തന്റെ പിതാവും സംവിധായകനുമായ ഫാസിൽ ഒരുക്കിയ കൈയ്യെത്തു ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് ഫഹദ് ഫാസിൽ. 2002ൽ പുറത്തിറങ്ങിയ ഈ സിനിമ വലിയ പരാജയമായി മാറിയിരുന്നു. ആദ്യസിനിമയുടെ കനത്ത പരാഝയത്തോടെ അഭിനയം നിർത്തി ഫഹദ് ഉപരി പഠനത്തിനായി വിദേശത്തേക്കും പോയി.
എന്നാൽ ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം 2009 ൽ കേരളകഫേ എന്ന ആന്തോളജി ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ ഫഹദ് പിന്നീട് മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. വ്യത്യസ്തമായ വേഷങ്ങളുുമായി സിനിമയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഫഹദ് ഇപ്പോൾ മലയാളവും കടന്ന് തെലുങ്കിലും തമിഴിലും എത്തിയിരിക്കുകയാണ്.
അതേ സമയം മലയാള സിനിമയിലെ അവസരങ്ങളെ കുറിച്ചും താരരാജാക്കൻമാരായ മോഹൻലാലിനേയും മമ്മൂക്കയേയും കുറിച്ചും വാചാലനായി രംഗത്തെത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ ഇപ്പോൾ. മമ്മൂക്കയേയും മോഹൻലാലിനേയും കണ്ട് തനിക്കിപ്പോഴും കൊതിതീർന്നിട്ടില്ലെന്നും ഇനിയും അവർക്ക് ഏറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉണ്ടെന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ തുറന്നു പറച്ചിൽ.
ഹിന്ദിയിൽ അമിതാഭ് ബച്ചനെ പോലുള്ള നടന്മാരൊക്കെ ഹീറോയിസം വിട്ട് കുറച്ചുകൂടി മീനിങ്ങ്ഫുൾ ആയിട്ടുള്ള റോളുകളിലേക്ക് മാറി. മലയാളത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും അത്തരം റോളുകളിൽ കാണാൻ സമയമായി എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, സത്യസന്ധമായി പറഞ്ഞാൽ ഇതുവരെ തനിക്ക് അവരെ കണ്ട് കൊതി തീർന്നിട്ടില്ലെന്നായിരുന്നു ഫഹദിന്റെ മറുപടി. ലാലേട്ടനും മമ്മൂക്കയ്ക്കും ഈ അവസ്ഥയിൽ തന്നെ ഇനിയും ഏറെ എക്സ്പ്ലോർ ചെയ്യാൻ ഉള്ളതായിട്ടാണ് എനിക്ക് തോന്നുന്നത്.
ഒരു ഫാനെന്ന നിലയ്ക്ക് അവരെ ഇങ്ങനെ കണ്ട് എനിക്ക് മടുത്തിട്ടില്ല. ഇനിയും നിരവധി കഥാപാത്രങ്ങൾ ഇത്തരത്തിൽ ഉള്ളത് അവർക്ക് ചെയ്യാനുണ്ടെന്ന് ഉറപ്പാണ്. പേഴ്സണലി എനിക്ക് മമ്മൂക്കയുടെ സ്റ്റാർഡം എക്സ്പ്ലോയിറ്റ് ചെയ്യുന്ന സിനിമകൾ ഇഷ്ടമാണ്. ന്യൂഡൽഹി പോലുള്ള സിനിമകൾ എക്കാലത്തേയും ഫേവറെറ്റുകളാണ്. പിന്നെ മമ്മൂക്കയെ ബിഗ് ബിയിൽ അവതരിപ്പിച്ചിരിക്കുന്ന രീതി. ഞാൻ അതിന്റെയൊക്കെ ഭയങ്കര ഫാനാണെന്നം ഫഹദ് ഫാസിൽ പറയുന്നു.
അവരൊക്കെ ആ വഴിക്ക് പോയാലേ നിങ്ങൾക്ക് നല്ല റോളുകൾ കിട്ടൂ എന്ന് വെച്ചിട്ടാണോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു ഫഹദിന്റെ മറുപടി. മമ്മൂക്ക തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഞാനും ദുൽഖറും കൂടി ഇരിക്കുമ്പോഴായിരുന്നു അത്. എല്ലാവർക്കും ഇവിടെ സ്പേസ് ഉണ്ട്. നീയൊക്കെ നോക്കിയും കണ്ടും നിന്നാൽ ഇവിടെ നിൽക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അതാണ് അതിന്റെ സത്യവും ഇവിടെ എല്ലാവർക്കും സ്പേസ് ഉണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നതെന്നും ഫഹദ് ഫാസിൽ പറയുന്നു.