മലയാളത്തിന്റെ പ്രിയതാരം ജയറാമിന്റെ മകനും അറിയപ്പെടുന്ന യുവനടനുമാണ് കാളിദാസ് ജയറാം. ബാല താരമായി എത്തി പിന്നീട് നായകകവേഷത്തിലേക്കെത്തിയ കാളിദാസ് തമിഴിലും അഭിനയിച്ചുകഴിഞ്ഞു. പാവൈകളികളിലെ കാളിദാസിന്റെ അഭിനയത്തിന് കൈയ്യടിക്കുകയാണ് സിനിമാ ലോകം ഇപ്പോൾ.
ഇപ്പോഴിതാ തമിഴകത്തിന്റെ സൂപ്പർതാരം ദളപതി വിജയിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് കാളിദാസ്. താരം തന്നെയാണ് മാസ്റ്ററെ കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്.
കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ സംഭവിക്കുന്നത് എന്നാണ് കാളിദാസ് കുറിച്ചിരിക്കുന്നത്. ഇതോടെ വിജയിയും കാളിദാസും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ പരന്നിരിക്കുകയാണ്.
കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ സംഭവിക്കുന്നത്. മാസ്റ്റർ സ്റ്റുഡന്റിനെ കണ്ടപ്പോൾ. നന്ദി വിജയ് സർ. ഇത്രയും സമയം ചിലവഴിച്ചതിന്. എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണിതെന്ന് കാളിദാസ് കുറിച്ചു.
നിരവധി പേരാണ് കാളിദാസിന് ആശംസകളുമായി എത്തുന്നത്. അതേ സമയം താരത്തിന്റെ സഹോദരി മാളവിക ജയറാമിന്റെ കമന്റും വൈറലാവുകയാണ്. ഇതിന് നിന്നോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല എന്നാണ് മാളവിക കുറിച്ചത്.
വിജയ് ചിത്രം റിലീസിന് ഒരുങ്ങവെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. ജനുവരി 13 ന് പൊങ്കൽ റിലീസായാണ് ചിത്രം തീയെറ്ററിൽ എത്തുന്നത്. കഴിഞ്ഞ വർഷം കാളിദാസിന്റെ ലക്കി ഇയറായിരുന്നു.
ലോക്ഡൗൺ കാലത്ത് കാളിദാസ് അഭിനയിച്ച പാവകഥകൾ, പുത്തൻ പുതു കാലൈ എന്നീ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടി. പാവകഥകളിൽ ട്രാൻസ് വ്യക്തിയായെത്തി താരം അതിശയിപ്പിച്ചിരുന്നു.
അതേസമയം, ജാക്ക് ആൻഡ് ജിൽ, ബാക്ക്പാക്കേഴ്സ് എന്നീ ചിത്രങ്ങളാണ് കാളിദാസിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ബിഗിൽ ആയിരുന്നു വിജയ്യുടെതായി ഒടുവിൽ റിലീസിന് എത്തിയ ചിത്രം. മാസ്റ്ററിന്റെ റിലീസിനായാണ് ആരാധകർ കാത്തിരിക്കുന്നത്. ജോൺ ദുരൈ എന്ന കോളേജ് പ്രൊഫസറായാണ് വിജയ് ചിത്രത്തിൽ വേഷമിടുന്നത്.