യുവതാരം സിജു വിൽസൺ നായകനായി എത്തിയ ചരിത്ര സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. നിറഞ്ഞ സദസിൽ ചിത്രം വിജയം കൈവരിച്ച് പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിനയൻ. തിരക്കഥ കൊണ്ട് തിരക്കുള്ള താരങ്ങൾക്ക് പിന്നാലെ പോയിട്ട് ഡേറ്റ് ഇല്ല എന്ന് കേൾക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് സിജു വിത്സനെപ്പോലെ കഴിവുള്ള ഒരു യുവതാരത്തെ നായകനാക്കാൻ തീരുമാനിച്ചതെന്ന് വിനയൻ പറയുന്നു.
കടന്നുപോയ തിക്താനുഭവങ്ങൾക്ക് കാലം തന്ന പ്രതിഫലമാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചരിത്രത്തിൽ അധികമാരും അടയാളപ്പെടുത്താതെ പോയ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോഥാന നായകന്റെ കഥാപാത്രത്തിന് പ്രധാന്യം നൽകി ചെയ്ത ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ഈ ചിത്രം പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
ഒരുപാട് കഷ്ടപ്പെട്ട് എടുത്ത് കഠിനാധ്വാനം ചെയ്ത ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ആ കാലഘട്ടത്തിലെ അതിതീക്ഷ്ണമായ ഒരു പ്രമേയമാണ് ചിത്രത്തിലൂടെ തുറന്നു കാണിച്ചത്. ചരിത്രകാരന്മാർ പോലും അധികം ശ്രദ്ധകൊടുക്കാതെ പോയ ഒരു നവോത്ഥാന നായകനാണ് ആറാട്ടുപുഴ വേലായുധ പണിക്കർ. ഈ കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ച സന്തോഷത്തിലാണ് ഞാനിപ്പോഴെന്ന് വിനയൻ പറഞ്ഞു.
പത്തൊൻപതാം നൂറ്റാണ്ട് എന്ന ഈ സിനിമ വർഷങ്ങളായി കൊണ്ടുനടന്ന സ്വപ്‌നമായിരുന്നു. ഗോകുലം ഗോപാലൻ എന്ന നിർമാതാവ് ഇത് ചെയ്യാൻ തയാറായപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. ചിത്രം കണ്ട്, സാധാരണക്കാരായ ജനങ്ങൾ അന്യസംസ്ഥാനത്ത് എടുത്ത ബ്രഹ്മാണ്ഡ പടം കണ്ടു കോരിത്തരിച്ചിരുന്ന നമുക്ക് നമ്മുടെ നാട്ടിൽ തന്നെ ഇത്തരമൊരു സിനിമ ചെയ്തു തന്നതിൽ നന്ദിയുണ്ട് എന്ന് പറയുമ്പോഴുണ്ടാകുന്ന സന്തോഷവും തനിക്ക് ചെറുതായിരുന്നില്ലെന്നും വിനയൻ പറഞ്ഞു.
കൂടാതെ, കഴിവുള്ള ഒരു ചെറുപ്പക്കാരനെ ഒരു ആക്ഷൻ ഹീറോയായി അവതരിപ്പിച്ച്, അയാൾ വിജയിച്ചു എന്ന് കേൾക്കുന്നത് അതിലും സന്തോഷമുണ്ടാക്കി. അതുപോലെ തന്നെ കയാദു എന്ന ഒരു പുതുമുഖ താരത്തെ നങ്ങേലി ആയി അവതരിപ്പിച്ചു. അവളും കഥാപാത്രത്തോട് നീതിപുലർത്തി അതി ശക്തമായ ഒരു സാന്നിധ്യമായി മാറി എന്നാണ് പ്രേക്ഷകർ അറിയിച്ചു. ഇതെല്ലാം മനസിന് കുളിർമ നൽകുന്നതായിരുന്നു. സിനിമയിൽ ഉള്ള എന്റെ മകൻ വിഷ്ണു ഉൾപ്പടെ ഓരോ ചെറിയ കഥാപാത്രം പോലും മികച്ചതാക്കി എന്ന് കേട്ടപ്പോൾ ഉണ്ടായ കുളിർമ ഇരട്ടിയായിരുന്നുവെന്നും വിനയൻ പറഞ്ഞു.
തനിക്കെതിരെ സിനിമയിൽ നിന്ന പ്രശ്‌നങ്ങളും എന്റെ സഹപ്രവർത്തകരുമായുള്ള പടല പിണക്കങ്ങളും, എന്നെ ഒറ്റപ്പെടുത്തിമാറ്റി നിർത്തലും ഒക്കെ കഴിഞ്ഞ് തിരികെ വരുമ്പോൾ 19-ാം നൂറ്റാണ്ട് സമ്മാനിച്ച വിജയം ഒരുപാട് സന്തോഷം നൽകി. അങ്ങനെ ഈ ഓണത്തിന് ഒത്തിരി സന്തോഷമാണ് തനിക്ക് ലഭിച്ചതെന്നും വിനയൻ കൂട്ടിച്ചേർത്തു. പക്ഷേ ഇതെല്ലാം കണ്ട് മതിമറക്കാനും താൻ ഇല്ലെന്നും വിനയൻ കൂട്ടിച്ചേർത്തു. ഇനിയും കഥകളുണ്ട്, സിനിമ ചെയ്യണം അത്രമാത്രം ഇപ്പോഴുള്ള ആഗ്രഹമെന്നും വിനയൻ പറഞ്ഞു.
വിനയൻ ഒരുപാട് പുതിയ താരങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അവരെല്ലാം വിജയിച്ചിട്ടുണ്ട് അതുകൊണ്ടു വിനയന് ഇഷ്ടമുള്ളതുപോലെ ചെയ്യൂ എന്നാണ് ഗോകുലം ഗോപാലേട്ടൻ തന്നോട് പറഞ്ഞതെന്നും വിനയൻ പറഞ്ഞു. സിനിമയുടെ സ്‌ക്രിപ്റ്റ് നിർമാതാവുമായി ചർച്ച ചെയ്തു കഴിഞ്ഞ് എനിക്ക് താരങ്ങൾക്കായി കാത്തിരിക്കാൻ താല്പര്യമില്ലായിരുന്നുവെന്നാണ് എന്തുകൊണ്ട് സിജു എന്ന ചോദ്യത്തിന് വിനയൻ നൽകിയ മറുപടി.
കഴിവുള്ള ആരെയെങ്കിലും കണ്ടെത്തി അഭിനയിപ്പിക്കാൻ തന്നെയായിരുന്നു തന്റെ തീരുമാനമെന്നും വിനയൻ കൂട്ടിച്ചേർത്തു. സൂപ്പർ താരങ്ങളെ തപ്പി പുറകെ ചെല്ലുമ്പോൾ ഇനി രണ്ടു വർഷത്തേക്ക് ഡേറ്റ് ഇല്ല എന്ന് കേട്ടിട്ട് പ്രോജക്റ്റ് ഉപേക്ഷിക്കാനൊന്നും കഴിയില്ലായിരുന്നു, അതുകൊണ്ടാണ് കഴിവുള്ളവന്റെ അടുത്തേയ്ക്ക് വരാൻ തന്നെ പ്രേരിപ്പിച്ചതെന്നും വിനയൻ കൂട്ടിച്ചേർത്തു. എന്റെ പണ്ടുമുതൽ ഉള്ള സ്വഭാവം അതാണ്. ആരുടെ ഡേറ്റ് ഇല്ലെങ്കിലും പടം ചെയ്യാൻ കഴിയും എന്ന് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. റിസ്‌ക് ഏറ്റെടുക്കുക എന്നത് എന്റെ കുഞ്ഞുന്നാൾ മുതലുള്ള സ്വഭാവമാണെന്നും വിനയൻ തുറന്നു പറഞ്ഞു.
പിന്നെ, സിജുവിന് ഈ കഥാപാത്രം ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നി. ആ തോന്നൽ തെറ്റായില്ല എന്ന് പ്രേക്ഷകർ എനിക്ക് കാണിച്ചു തന്നു. ഈ കഥാപാത്രത്തിലൂടെ സിജുവിനും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ചെയ്യാൻ കഴിഞ്ഞതായി താൻ വിശ്വസിക്കുന്നുവെന്നും വിനയൻ കൂട്ടിച്ചേർത്തു. കയാദു ലോഹർ ഒരു അദ്ഭുത പ്രതിഭാസമാണ് എന്ന് പറയാനാണു എനിക്കിഷ്ടം. ആ കുട്ടി സിനിമയിൽ ഒരു പുതുമുഖമാണെന്ന് വിനയൻ പറഞ്ഞു.
ഈ കഥാപാത്രത്തിന് വേണ്ടി ഞാൻ ഒരുപാടുപേരെ അന്വേഷിച്ചു. എനിക്ക് വേണ്ടത് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ശരീരപ്രകൃതിയുള്ള, സുന്ദരിയായ, നല്ല ഫിഗർ ഉള്ള, പൊക്കവും ഉറച്ച ശരീരവുമുള്ള ഒരു കുട്ടിയെയായിരുന്നു. എന്റെ ഭാവനയിലെ നങ്ങേലി അതായിരുന്നുവെന്നും അതിന് ഇണങ്ങുന്ന താരമായിരുന്നു കയാദുവെന്നും വിനയൻ കൂട്ടിച്ചേർത്തു. കുഞ്ഞുന്നാൾ മുതൽ ഞാൻ കേട്ട കഥയാണ് മാറ് മുറിച്ച് ആത്മാഹൂതി ചെയ്ത നങ്ങേലിയുടേത്.
ഞാൻ അമ്പലപ്പുഴക്കാരൻ ആയതുകൊണ്ട് ഈ മുലച്ചിപ്പറമ്പിനെക്കുറിച്ച് അറിയുകയും അവിടെ മീറ്റിങ്ങിനൊക്കെ പോവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാളത്തിൽ ഉളള ഒരുപാട് പെൺകുട്ടികളെ ഞാൻ പരിഗണിച്ചപ്പോൾ അങ്ങനെ ഒരു പെൺകുട്ടിയെ കണ്ടെത്താനായില്ല. സമീപിച്ച ചില താരങ്ങൾക്ക് മാറ് മുറിക്കുന്ന കഥ കേട്ടപ്പോൾ അത് ചെയ്താൽ ശരിയാകുമോ എന്ന് പേടിയുണ്ടായിരുന്നു. ഇതെല്ലാം എന്നെ നിരാശയിലാക്കി. അങ്ങനെയിരിക്കെ പൂനയിൽ ഉള്ള ഈ കുട്ടിയുടെ പടം ഒരു സുഹൃത്ത് അയച്ചു തന്നു.
അഭിനയത്തോട് വല്ലാത്ത ഡെഡിക്കേഷൻ ആണ് കയാദുവിനെന്ന് ഞാൻ അറിഞ്ഞു. ശേഷം ഞാൻ ആ കുട്ടിയെ വിളിപ്പിച്ച് നങ്ങേലിയുടെ കഥ പറഞ്ഞപ്പോൾ അവർ അത് നന്നായി ഉൾക്കൊണ്ടു. പിറ്റേ ദിവസം എന്നെ കാണാൻ വന്ന അവർ നങ്ങേലിയുടെ കഥ മുഴുവൻ പഠിച്ച് നങ്ങേലിയെക്കുറിച്ചുള്ള ഷോർട് ഫിലിം ഒക്കെ കണ്ട് എന്റെ അടുത്തെത്തി. അവർ പറഞ്ഞു സാർ ഇതൊരു സ്ത്രീ ശാക്തീകരണത്തിന്റെ കഥയാണ്. ഇന്നത്തെകാലത്തും വളരെ പ്രസക്തിയുണ്ട് ഇതിനു. എനിക്കിത് ചെയ്യാൻ വളരെ താല്പര്യമുണ്ടെന്നാണ് കയാദു അറിയിച്ചത്. ഇതുകേട്ടതോടെ അതുവരെ ഉണ്ടായിരുന്ന ആശങ്കകൾ അകന്നു പോയി. അങ്ങനെ അവളെ കളരിയും മറ്റു മുറകളും പഠിപ്പിക്കാൻ വിട്ടു, പറഞ്ഞു കൊടുക്കുന്നതെല്ലാം വളരെ എളുപ്പം പഠിച്ചു ചെയ്തു. ആ കഥാപാത്രത്തെ മികച്ചതാക്കി.