ഹിറ്റ്‌മേക്കർ വിനയൻ ഒരുക്കിയ മമ്മൂട്ടി ചിത്രം ദാദാ സാഹിബിലൂടെ ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരമാണ് സനൂഷ സന്തോഷ്. പിന്നീട് മലയാളത്തിലും തമിഴിലും ഒക്കെയായി നിരവധി സിനിമകളിൽ സനൂഷ ബാലതാരമായി വേഷമിട്ടു. ഇപ്പോൾ നായികയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങുകയാണ് താരം.
മലയാളത്തിന്റെ ജനപ്രിയൻ ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് സനൂഷ നായികയായി മാറുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള സനൂഷ അവസാനമായി അഭിനയിച്ച ചിത്രം തെലുങ്ക് ചിത്രമായ ജഴ്സിയാണ്. നാനിയാണ് ചിത്രത്തിലെ നായകൻ.
മിച്ച ബാലതാരത്തിലുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും സനൂഷ നേടിയിട്ടുണ്ട്. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലൂടെ ജൂറിയുടെ പ്രത്യേക പരാമർശവും നേടിയിരുന്നു. അതേ സമയം കുറച്ചുകാലമായി സിനിമയിൽ നിന്നും വിട്ടുനിന്ന സനൂഷ ഇപ്പോൾ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സനൂഷ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിംഗിന് എതിരെ പരസ്യമായി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് സനൂഷ. മുമ്പും ഇത്തരക്കാർക്കെതിരെ സനൂഷ രംഗത്ത് എത്തിയിട്ടുണ്ട്.
തനിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിംഗിനെ കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു സനൂഷയുടെ പ്രതികരണം. തന്റെ തടിയുടെ കാര്യത്തിൽ ആരും വ്യാകുലപ്പെടേണ്ടതില്ലെന്നാണ് സനൂഷ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
ഓ യെസ്. എന്റെ തടിയെ കുറിച്ച് പരാമർശിക്കുകയും അതിനെ കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നവരോട്, ചിലപ്പോൾ എന്നെക്കാൾ കൂടുതൽ വ്യാകുലപ്പെടുന്നവരോടായി പറയുകയാണ്. സ്വീറ്റ് ഹാർട്ട്, തടി കുറയ്ക്കാനും സുന്ദരിയാകാനും മാത്രമായിട്ടല്ല ഒരാൾ നിലനിൽക്കുന്നത്.
മറ്റൊരാളെ ബോഡി ഷെയ്മിംഗ് ചെയ്യാൻ മാത്രം ചൊറി നിങ്ങൾക്കുണ്ടെങ്കിൽ, രണ്ട് വിരലുകൾ ചൂണ്ടുമ്പോൾ ബാക്കി മൂന്നും നിങ്ങളെ തന്നെയാണ് ചൂണ്ടുന്നതെന്ന് ഓർക്കുക. നിങ്ങളും പെർഫെക്ട് അല്ലെന്ന് ഓർക്കുക എന്നായിരുന്നു സനൂഷ വ്യക്തമാക്കിയത്.