നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ മലയാളചലച്ചിത്ര രംഗത്ത് പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട് ബാലചന്ദ്രമേനോൻ.
മലയാളത്തിലെ അറിയപ്പെടുന്ന നായികമാരായ ശോഭന, പാർവതി, കാർത്തിക, ആനി, നന്ദിനി എന്നിവർ ബാലചന്ദ്ര മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്. ഇവരെല്ലാം പിന്നീടു മലയാള സിനിമയിലെ മുൻനിര നായികമാരായി മാറുകയായിരുന്നു.
അതേ സമയം താൻ കൊണ്ടുവന്ന നായികമാരെക്കുറിച്ചുള്ള ബാലചന്ദ്രമേനോന്റെ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. താൻ നൽകിയ കഥാപാത്രങ്ങൾക്കപ്പുറം സിനിമയിൽ വേറിട്ടൊരു കഥാപാത്രം ചെയ്യാൻ അവർക്ക് സാധിച്ചില്ലെന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്.
ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇങ്ങനെ:
ഏപ്രിൽ പതിനെട്ട് എന്ന സിനിമയിൽ ഞാൻ കണ്ട് ഇഷ്ടപ്പെട്ട ശോഭനയുടെ ഒരു മുഖമുണ്ട്. ആ മുഖത്തിന്റെ മാഗ്നിഫിക്കേഷൻ ആയിരുന്നു നാഗവല്ലിയിൽ കാണാൻ സാധിച്ചത്. ഞാൻ ചില സമയത്ത് പറയാറുണ്ട്. എന്റെ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഞാൻ ഹൈലൈറ്റ് ചെയ്ത ആ ആംഗിളിന്റെ വളർച്ച മാത്രമാണ് ബാക്കി.
സംവിധായകർ അവരുടെ സിനിമയിൽ ഉപയോഗിച്ചത്. ഞാൻ കൊണ്ടു വന്ന പാർവതി പിന്നീട് പാവടയും ബ്ലൗസുമിട്ട് ശാലീന ഭംഗിയിൽ സിനിമ ചെയ്യുന്നതല്ലാതെ ഞാൻ കൊണ്ടു വന്ന ശൈലിയെ കടത്തിവെട്ടി ഒരു കഥാപാത്രം ചെയ്യാൻ അവർക്ക് സാധിച്ചിട്ടില്ല.
ഏപ്രിൽ പതിനെട്ട് എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ ശോഭനയ്ക്ക് കിട്ടിയ വലിയ ഗുണം എന്തെന്നാൽ ഞാൻ ചിത്രത്തിൽ ശോഭനയെ നായികയായി കാസ്റ്റ് ചെയ്യുമ്പോൾ അവർ പ്രായം കൊണ്ടും പരിചയം കൊണ്ടുമെല്ലാം അൺ കംഫർട്ടബിളായിരുന്നു.
പക്ഷേ ഫാസിൽ മണിച്ചിത്രത്താഴിൽ ആ കഥാപാത്രം എടുത്തു കൊടുത്തപ്പോൾ വളരെ ശക്തമായ നൃത്തച്ചുവടുകളുള്ള ശോഭനയ്ക്ക് ഒരു ഉന്മേഷം കിട്ടിയെന്നും ബാലചന്ദ്രമേനോൻ വ്യക്തമാക്കുന്നു.