മമ്മൂട്ടിയുടെ മാമാങ്കം റിലീസ് മാറ്റിയോ? പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്

31

മമ്മൂട്ടിയുടെ മാമാങ്കം റിലീസ് മാറ്റിയോ? സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന ചോദ്യമാണിത്. നേരത്തെ പ്രഖ്യാപിച്ച നവംബർ 21 ൽ നിന്ന് ചിത്രം റിലീസ് മാറ്റിയെന്നും ഡിസംബർ 12 ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റിയെന്നുമാണ് വാർത്തകൾ. എന്നാൽ ഔദ്യോഗികമായി ഇങ്ങനെ ഒരു വാർത്ത പുറത്തുവന്നിട്ടില്ല. നടൻ ഉണ്ണി മുകുന്ദന്റെ പേരിൽ റിലീസ് തിയ്യതിയുമായി ബന്ധപ്പെട്ട് ഒരു ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് താരം പറഞ്ഞത്.

റിലീസിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. സിനിമയുടെ ഔദ്യോഗിക പേജിൽ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ അറിയാമെന്നും ഉണ്ണി പറഞ്ഞു. അതേസമയം സെൻസർ വിഷയമായി ഇപ്പോൾ സിനിമയുടെ റിലീസ് തിയ്യതി ഉറപ്പിക്കാൻ കഴിയില്ലെന്ന് ചിത്രവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ ഡിസംബർ 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നത് വ്യാജ വാർത്തയാണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.

Advertisements

അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ എന്നിവരും അഭിനയിക്കുന്നുണ്ട്. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിർമ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇതോടൊപ്പം സിനിമ തുടങ്ങിയത് മുതൽ വിവാദങ്ങളും നിലനിൽക്കുന്നുണ്ട്.

സജീവ് പിള്ള എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമ എന്ന നിലയിലായിരുന്നു ചിത്രം തുടങ്ങിയത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുതൽ സംവിധായകനും നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും അതിനെ തുടർന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് എം. പത്മകുമാർ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.

Advertisement