ഗായികയായും അവതാരകയായും നടിയായമെല്ലാം തിളങ്ങി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. ദിലീപ് നായകനായ ലാൽജോസ് ചിത്രം മീശ മാധവനിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച താരം തുടർന്നും നിരവധി ഗാനങ്ങൾ ആലപിച്ചു.
മിനിസ്ക്രീൻ പരിപാടികളിലൂടെയാണ് റിമി ടോമിക്ക് ആരാധകർ കൂടിയത്. വിവിധ ചാനലുകളിലായി നടി അവതരിപ്പിച്ച മിക്ക പരിപാടികളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇന്നും റിമി ടോമിയുടെ ഷോകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ലോക്ഡൗൺ കാലത്തും സമൂഹ മാധ്യമങ്ങളിൽ ഏറെ ആക്ടീവായിരുന്നു റിമി. വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ചും ഇടയ്ക്കിടെ റിമി ടോമി എത്താറുണ്ട്. കൂടാതെ പാചക പരീക്ഷണങ്ങളുടെയും, യാത്രകളുടെയും വീഡിയോസും ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. ലോക്ഡൗൺ കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോയിരുന്നു താരം.
റിയാലിറ്റി ഷോകളിൽ വിധികർത്താവായും റിമി ടോമി പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് റിമി മുൻപ് അഭിനയിച്ചിരുന്നത്. ബിഗ് സ്ക്രീനിനേക്കാൾ മിനിസ്ക്രീനിലൂടെയാണ് റിമി എല്ലാവരുടെയും ഇഷ്ടതാരമായത്. അതേസമയം റിമി ടോമിയുടെതായി വരാറുളള സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുളളത്.
ഇത്തവണ തന്റെ ഒരു വർക്കൗട്ട് ചിത്രം പങ്കുവെച്ച് റിമി ഇൻസ്റ്റഗ്രാം പേജിൽ എത്തിയിരുന്നു. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കൂട്ടത്തിൽ ഒരാൾ കുറിച്ച കമന്റിന് നടി നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. വർക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം.
ഇതിന് മറുപടിയായി ഇത് ബി16 ആപ്പിൽ പകർത്തിയ ചിത്രമാണെന്ന് റിമി പറയുന്നു. ഈ ചോദ്യം ഒന്ന് മാറ്റിപ്പിടിക്കൂ ട്ടോ. ഇനി അഥവാ ഇത്തിരി മേക്കപ്പ് ഇട്ടാലും അത് എന്റെ മുഖത്തല്ലെ സഹോദരാ, നിങ്ങടെ മുഖത്ത് ഞാൻ നിർബന്ധിച്ച് ഇട്ടോ എന്ന് റിമി തിരിച്ച് ചോദിച്ചു. റിമിയുടെ ഫോട്ടോയ്ക്ക് കമന്റുമായി നടൻ വിവേക് ഗോപനും എത്തിയിരുന്നു.
അടിക്കുറുപ്പ് കൊളളാ, മേരികോം ആകുമോ എന്നായിരുന്നു നടൻ കമന്റിട്ടത്. ഇതിന് മറുപടിയായി ചിലപ്പോ ആയിക്കൂടായ്ക ഇല്ല, ചുമ്മാ പ്രോൽസാഹിപ്പിക്കല്ലെ എന്നായിരുന്നു ചിരിച്ചുകൊണ്ട് റിമി ടോമിയുടെ മറുപടി. നിലവിൽ മഴവിൽ മനോരമയിലെ സൂപ്പർ ഫോർ റിയാലിറ്റി ഷോയിലൂടെയാണ് നടി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.