ലാൽ അപ്പോൾ ‘രഞ്ചിത്ത്’ എന്നുവിളിക്കും, ഞാൻ ‘ലാൽ സാർ’ എന്നും: മോഹൻലാലുമായി പിണങ്ങുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് രഞ്ചിത്ത്

54

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും സൂപ്പർ ഡയറക്ടർ രഞ്ജിത്തും തമ്മിൽ ദീർഘനാളത്തെ സൗഹൃദമാണുള്ളത്. എന്നാലും ലൊക്കേഷനിൽ ഇരുവരും പിണങ്ങാറും മിണ്ടാതെയിരിക്കാറുമുണ്ട്. രസകരമായ ആ അനുഭവം മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ:

ലാലിന്റെയുള്ളിൽ ഒരു ചെറിയ കുട്ടിയുണ്ട്. വളരെ സെൻസിറ്റീവ് ആണ് ആ കുട്ടി. അങ്ങനെയൊരു കുട്ടി എന്റെയുള്ളിലും ഉണ്ടാവാം. അതുകൊണ്ട് ഞങ്ങൾ തമ്മിൽ കുട്ടികളെപ്പോലെ തല്ലുകൂടാറുണ്ട്. ഡ്രാമയുടെ ലണ്ടനിലെ ലൊക്കേഷനിലും ഞങ്ങൾ പിണങ്ങി മിണ്ടാതിരുന്നിട്ടുണ്ട്.

Advertisements

സാധാരണ ‘അണ്ണാ’ എന്നാണ് ലാൽ എന്നെ വിളിക്കാറ്. ഞാൻ തിരിച്ച് ‘അണ്ണാച്ചി’ എന്നും. പിണങ്ങിക്കഴിഞ്ഞാൽപ്പിന്നെ രഞ്ജിത്ത് എന്നേ അദ്ദേഹം വിളിക്കൂ. ഞാൻ അപ്പോൾ ‘ലാൽ സാർ’ എന്നായിരിക്കും വിളിക്കുക. ലാൽ എന്നെ അപൂർവമായേ രഞ്ജീ എന്നു വിളിക്കാറുള്ളു. അത് സ്‌നേഹം കൂടി നിൽക്കുമ്പോഴാണ്. വളരെ സ്വകാര്യമായി ഞാനും ലാലു എന്നു വിളിക്കാറുണ്ട്; അതും സ്‌നേഹം കൂടുമ്പോൾ മാത്രം.

ലാൽ ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുന്നത് അദ്ദേഹം ആ സിനിമയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. അങ്ങനെ സ്‌നേഹിച്ചു കഴിഞ്ഞാൽ കഥാപാത്രത്തിനുവേണ്ടി എന്തു ത്യാഗത്തിനും തയാറാവും.

മോഹൻലാലിന്റെ സംഭാഷണ രീതിക്ക് ഒരു താളമുണ്ട്. ആ താളത്തിന് കൃത്യമായി ഇണങ്ങുന്ന വിധത്തിലാണ് രഞ്ജിത്തിന്റെ സംഭാഷണങ്ങൾ. വ്യക്തിപരമായ അടുപ്പമാണോ അതിനു കാരണമെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: അത് ബോധപൂർവമല്ല. എന്റെ നായകൻ മോഹൻലാൽ ആണെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ അങ്ങനെ സംഭവിച്ചുപോകുന്നതാണ്.

മനസിൽ പറഞ്ഞുകൊണ്ടാണ് ഞാൻ സംഭാഷണം എഴുതുന്നത്. അത് മോഹൻലാൽ പറഞ്ഞാൽ എങ്ങനെയിരിക്കുമെന്ന് എനിക്കറിയാം. നിങ്ങൾ പറഞ്ഞ താളം അങ്ങനെ കയറി വരുന്നതാണ്. മറ്റൊന്ന്, ഷോട്ടിനു മുൻപ് ഞാൻ തന്നെയാണ് എന്റെ നടന്മാർക്ക് സ്‌ക്രിപ്റ്റ് വായിച്ചുകൊടുക്കുന്നത്.

കുത്തും കോമയുമൊക്കെ കൃത്യമായി ഒബ്‌സർവ് ചെയ്യാൻ അവരെ അത് സഹായിക്കും. ദീർഘകാലത്തെ അടുപ്പവും സ്‌നേഹവുമൊക്കെ അതിനൊരു കാരണമാവാം. പുതിയ തലമുറയിലെ ഒരാൾക്കു വേണ്ടി ഇത്രയും കൃത്യമായി എഴുതാൻ പറ്റിയെന്നു വരില്ല.

Advertisement