പക്ഷേ വായനക്കാർ അവരവരുടെതായ അർത്ഥവും അനുഭവവും കണ്ടെത്തണമെന്നാണ് എന്റെ ആഗ്രഹം. ഇതിൽ ശരി തെറ്റുകളില്ല. എല്ലാം വ്യക്തിപരമായ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ്. കലയെ സംബന്ധിച്ചിടത്തോളം എനിക്ക് എറ്റവും ഇഷ്ടപ്പെട്ട കാര്യവുമതാണെന്നും വിസ്മയ പറയുന്നു.