മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരു തിരിച്ചുവരവിലൂടെ വിസ്മയിപ്പിച്ച നടനാണ് ഫഹദ് ഫാസിൽ. എല്ലാ വർഷവും മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഏതെങ്കിലും ഒരെണ്ണം ഫഹദിന്റെ അക്കൗണ്ടിലുണ്ടാകും. പുതിയ ചിത്രമായ ട്രാൻസ് ഫെബ്രുവരി 14ന് തിയറ്ററിൽ എത്തുകയാണ്. തനിക്ക് ഫാൻസ് അസോസിയേഷനുകൾ വേണ്ടെന്നും താരപദവി തന്നെ ഭ്രമിപ്പിക്കുന്നില്ലെന്നുമാണ് ഫഹദ് വ്യക്തമാക്കുന്നത്.
മാതൃഭൂമി വാരാന്തപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നെ ആരാധിക്കാനും എന്റെ സിനിമകൾ വിജയിപ്പിക്കാനും എനിക്ക് ഫാൻസ് അസോസിയേഷനുകൾ ആവശ്യമില്ല.
താരപദവി ഉറപ്പിക്കാൻ കൈയടിനേടുന്ന മാസ് രംഗങ്ങൾ കൂടുതൽ ചെയ്യേണ്ട കാലമൊക്കെ കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സിൽ ഞാൻ നായകനല്ല. പക്ഷേ, കഥയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ടുതന്നെ കള്ളനും അത്യാഗ്രഹിയും മനോരോഗിയുമായി എത്താൻ എനിക്ക് മടിയില്ല. കഥയിലേക്കും കഥാപാത്രത്തിലേക്കും എത്തിച്ചേരാനായി ചില ശ്രമങ്ങൾ നടത്താറുണ്ട്. പലപ്പോഴും രണ്ട് ദിവസം മുൻപെ സെറ്റിലെത്തി കാര്യങ്ങൾ മനസിലാക്കുകയാണ് പതിവ്.
അഭിനയിക്കേണ്ട രംഗങ്ങൾക്കായി തലേദിവസം റിഹേഴ്സലുകളൊന്നും നടത്താറില്ല. നമ്മൾ കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ കഥാപാത്രങ്ങളെ സ്വാധീനിക്കും. തന്റെ അഭിനയത്തെ ചിട്ടപ്പെടുത്തുന്നതിൽ വായനയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും ഫഹദ് പറയുന്നു. അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ട്രാൻസ് ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ട് ആണ്. മൂന്ന് വർഷത്തോളമെടുത്താണ് സിനിമ പൂർത്തിയാക്കുന്നത്. ഉസ്താദ് ഹോട്ടലിനും, അഞ്ച് സുന്ദരികൾ എന്ന ആന്തോളജിയിലെ ആമി എന്ന ചെറു സിനിമക്കും ശേഷം അൻവർ റഷീദിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രവുമാണ് ട്രാൻസ്.
കന്യാകുമാരിയിലെ ചെറുപട്ടണത്തിൽ നിന്ന് ആഗോള തലത്തിൽ സ്വീകാര്യത നേടുന്ന വിജുപ്രസാദ് എന്ന മോട്ടിവേഷണൽ ട്രെയിനറെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിംഗും. വിൻസന്റ വടക്കനാണ് തിരക്കഥ. ഫഹദിനൊപ്പം നസ്രിയാ നസീം, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് ജോസ്, വിനായകൻ, ശ്രീനാഥ് ഭാസി, ജോജു ജോർജ്ജ് എന്നിവരും നെഗറ്റീവ് ഷേഡിൽ സംവിധായകൻ ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഉണ്ട്.
ജാക്സൺ വിജയൻ ആണ് സംഗീത സംവിധാനം. ജാക്സൺ വിജയനും സുഷിൻ ശ്യാമും ബാക്ക് ഗ്രൗണ്ട് സ്‌കോർ. വിനായകൻ ഈണമിട്ടതാണ് ടൈറ്റിൽ സോംഗ്. എന്നാലും മത്തായിച്ചാ എന്ന ഗാനം സൗബിൻ ഷാഹിർ ആണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനരചന.