പണമില്ല, പുതിയ പ്രോജക്ടുകളുമില്ല, ഇങ്ങനൊരു അവസ്ഥ ജീവിതത്തിൽ ഇതാദ്യം: തുറന്നു പറഞ്ഞ് കങ്കണ റാണൗത്ത്

52

തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് കങ്കണ റാണൗത്ത്. നിരവധി ബോളിവുഡ് സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം തമിഴിലും അഭിനയിച്ചിട്ടുണ്ട്. അതേ സമയം വിവാദ പ്രസ്താവനകളിലൂടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് പാത്രമാകുന്ന നടി കൂടിയാണ് കങ്കണ.

കൊവിഡിനെപ്പറ്റിയും മറ്റും നടത്തിയ താരത്തിന്റെ അശാസ്ത്രീയ പ്രസ്താവനകളും പിന്നീടുള്ള തിരുത്തലും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ലോക്ഡൗൺ തന്നെ സാമ്പത്തികമായി തന്നെ പിന്നോട്ടടിച്ചുവെന്ന് തുറന്നു പറയുകയാണ് കങ്കണ.

Advertisements

ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന താരമെന്ന ഖ്യാതി നേടിയ നടി കൂടിയായ കങ്കണ തനിക്കിപ്പോൾ നികുതി അടയ്ക്കാൻ കൂടി കഴിയുന്നില്ലെന്നാണ് പറയുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണയുടെ വെളിപ്പെടുത്തൽ.

പുതിയ പ്രോജക്ടുകളൊന്നുമില്ലാത്തത് വരുമാനത്തെ ബാധിച്ചെന്നും വർഷാവർഷം അടയ്ക്കേണ്ട നികുതിയുടെ പകുതിയാണ് കഴിഞ്ഞവർഷം ഒടുക്കിയതെന്നും കങ്കണ പറയുന്നു. സർക്കാർ പലിശ ഈടാക്കിയാലും പ്രശ്നമില്ലെന്നും കങ്കണ പറഞ്ഞു. വരുമാനത്തിന്റെ 45 ശതമാനം നികുതി നൽകുന്നയാളാണ് ഞാൻ. ഏറ്റവും കൂടുതൽ നികുതി സർക്കാരിന് നൽകുന്ന ബോളിവുഡ് നടിയെന്ന പദവിയും എനിക്ക് സ്വന്തമാണ്.

എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്. ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തിൽ നേരിടുന്നത് കങ്കണ പറയുന്നു.
നികുതി കുടിശ്ശികയ്ക്ക് മേൽ സർക്കാർ പലിശ ഈടാക്കുന്നുണ്ടെന്നും എന്നാൽ അതിനെ താൻ പൂർണ്ണമനസ്സോടെ സ്വീകരിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

വ്യക്തിപരമായി എല്ലാവർക്കും നഷ്ടങ്ങൾ നേരിടുന്ന കാലഘട്ടമാണിതെന്നും എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും കങ്കണ പറഞ്ഞു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് കങ്കണയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Advertisement