കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് വീണാ നന്ദകുമാര്‍. 2019 അവസാനം ചെറിയ ബഡ്ജറ്റിലെത്തി വലിയ വിജയം നേടിയ ആസിഫ് അലി നായകനായ ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ചില അഭിമുഖങ്ങളില്‍, വീണ തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രണയത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് വീണ.
താന്‍ നല്ലൊരു പ്രണയിനിയാണെന്നും ഇക്കാര്യം തന്റെ കാമുകന്മാര്‍ പറഞ്ഞിട്ടുള്ളതുമാണെന്നാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. “ബ്രേക്കപ്പായ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങള്‍ തന്നെയാണ്”- വീണ വ്യക്തമാക്കുന്നു. എല്ലാം നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ജീവിത്തില്‍ മോശം അനുഭവങ്ങള്‍ നേരിട്ടില്ലായിരുന്നെങ്കില്‍ ഇന്നൊരു നടിയായി മാറില്ലായിരുന്നുവെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. നിരവധി ചിത്രങ്ങളാണ് വീണയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. കടംങ്കഥയായിരുന്നു വീണയുടെ ആദ്യ ചിത്രം.
” പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ. ജീവിതത്തില്‍ എനിക്കും ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ബ്രേക്കപ്പുകളും. ഒരു പ്രണയത്തെ കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ആ സമയത്ത് അത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. നിലവില്‍ ഞാന്‍ എന്നെ തന്നെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം ചുറ്റുമുള്ള ആള്‍ക്കാരെയും പ്രണയിക്കുന്നു.”- വീണ നന്ദകുമാര്‍