10 ലക്ഷം രൂപ മഞ്ജു വാര്യർ നൽകും: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി ആദിവാസി കുടുംബങ്ങളെ വഞ്ചിച്ചുവെന്ന പരാതി ഒത്തുതീർപ്പായി

27

ആദിവാസി കുടുംബങ്ങൾക്ക് നടി മഞ്ജു വാര്യർ വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന പരാതി ഒത്തുതീർപ്പായി. 10 ലക്ഷം രൂപ സർക്കാരിന് നൽകി കോളനിയുടെ നവീകരണത്തിൽ പങ്കാളിയാകുമെന്നും ഈ വിഷയത്തിൽ ഇനിയും അപമാനം സഹിക്കാൻ വയ്യെന്നും മഞ്ജു കത്തിലൂടെ ലീഗൽ സർവീസസ് അതോറിറ്റിയെ അറിയിച്ചു.

പദ്ധതി നടപ്പക്കാനുള്ള തുക കണ്ടെത്താൻ ഒറ്റയ്ക്ക് സാധിക്കില്ലെന്നാണ് കത്തിലെ വിശദീകരണം. കോളനിയുടെ നവീകരണത്തിനായി മൂന്നര ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചെന്നും കത്തിൽ പറയുന്നു.

Advertisements

വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയെന്നും ഇതുവരെ അത് പാലിച്ചില്ലെന്നുമായിരുന്നു കോളനി നിവാസികളുടെ പരാതി.

2017 ൽ നൽകിയ വാഗ്ദാനം ഒന്നര വർഷമായിട്ടും പാലിച്ചിട്ടില്ലെന്നാണ് ആരോപണം . മഞ്ജു വാര്യരുടെ വാഗ്ദാനമുള്ളതിനാൽ ഭവനനിർമ്മാണത്തിനുള്ള സർക്കാരിൻറെ വിവിധ സഹായങ്ങൾ ലഭിക്കാതായെന്നും കോളനിക്കാർ ആരോപിച്ചിരുന്നു. ഈ കാര്യത്തിൽ ഒരു തീരുമാനമുണ്ടായില്ലെങ്കിൽ മഞ്ജു വാര്യരുടെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം ചെയ്യുമെന്നും ആദിവാസികൾ പറഞ്ഞിരുന്നു.

ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചിട്ടില്ലെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു വാര്യർ വിശദമാക്കിയിരുന്നു.

പദ്ധതിക്ക് വേണ്ടി സർവേ നടത്തിയിരുന്നു. എന്നാൽ, തനിക്ക് മാത്രം ചെയ്യാൻ കഴിയാത്തതിനാൽ സർക്കാറിൻറെ സഹായം തേടിയിരുന്നതായും മഞ്ജു വാര്യർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പരാതിയിൽ മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും മഞ്ജുവിന് വേണ്ടി വക്കീലാണ് വിശദീകരണ കത്ത് നൽകിയത്. സർക്കാർ സഹായത്തിലൂടെയെങ്കിലും കോളനിയിൽ പദ്ധതി നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നാണ് കോളനി നിവാസികൾ ഹിയറിങ്ങിന് ശേഷം പ്രതികരിച്ചത്.

Advertisement