ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ നടിയാണ് പ്രിയങ്ക ചോപ്ര. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായ പ്രിയങ്കചോപ്ര ബോളിവുഡിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് എല്ലാം ഒപ്പം അഭിനയിച്ചിട്ടുമുണ്ട്.
അതേ സമയം പ്രിയങ്ക ചോപ്രയുടെ ബാല്യവും കൗമാരവും പറയുന്ന അൺഫിനിഷ്ഡ് എന്ന പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതുവരെ താൻ ആരോടും പറയാതിരുന്ന പല കഥകളും പുസത്കത്തിൽ പ്രിയങ്ക കുറിച്ചിട്ടുണ്ട്.
ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളും നേട്ടങ്ങളുമെല്ലാം പ്രിയങ്ക തുറന്നെഴുതുന്നുണ്ട്. കുട്ടിക്കാലത്ത് തനിക്ക് ഉണ്ടായ ഒരു പ്രണയത്തെ കുറിച്ചും അതിനെ തുടർന്ന് താൻ നേരിടേണ്ടി വന്ന ചില വെല്ലുവിളികളെ കുറിച്ചും പ്രിയങ്ക പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
അമേരിക്കയിലായിരുന്നു പ്രിയങ്കയുടെ സ്‌കൂൾ പഠനം. അമേരിക്കയിൽ ചെലവഴിച്ച വർഷങ്ങളെക്കുറിച്ചും അമ്മായിക്കൊപ്പമുള്ള തന്റെ താമസത്തെ കുറിച്ചും അവിടെ സ്‌കൂളിൽ വെച്ചുണ്ടായ പ്രണയത്തെ കുറിച്ചുമാണ് പ്രിയങ്ക പറയുന്നത്. ഇന്ത്യനാപോളിസിൽ അമ്മായിക്കൊപ്പമാണ് പ്രിയങ്ക താമസിച്ചിരുന്നത്.
സ്‌കൂളിൽ സഹപാഠിയായിരുന്ന ബോബ് എന്ന കുട്ടിയുമായി താൻ അഗാധപ്രണയത്തിലായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു. ബോബിനെ വിവാഹം കഴിക്കാൻ പോലും ആഗ്രഹിച്ചു. ബോബിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അത് അമ്മായി കയ്യോടെ പിടികൂടുകയും ചെയ്തുവെന്ന് പ്രിയങ്ക കുറിക്കുന്നു.
സ്‌കൂളിൽ വെച്ചാണ് ബോബിനെ കണ്ടുമുട്ടുന്നത്. പതുക്കെ പതുക്കെ അവനുമായി പ്രണയത്തിലായി. വിവാഹം കഴിക്കാൻ വരെ ഞങ്ങൾ ആലോചിച്ചു. അങ്ങനെ ഒരു ദിവസം ബോബിനേയും കൂട്ടി ഞാൻ വീട്ടിലേക്ക് വന്നു.
വളരെ നിഷ്‌ക്കളങ്കമായി കൈകൾ കോർത്തുപിടിച്ച് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ പെട്ടെന്ന് വിൻഡോയിലൂടെ അമ്മായി പടികൾ കയറി വരുന്നത് കണ്ടു. ഇതോടെ ഞാൻ പരിഭ്രാന്തയായി.
ഉച്ചയ്ക്ക് 2 മണിയായിരുന്നു. അമ്മായി മടങ്ങിവരുന്ന പതിവ് സമയമായിട്ടില്ല.
ബോബിന് വീടിന് പുറത്ത് പോകാൻ ഒരു വഴിയുമില്ല, അവനും ഞാനും എന്റെ മുറിയിലേക്ക് ഓടി, ഞാൻ അവനെ എന്റെ ക്ലോസറ്റിലേക്ക് മാറ്റി( സാധനങ്ങൾ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന കബോർഡ്).
ഞാൻ വേഗം ഒരു പുസ്തകം കയ്യിലെടുത്ത് പഠിക്കുന്നതുപോലെ ഇരുന്നു.
കാര്യങ്ങൾ അറിഞ്ഞതുപോലെ അമ്മായി വീട്ടിലെ ഓരോ ഇടങ്ങളും പരിശോധിക്കാൻ തുടങ്ങി. ഒടുവിൽ എന്റെ മുറിയുടെ വാതിൽക്കൽ വന്ന് കബോർഡിന്റെ വാതിൽ തുറക്കാൻ ദേഷ്യത്തോടെ പറഞ്ഞു. അമ്മായിയുടെ ദേഷ്യം കണ്ട് ഞാൻ നടുങ്ങി.
ഞാൻ വാതിൽ തുറന്നതോടെ ബോബ് പുറത്തുവന്നു. അതൊരു വലിയ പ്രശ്നമായി. ഇതോടെ അമ്മായി എന്റെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു, അവൾ എന്റെ മുഖത്ത് നോക്കി നുണ പറഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു ആൺകുട്ടിയെ അവൾ അവളുടെ ക്ലോസറ്റിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു, എന്ന് അമ്മയോട് പറഞ്ഞുവെന്നും പ്രിയങ്ക കുറിച്ചു.