രണ്ട് പേരും വൺലൈൻ കേട്ട് സമ്മതം മൂളിയതാണ് എന്നാൽ ചിലർ പാരയായി: ഹലോ മായാവി നടക്കാതെ പോയതിനെ പറ്റി ഷാഫിയുടെ വെളിപ്പെടുത്തൽ

41

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായക വേഷത്തിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് മായാവി. റാഫി മെക്കാർട്ടിൻ തിരക്കഥ ഒരുക്കിയ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാഫിയാണ്. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന മഹി ഇരുട്ടടി അടിക്കുന്ന മായാവി ആയി മാറിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് മായാവിയെ വരവേറ്റത്.

എന്നാൽ ഇപ്പോൾ സംവിധായകൻ ഷാഫി സിനിമയുടെ ചിത്രീകരണ കാലത്തെ രസകരമായ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ്. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയായിരുന്നു മായാവിയുടെത്. ഫ്രെയിമിൽ നഗരത്തിന്റെ അടയാളപ്പെടുത്തലും ഉണ്ടാകാൻ പാടില്ല. എന്നാൽ സിനിമ ഷൂട്ട് ചെയ്തത് എറണാകുളം നഗരത്തിലാണ് എന്നതാണ് കൗതുകം.

Advertisements

എറണാകുളത്തെ കായലും അതുപോലെ പനങ്ങാട്, കുമ്പളം തുടങ്ങി നഗരത്തിനടുത്ത സ്ഥലങ്ങളുമാണ് ലൊക്കേഷനായത്. ആറാണിമുട്ടം തറവാട്, ചാലക്കുടിയിലും വില്ലന്മാരുടെ തോട്ടപ്പള്ളി തറവാട് വൈക്കത്ത് വെച്ചും ഷൂട്ട് ചെയ്തു. തിരക്കഥ ചർച്ച നടക്കുന്ന ഒരു ദിവസം രാവിലെ ഞാൻ ചെന്നപ്പോൾ നിർണായകമായ വള്ളം മറിയുന്ന സീൻ വെട്ടി കളഞ്ഞിരിക്കുന്നു. അയ്യോ ഇതെന്താണ് വെട്ടി കളഞ്ഞതെന്ന് ഞാൻ റാഫി മെക്കാർട്ടിനോട് ചോദിച്ചു.

അത് വേണ്ടെടാ, എടുക്കാൻ ഭയങ്കര പാടായിരിക്കും എന്നായിരുന്നു മറുപടി. അയ്യോ എനിക്ക് അങ്ങനത്തെ രംഗങ്ങൾ എടുക്കാനാണ് ത്രില്ല്. എന്റെ മറുപടി കേട്ടതോടെ ആ സീൻ വീണ്ടും ഉൾപ്പെടുത്തി. സഞ്ജീവ് ശങ്കറായിരുന്നു ക്യാമറ. കൊച്ചി കായലിൽ വെച്ചായിരുന്നു വെള്ളം മറിയുന്ന സീൻ ചിത്രീകരിച്ചത്.

വള്ളം മറിഞ്ഞ് മഹി എല്ലാവരെയും രക്ഷിക്കുന്ന രംഗമാണ്. ഗോപികയ്ക്ക് കായലിൽ ഇറങ്ങാൻ ഭയങ്കര പേടിയായിരുന്നു. പൂളിൽ ഇറങ്ങാൻ പോലും പേടിയാണ്. മമ്മൂക്കയ്ക്ക് പിന്നെ കായലെങ്കിൽ കായൽ കടലെങ്കിൽ കടൽ എന്നെയുള്ളു. കാരണം അമരത്തിലൊക്കെ നമ്മൾ കണ്ടതാണ്. ഗോപികയുടെ പേടി മാറ്റാൻ സംവിധായകനും യൂണിറ്റും ആദ്യം കായലിലിറങ്ങി. അതോടെ എല്ലാവർക്കും ധൈര്യമായി.

കായലിന്റെ നടുക്ക് ചങ്ങാടം സെറ്റ് ചെയ്താണ് ആ രംഗം ചിത്രീകരിച്ചത്. പടത്തിലെ ചെറിയൊരു രംഗമാണെങ്കിലും മൂന്ന് ദിവസമെടുത്തു ചിത്രീകരിക്കാൻ. 2007 ജനുവരി 26 നാണ് റിലീസ് ഡേറ്റ് തീരുമാനിച്ചത്. ചില കാരണങ്ങളാൽ ഫെബ്രുവരി മൂന്നിലേക്ക് റിലീസ് നീട്ടി. ഷൂട്ട് കഴിഞ്ഞ് പതിനെട്ടാം ദിവസം പടത്തിന്റെ റിലീസ് ചാർട്ട് ചെയ്തു. രാവും പകലും ചെന്നൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക്.

എഡിറ്റിങ്ങിനിടെ ഒരു ദിവസം ഞാൻ തലകറങ്ങി വീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രഷർ വളരെ ഉയർന്നിരിക്കുകയാണ്. അഡ്മിറ്റ് ചെയ്യണം എന്ന് പറഞ്ഞു. ഡോക്ടറുടെ വാക്ക് കേൾക്കാതെ ഉടൻ ഡിസ്ചാർജും വാങ്ങി ഗുളികയും മേടിച്ച് ഞാൻ എഡിറ്റിങ് സ്റ്റുഡിയോയിലേക്ക് ഓടി. മായാവിയുടെ റിലീസിന് മുന്നിൽ എന്ത് പ്രഷർ. നിർമാതാവായ വൈശാഖ് രാജിന്റെ പുതിയ തിയറ്റർ ആറ്റിങ്ങലിൽ ഉദ്ഘാടനമായിരുന്നു. അവിടെ വെച്ചാണ് ഞാനും മമ്മൂക്കയും ഗോപികയുമടക്കം മായാവി റിലീസ് ഷോ കണ്ടത്.

ആദ്യ ഷോ കഴിഞ്ഞതോടെ പടം കേറി കൊളുത്തി എന്ന് മനസിലായി. എന്റെ ഒരു സിനിമ കണ്ട് സംവിധായകൻ രഞ്ജിത്തേട്ടൻ ആദ്യമായി വിളിച്ചത് മായാവിയ്ക്കാണ്. 2007 ൽ ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങളിലൊന്നായി മായാവി മാറി. ഈയിടെ എന്നെ പഠിപ്പിച്ച ഒരു അധ്യാപക എന്നെ വിളിച്ചു. ഷാഫി എനിക്ക് നിന്നോട് ഭയങ്കര ദേഷ്യമാണ്. എന്താ ടീച്ചറെ എന്ത് പറ്റിയെന്ന് ചോദിച്ചു.

നിങ്ങളുടെ മായാവി കാരണം ജീവിക്കാൻ പറ്റുന്നില്ല. എനിക്കൊരു കൊച്ചുമകനുണ്ട്. അവന് ഭക്ഷണം കഴിക്കണമെങ്കിൽ മായാവിയുടെ ഡിവിഡി ഇട്ട് കൊടുക്കണം. ഹലോ മായാവി എന്ന പേരിൽ ലാലേട്ടനെയും മമ്മൂക്കയെയും വെച്ച് സിനിമ ഞങ്ങൾ പിന്നീട് ആലോചിച്ചതാണ്. രണ്ട് പേരും വൺലൈൻ കേട്ട് സമ്മതം മൂളിയതുമാണ്. എന്നാൽ ചില ആളുകളുടെ പിടിവാശി കാരണം ആ പ്രോജക്ട് നടന്നില്ല. അല്ലെങ്കിൽ ഗംഭീര സിനിമയായി അത് മാറുമായിരുന്നു. അതുപോലെ മായാവി 2 തിരക്കഥ റെഡിയാണ്. അതും ചില ബുദ്ധിമുട്ടുകൾ വന്നതിനാൽ ചെയ്യാൻ പറ്റിയില്ലെന്നും ഷാഫി വ്യക്തമാക്കി.

Advertisement