ഇന്ത്യൻ സിനിമാലോകം ഭാഷാവ്യത്യാസമില്ലാതെ നെഞ്ചിലേറ്റുന്ന താരങ്ങളാണ് മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സുകുമാരനും മുൻകാല സൂപ്പർ നായിക അസിൻ തോട്ടുങ്കലും. ഇരുവരും മലയാള സിനിമയിലൂടെയാണ് തങ്ങളുടെ കരിയർ ആരംഭിക്കുന്നതെങ്കിലും പിന്നീട് ഇന്ത്യൻ സിനിമയിലെ തന്നെ പ്രധാനപ്പെട്ട താരങ്ങളായി മാറുകയായിരുന്നു.
അതേ സമയം സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ആയിരുന്നു അസിൻ വിവാഹിതയാവുന്നത്. ഇതോടെ നടി അഭിനയത്തിന് ഇടവേള എടുക്കുകയായിരുന്നു. എന്നാൽ പൃഥ്വിരാജ് അഭിനയത്തിൽ തുടങ്ങി സംവിധാനം, നിർമ്മാണം എന്നിങ്ങനെ സിനിമയിലെ സകല മേഖലകളിലും തന്റേതായ സാന്നിധ്യം ഉറപ്പിച്ച് മുന്നേറുകയാണ്.
മികച്ച നടൻ എന്നത് പോലെ മികച്ച സംവിധായകരുടെ പട്ടികയിലും പൃഥ്വിരാജ് ഇടം പിടിച്ചിട്ടുണ്ട്. അസിന്റേയും പൃഥ്വിരാജിന്റേയും കരിയറിൽ ഒരു നിർണ്ണായക വ്യക്തിയായിരുന്നു സംവിധായകൻ ഫാസിൽ. ഇരുവരും ആദ്യം ഓഡീഷന് എത്തുന്നത് ഫാസിൽ ചിത്രത്തിന് വേണ്ടിയായിരുന്നു.
എന്നാൽ ആ ചിത്രം നടന്നില്ല. പക്ഷെ ഇവരുടെ സിനിമ കരിയറിലെ നിർണ്ണായകമായ പങ്കു വഹിക്കാൻ ഫാസിലിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ അത് വെളിപ്പെടുത്തുകയാണ് സംവിധായകൻ. ഒപ്പം നടത്താതെ പോയ പൃഥ്വിരാജ് അസിൻ ചിത്രത്തെ കുറിച്ചും അദ്ദേഹം പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ പഴയ ഓർമ്മകൾ പങ്കുകുവെച്ചത്.
ഫാസിന്റെ വാക്കുകൾ ഇങ്ങനെ:
ഇരുപതു വർഷം മുൻപാണ് ഞാൻ ഒരു സിനിമയുടെ തയാറെടുപ്പുകൾ നടത്തി പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങളെ അവതരിപ്പിക്കാൻ ആലോചന നടത്തിയ സമയം. അന്തരിച്ച നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് എന്റെ മുന്നിലെത്തിയത് അങ്ങനെയാണ്.
ഞാൻ ഓഡിഷൻ നടത്തിയെങ്കിലും അന്ന് ആ സിനിമ മുന്നോട്ടു പോയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സംവിധായകൻ രഞ്ജിത് വിളിച്ചു. പൃഥ്വിരാജിനെ ഞാൻ ഓഡിഷൻ നടത്തിയെന്നറിഞ്ഞ്, അഭിപ്രായം തിരക്കാനാണു വിളിച്ചത്. പൃഥ്വിരാജിനെ കുറിച്ചുള്ള എന്റെ നല്ല വാക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് നന്ദനം എന്ന സിനിമയിൽ പൃഥ്വിരാജ് അഭിനയിച്ചത്.
ആദ്യമായി ഓഡിഷൻ നടത്തിയ സംവിധായകൻ എന്ന നിലയിൽ, എന്നെങ്കിലും സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ എന്നെ അഭിനയിപ്പിക്കണമെന്ന ആഗ്രഹം പൃഥ്വിരാജിന് ഉണ്ടായിരുന്നു. അങ്ങനെയാണ് ലൂസിഫറിലേക്കു വിളിച്ചത്.
പൃഥ്വിരാജിനെ മാത്രമല്ല, അസിനെ കണ്ടെത്തിയതും ഫാസിലായിരുന്നു. പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അസിനെ ഓഡിഷൻ നടത്തിയെങ്കിലും ആ സിനിമ മാറ്റിവയ്‌ക്കേണ്ടി വന്നതോടെ ഇരുവരെയും ഒന്നിച്ച് അവതരിപ്പിക്കാനുള്ള അവസരം നഷ്ടമായി.
പിന്നീട് സുഹൃത്തു കൂടിയായ സംവിധായകൻ സത്യൻ അന്തിക്കാട് പുതിയ സിനിമയിൽ പുതുമുഖ നായികയെ വേണമെന്ന് പറഞ്ഞപ്പോൾ ഫാസിൽ അസിനെ ശുപാർശ ചെയ്യുകയായിരുന്നു. 2001ൽ പുറത്ത് ഇറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലാണ് അസിൻ ആദ്യമായി അഭിനയിക്കുന്നത്.
കുഞ്ചക്കോ ബോബൻ, സംയുക്ത വർമ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലും നടി സജീവമാവുകയായിരുന്നു. ഇതേ അഭിമുഖത്തിൽ തന്നെ പൃഥ്വി ലൂസിഫറിലേയ്ക്ക് അഭിനയിക്കാൻ ക്ഷണിച്ചതിനെ കുറിച്ചും ഫാസിൽ പറയുന്നുണ്ട്.
ഒരു ദിവസം പൃഥ്വിരാജ് വിളിച്ചു. ലൂസിഫർ എന്ന സിനിമ സംവിധാനം ചെയ്യുന്ന കാര്യം പറയാനായിരുന്നു ആ വിളി. പക്ഷേ, മറ്റൊരാവശ്യം കൂടി പൃഥ്വി പറഞ്ഞു. സാർ എന്റെ സിനിമയിൽ അഭിനയിക്കണം. സാറിനു മാത്രം ചെയ്യാൻ കഴിയുന്നൊരു റോളുണ്ട് സിനിമയിൽ.
ലൂസിഫറിൽ ഫാദർ നെടുമ്പള്ളി എന്ന കഥാപാത്രത്തെയായിരുന്നു ഫാസിൽ അവതരിപ്പിച്ചത്. ലൂസിഫറിന് ശേഷം മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഫാസിൽ അഭിനയിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ ലാലിനോടൊപ്പം കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല.
Also Read
താൻ നെഗറ്റീവ്‌സിനെ ഇഷ്ടപ്പെടുന്നു ; തന്റെ യൂട്യൂബ് മാസവരുമാനം വെളിപ്പെടുത്തി അഞ്ജിത നായർ
പകരം മകൻ പ്രണവിനൊപ്പമായിരുന്നു ഫാസിൽ അഭിനയിച്ചത്. 1972 ൽ പുറത്ത് ഇറങ്ങിയ ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലാണ് ഫാസിൽ ആദ്യമായി മുഖം കാണിക്കുന്നതെന്ന് സംവിധായകൻ പറയുന്നുണ്ട്. നെടുമുടി വേണുവിന് ഒപ്പമായിരുന്നു അഭിനയിച്ചത്. ഡയലോഗും കഥാപാത്രങ്ങൾക്ക് പേരും ഇല്ലായിരുന്നു. ഒരു പാട്ടു രംഗത്തിൽ ഏതാനും സീനുകളിൽ മാത്രമാണ് ഇരുവരും അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.