സംവിധാന സഹായിയായും ജൂനിയർ ആർട്ടിസ്റ്റായും ഒറ്റസീൻ നടനായും ദീർഘകാലം പ്രവർത്തിച്ച ഒരു നടൻ. പതുക്കെ വില്ലനാകുന്നു, സ്വഭാവനടനാവുന്നു. പിന്നെ നായകനും നിർമ്മാതാവും. ഒടുവിൽ ഇതാ ദേശീയ പുരസ്ക്കാരവും. ജോജുജോർജ് എന്ന മലയാള സിനിമാ നടൻ കഠിനാധ്വാനത്തിലൂടെ സിനിമയെ വെട്ടിപ്പിടിക്കയായിരുന്നു.
ഇപ്പോൾ ദേശീയ അവാർഡ് പുരസ്ക്കാര നിറവിൽ നിൽക്കുമ്പോഴും ഈ നടൻ വിനായാന്വിതനാവുകയാണ്. എം പത്മകുമാർ ചിത്രം ‘ജോസഫിലെ’ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയുടെ പ്രത്യേക പരാമർശം തേടിയെത്തിയതിന്റെ സന്തോഷത്തിലും, കേരളം നേരിടുന്ന പ്രളയത്തിന്റെ ആകുലതകൾ പങ്കുവക്കയാണ് നടൻ ജോജു ജോർജ്.
സുഹൃത്തുക്കളുടെയും ആരാധകരുടെയും അഭിനന്ദനങ്ങൾക്കു നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവിലെത്തിയ ജോജു, കേരളം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ ഏവരും ഒന്നിച്ചു നിൽക്കണമെന്നും അഭ്യർത്ഥിച്ചു. ബംഗളൂരുവിലാണ് താനിപ്പോൾ ഉള്ളതെന്നും പ്രളയത്തെ തുടർന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാൽ നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയാണെന്നും വ്യക്തമാക്കി.
ജോജുവിന്റെ വാക്കുക ഇങ്ങനെയാണ്. ‘അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് ഇങ്ങനൊരു അവാർഡ് കിട്ടിയിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ പറ്റിയിട്ടില്ല. ബെംഗളൂരുവിലാണ് ഇപ്പോഴുള്ളത്.
എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി. നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്.
എനിക്ക് വേഷങ്ങൾ നൽകിയ എല്ലാ സംവിധായകരോടും എന്റെ മാതാപിതാക്കളോടും എന്റെ സുഹൃത്തുക്കളോടും ഈ ലോകത്തുള്ള എന്റെ എല്ലാ ബന്ധങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. നന്ദി തന്ന എല്ലാ പ്രോത്സാഹനത്തിനും ഒരുപാട് നന്ദി. പ്രശ്നങ്ങളും വെള്ളപ്പൊക്കവും കഴിഞ്ഞ് നമുക്കെല്ലാവർക്കും ചേർന്നു പൊളിക്കാം,’- ജോജു പറഞ്ഞു.
ചെറുപ്പത്തിലേ സിനിമാ കമ്ബക്കാരനായിരുന്നു ജോജു 1995ൽ ജൂനിയർ ആർട്ടിസ്റ്റായാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇടക്ക് സംവിധാന സഹായിയുമായി. പിന്നീട് അദ്ദേഹം ചെറിയ ചില വേഷങ്ങളും വില്ലൻ റോളുകളും ചെയ്യാൻ തുടങ്ങി. അക്കാലത്തെക്കുറിച്ച് ജോജു ഇങ്ങനെയാണ് പറഞ്ഞിരുന്നുത്. ‘ആൾക്കൂട്ടത്തിലും മറ്റുമായിരുന്നു പലപ്പോഴും എന്റെ വേഷം. അടികൊണ്ട് പറന്നപോകുന്ന വില്ലന്മാരിൽ ഒരാളായിരുന്നു പലപ്പോഴും.’- പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളത്തിലാണ് മുഖം കാണാവുന്ന ഒരുവേഷം കിട്ടയത്.
പക്ഷേ പതുക്കെ ജോജുവിൻൈറയും കാലം വന്നു. 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദൻ തോട്ടം, ഉദാഹരണം സുജാത തുടങ്ങിയ സിനിമകളിൽശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. സനൽ കുമാർ ശശിധരന്റെ ചോലയിലെ നായക വേഷം അവതരിപ്പിച്ചു. ചാർളി എന്ന ചിത്രത്തിന്റെയും ഉദാഹരം സുജാതയുടെയും സഹ നിർമ്മാതാവായി.
ഒടുവിൽ എംഎം പത്മകുമാറിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജോസ്ഫ് ആണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിവിരായത്. ഇതിലെ ജോജുവിന്റെ അഭിനയം വ്യാപകമായി പ്രകീർത്തിക്കപ്പെട്ടു. മുരളിയും മറ്റും ഇട്ടിട്ടുപോയ ആ കസേര ജാജുവിന് ഉള്ളതാണെന്ന് നിരൂപകർ ചൂണ്ടിക്കാട്ടി. നിയന്ത്രിതാഭിനയത്തിന്റെ മാസ്മരികത ഈ അഭിനയത്തെ പലരും വിശേഷിപ്പിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി. ചോല, ജോസഫ് എന്നിവയിലെ അഭിനയത്തിന് 2018-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച കഥാപാത്രത്തിനുള്ള പുരസ്കാരം നേടി.
1977 ഒക്ടോബർ 22 നു ത്യശ്ശൂർ ജില്ലയിലെ മാളക്കടുത്ത് കുഴൂർകുഴൂരിലാണ് ജോജുവിന്റെ ജനനം. ജോർജ്ജ് പരേതട്ടിൽ, റോസി ജോർജ്ജ് എന്നിവരാണു മാതാപിതാക്കൾ. കുഴൂർ ജി എച്ച് എസ് എസിലായിരുന്നു സ്കൂൾ പഠനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു തുടർ പഠനം. അബ്ബ ജുജുവാണു ഭാര്യ. ഇയാൻ, സാറാ, ഇവാൻ എന്നീ മൂന്ന് മക്കൾ.