സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഇച്ചാപ്പി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ശ്രീലക്ഷ്മി. സോഷ്യൽ മീഡിയയിൽ ഇച്ചാപ്പിക്ക് ആരാധകർ ഒട്ടനവധി ആണ്. പച്ചയായ ജീവിത യാഥാർത്യങ്ങൾ ആണ് വളരെ സാധാരണ കുടുംബത്തിൽ വളർന്നു വന്ന ശ്രീലക്ഷ്മി പങ്കുവെക്കുന്നത്.
ഇച്ചാപ്പി ദി വേൾഡ് എന്ന യൂ ട്യൂബ് ചാനൽ വഴിയും ഫോയ്‌സ്ബുക്ക് വഴിയുമാണ് ശ്രീലക്ഷ്മി ആരാധകരോട് വിശേഷങ്ങൾ പങ്കുവെക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൾ വളച്ചു കെട്ടി ഉണ്ടാക്കിയ വൈദ്യുതി കണക്ഷനോ ഗ്യാസ് അടുപ്പോ ഇല്ലാത്ത ഒരു കൊച്ചു വീട്ടിൽ ആണ് ഇച്ചാപ്പി നേരത്തെ താമസിച്ചിരുന്നത്. ജീവിതത്തിലെ കുറവുകളിലും സന്തോഷം കണ്ടെത്തി ജീവിക്കുന്ന ഇച്ചാപ്പി കാഴ്ചക്കാർക്ക് പ്രചോദനം ആയിരുന്നു.
ഇപ്പോൾ ഇതാ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയിൽ എത്തിയപ്പോൾ ശ്രീലക്ഷ്മി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അഞ്ച് വയസ്സ് വരെ രാജകുമാരിയെ പോലെയാണ് ഞാൻ ജീവിച്ചത്, അച്ഛനും അമ്മയ്ക്കും ഒപ്പം ഗുജറാത്തിൽ ആയിരുന്നു ഞങ്ങൾ.
അച്ഛന് അവിടെ സ്വന്തമായി വർക് ഷോപ്പ് എല്ലാം ഉണ്ടായിരുന്നു, അവിടെ ഒരുപാട് ജോലിക്കാരും ഉണ്ടായിരുന്നു. എനിക്ക് അഞ്ച് വയസ്സായപ്പോൾ, സ്‌കൂളിൽ ചേർക്കനായ സമയത്ത് അമ്മയ്ക്ക് ഒരു ആഗ്രഹം, അമ്മ പഠിച്ച സ്‌കൂളിൽ എന്നെയും പഠിപ്പിക്കണം എന്ന്.
അങ്ങിനെ അവിടെയുള്ളത് എല്ലാം വിറ്റുപെറുക്കി നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. സ്‌കൂളിൽ ചേരാൻ സമയം ആയതിനാൽ അച്ഛൻ ആദ്യം എന്നെയും അമ്മയെയും ട്രെയിൻ കയറ്റി വിട്ടു. അതിന് ശേഷം വർക് ഷോപ്പിന്റെ കാര്യങ്ങളെല്ലാം സെറ്റിൽ ചെയ്ത് അതുവരെ സമ്പാദിച്ചത് എല്ലാം എടുത്ത് അച്ഛൻ നാട്ടിലേക്ക് മടങ്ങി.
ട്രെയിനിൽ വച്ച് ആരോ അച്ഛനെ മയക്കി കിടത്തി പണവും സമ്പാദ്യവും എല്ലാം മോഷ്ടിച്ചു. അതോടെ അച്ഛന്റെ സമനില തെറ്റി. ലക്ഷങ്ങളോളം ആ ബാഗിൽ ഉണ്ടായിരുന്നു എന്നാണ് അച്ഛൻ പറഞ്ഞത്. അതിന് ശേഷം ബന്ധു വീട്ടിലേക്കാണ് ഞങ്ങൾ പോയത്. പക്ഷെ മനോ വിഷമത്തിൽ അച്ഛൻ ആ ത്മ ഹ ത്യ യ്ക്ക് ശ്രമിച്ചു.
അതവർക്ക് ബുദ്ധിമുട്ടായി, ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. അങ്ങിനെയാണ് ചെറിയൊരു സ്ഥലത്ത് ഷെഡ്ഡ് കെട്ടി താമസം തുടങ്ങിയത്. ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ വെള്ളവും കറണ്ടും ഒന്നും ഇല്ലാതെയാണ് ജീവിച്ചത് എങ്കിലും, ഒരിക്കലും അച്ഛനും അമ്മയും എന്നെ പട്ടിണിയ്ക്ക് ഇട്ടില്ല.
പല ജോലിയ്ക്കും അവർ രണ്ട് പേരും പോയി. അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ച് ഒരു അഞ്ച് സെന്റ് സ്ഥലം വാങ്ങി. അച്ഛനും അമ്മയും ജോലി ചെയ്ത് പൈസ ഉണ്ടാക്കി ആ സ്ഥലത്ത് ഒരു ചെറിയ വീട് വച്ചു. അതിന്റെ വാർപ്പ് ഒക്കെ കഴിഞ്ഞ സമയത്ത് അമ്മയ്ക്ക് വയ്യാതെയായി. പിന്നീട് എന്റെ യൂട്യൂബ് വരുമാനം എല്ലാം വന്നതോടെ ഞങ്ങൾ വീടിന്റെ പണി പൂർത്തിയാക്കി.
മുൻപ് സ്ഥിരമായി വീഡിയോ ചെയ്യുന്ന സമയത്ത് ഒരു ലക്ഷം രൂപ വരെ എല്ലാം വരുമാനം കിട്ടിയിരുന്നു. പരീക്ഷ ഒക്കെയായി വീഡിയോ ചെയ്യുന്നത് കുറഞ്ഞതോടെ വരുമാനവും കുറഞ്ഞു. പണ്ട് ഞങ്ങൾ ഗുജറാത്തിൽ ആയിരുന്ന സമയത്ത് നാട്ടിലേക്ക് വരുമ്പോൾ, ഗൾഫിലുള്ളവർ വരുന്നത് പോലെയായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
പക്ഷെ ഒന്നും ഇല്ലാതെ ആയപ്പോൾ ബന്ധുക്കൾക്ക് എല്ലാം ഞങ്ങൾ വലിയ ബാധ്യത ആയി. കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും എല്ലാം ഒരുപാട് അവഗണനയും പരിഹാസവും സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇച്ചാപ്പി വ്യക്തമാക്കുന്നു.