മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ 2021 24 ഭരണസമിതി തിരഞ്ഞെടുപ്പിൽ നിന്നും നടൻ ഷമ്മി തിലകന്റെ നോമിനേഷൻ തള്ളുകയും ഇതിനെതിരെ ഷമ്മി തിലകൻ സംഘടനക്കെതിരെ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. ഭരണസമിതിയിലേക്ക് ഈ വരുന്ന ഒമ്പതിനാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
ഇപ്പോഴിതാ അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ മോഹൻലാലിൽ വിശ്വാസമുണ്ടെന്നും ഇല്ലെന്നും പറയാനാവില്ലെന്നു പറയുകയാണ് ഷമ്മി തിലകൻ. ഡൂൾ ന്യൂസുമായുള്ള അഭിമുഖത്തിലാണ് ഷമ്മി തിലകൻ തന്റെ നിലപാടുകൾ പറഞ്ഞത്.
പ്രസിഡന്റ് എന്ന നിലയിൽ മോഹൻലാലിൽ വിശ്വാസം ഉണ്ടെന്നോ ഇല്ലെന്നോ തൽക്കാലം പറയാൻ പറ്റുന്നില്ല. അതുപോലെയുള്ള എന്തെങ്കിലും പ്രവർത്തനം കണ്ടാലല്ലേ പറയാൻ പറ്റൂ. ഞാൻ ഒരു പ്രസിഡന്റായാൽ നല്ല രീതിയിൽ പ്രവർത്തിക്കുമ്പോഴാണ് ആളുകൾക്ക് എന്നിൽ വിശ്വാസമുണ്ടാകുന്നത്. ഒന്നും ചെയ്യാതെ ഒരു നിലപാടുമില്ലാതെയിരുന്നാൽ ആർക്കെങ്കിലും വിശ്വാസമുണ്ടാകുമോ എന്ന് ഷമ്മി തിലകൻ ചോദിക്കുന്നു.
തന്റെ നോമിനേഷൻ മനഃപൂർവം തള്ളിയതാണെന്നും താൻ മത്സരിക്കരുതെന്ന് ചിലർക്ക് നിർബന്ധം ഉണ്ടായിരുന്നെന്നും ഷമ്മി പറഞ്ഞിരുന്നു. അതേസമയം അമ്മയുടെ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഷമ്മിയെ വിളിച്ചാൽ കൃത്യമായി കാര്യങ്ങൾ പറയും എന്നൊരു വിശ്വാസമില്ലേ. അതുകൊണ്ടാണ് നിങ്ങൾ എന്നെ വിളിക്കുന്നത്. വ്യക്തിത്വം വ്യക്തമാകുന്ന നിലയിലുള്ള നിലപാടുകൾ കൃത്യമായി എടുക്കുമ്പോഴാണ് വിശ്വാസമുണ്ടാകുന്നത്. നാം ഒരു ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുമ്പോൾ പൊതുജനങ്ങൾക്ക് അല്ലെങ്കിൽ നമ്മെ ആശ്രയിച്ചു കഴിയുന്ന അംഗങ്ങൾക്ക് വിശ്വാസമുണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണ്.
ആ കടമയെയാണ് വിശ്വാസം എന്ന് പറയുന്നത്. അങ്ങനെയെന്തെങ്കിലും കണ്ടാലല്ലേ വിശ്വസമുണ്ടെന്ന് പറയാൻ പറ്റൂ. അതുകൊണ്ടാണ് ഉണ്ടെന്നും ഇല്ലെന്നും പറയാത്തത്. ചിലർക്കത് ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല. എനിക്ക് ഇഷ്ടപ്പെടണമെന്ന് ഞാൻ ശഠിക്കേണ്ട കാര്യമില്ല. പക്ഷേ അദ്ദേഹം ഒരു സ്ഥാനത്തിരിക്കുമ്പോൾ ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും ഷമ്മി തിലകൻ പറയുന്നു.
നമ്മുടെ അമ്മ സംഘടനയിൽ ഒരു സുതാര്യത ഈല്ലായ്മയുണ്ട്. നിങ്ങളെപ്പോലുള്ള അറിവുള്ളവർ ഇതേക്കുറിച്ച് പറഞ്ഞു തന്നാൽ നമ്മൾ അതിനുവേണ്ടിയുള്ള എല്ലാ നടപടികളും കൈക്കൊള്ളാം എന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഓഫീസിൽ ചെന്ന് ചില രേഖകളും രജിസ്റ്ററും വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പല രേഖകളും തരാൻ അവർ വിമുഖത കാണിച്ചു.
എനിക്കതിൽ കൂടുതൽ സംശയങ്ങളുണ്ടായി. തുടർന്ന് തിരുവനന്തപുരത്ത് ചെന്ന് രജിസ്ട്രാറുടെ കൈയ്യിലുണ്ട്. രജിസ്ട്രാറുടെ കൈയ്യിൽ നിന്നും വിവരാവകാശ നിയമ പ്രകാരം രേഖകൾ സംഘടിപ്പിച്ച് മോഹൻലാലിന് ഒരു റിപ്പോർട്ട് സമർപ്പിച്ചു. ആ റിപ്പോർട്ടിന്മേൽ യാതൊരു വിധ നടപടിയുമുണ്ടായില്ല. അദ്ദേഹത്തിന്റെ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി എന്നോട് ആവശ്യപ്പെട്ടതായാണ് എനിക്ക് മനസിലാക്കാൻ സാധിച്ചതെന്നും ഷമ്മി തിലകൻ പറഞ്ഞു.