നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ 50 വർഷത്തെ സിനിമാ കരിയറിന് ഇടെ നിരവധി സിനിമകൾ പലകാരണങ്ങളാൽ അദ്ദേഹം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അദ്ദേഹം ഒഴിവാക്കിയ സിനിമകൾ മറ്റു നടന്മാരുടെ കരിയറിൽ നിർണായക വഴിത്തിരിവായി മാറുകയും ചെയ്തിട്ടുണ്ട്.
സൂപ്പർതാരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, യുവതാരം പൃഥ്വിരാജ് തുടങ്ങിയവരെല്ലാം മമ്മൂട്ടി ഒഴിവാക്കിയ സിനിമകൾ ഏറ്റെടുത്ത് വമ്പൻ സൂപ്പർഹിറ്റുകൾ ആക്കിയിട്ടുമുണ്ട്. രാജാവിന്റെ മകൻ, ദേവാസുരം, ദൃശ്യം, അകലവ്യൻ, മെമ്മറീസ് എന്നിവയെല്ലാം ആ ലിസ്റ്റിൽ പെട്ട സിനിമകളാണ്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് താരരാജാവ് മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠനായി പൂണ്ടു വിളയാടിയ ദേവാസുരം എന്ന സിനിമ.
മലയാളത്തിലെ തകർപ്പൻ വിജയം നേടിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ദേവാസുരത്തിൽ പക്ഷേ മമ്മൂട്ടി ആയിരുന്നു നായകനാകേണ്ടിയിരുന്നത്. രഞ്ജിത്ത് രചന നിർവ്വഹിച്ച ഈ ചിത്രം ഐവി ശശി ആയിരുന്നു സംവിധാനം ചെയ്തത്.
ഇപ്പോഴിതാ ദേവാസുരം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നും മമ്മൂട്ടിയെ കാണാൻ രഞ്ജിത്തിനൊപ്പം മദ്രാസിൽ പോയിരുന്നുവെന്നും പറയുകയാണ് സംവിധായകൻ ഹരിദാസ്. മാസറ്റർ ബിൻ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹരിദാസ് ദേവാസുരത്തെ പറ്റി പറഞ്ഞത്.
സഹസംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ച ഹരിദാസ് ജോർജ്ജുകുട്ടി കെയർ ഓഫ് ജോർജ്ജുകട്ടി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. കിന്നരിപ്പുഴയോരം, കാട്ടിലെ തടി തേവരുടെ ആന, ഇന്ദ്രപ്രസ്ഥം, കണ്ണൂർ, ഊട്ടിപട്ടണം എന്നിവയാണ് സംവിധാനം ചെയ്ത പ്രധാനചിത്രങ്ങൾ.
ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ:
ദേവാസുരം ഞാൻ ചെയ്യേണ്ട സിനിമയായിരുന്നു. മോഹൻലാലല്ല, മമ്മൂട്ടിയായിരുന്നു നായകൻ. മമ്മൂട്ടിയോട് കഥ പറയാൻ മദ്രാസിൽ അദ്ദേഹത്തിന്റെ വീട്ടിൽ പോയതാണ്. എന്നാൽ അന്ന് അദ്ദേഹത്തിന് തിരക്കായിരുന്നു. ദേവാസുരം പിന്നീട് മുരളിയെ വെച്ച് ആലോചിച്ചു അതും നടന്നില്ല.
ദേവാസുരത്തിന്റെ ലൊക്കേഷനൊക്കെ ഞാനായിരുന്നു കണ്ടെത്തിയത്. രഞ്ജിത്ത് കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുടങ്ങിയതെന്നറിയില്ല. പിന്നീടാക്കാം എന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങൾ പിന്നീട് ഒന്നിച്ച് സിനിമ ചെയ്തെങ്കിലും അത് ഞാൻ ചോദിക്കാൻ പോയില്ല.
പിന്നീട് രഞ്ജിത്ത് വിളിച്ചു മോഹൻലാലിനെ വെച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു. ഞാനപ്പോൾ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നു ദേവാസുരം ഐവി ശശി സംവിധാനം ചെയ്യുമ്പോൾ ഞാൻ ഷൂട്ടിങ് സെറ്റിലൊക്കെ പോയിരുന്നു. ഞാനാണ് ഈ സിനിമ ചെയ്യേണ്ടിയിരുന്നതെന്ന് പറയാനൊന്നും പോയില്ല.
ദേവാസുരം ചെയ്യാൻ പറ്റാത്തതിന്റെ നിരാശ ഇപ്പോഴുമുണ്ട്. ലാലേട്ടനെ വെച്ച് ഒരു മാസ് സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി ഇപ്പോഴും കഥ കേട്ടുകൊണ്ടിരിക്കുകയാണ്. സൂപ്പർസ്റ്റാറുകളെ വെച്ച് സിനിമ ചെയ്യുമ്പോൾ ഒരുപാട് കാത്തിരിപ്പുകളുണ്ടാവും എന്നും ഹരിദാസ് വ്യക്തമാക്കുന്നു.
അതേ സമയം ഐവി ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദേവാസുരം സർവ്വകാല ഹിറ്റായി മാറിയിരുന്നു. പിന്നീട് രാവണപ്രഭു എന്ന പേരിൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു. മോഹൻലാൽ ഈ ചിത്രത്തിൽ ഇരട്ട് വേഷത്തിൽ ആണെത്തിയത്.
മംഗലശ്ശേരി നീലകണ്ഠനായും മകൻ കാർത്തികേയനായും മോഹൻ ലാൽ എത്തിയപ്പോൾ നായികയായി എത്തിയത് വസുന്ധര ദാസ് ആയിരുന്നു. മികച്ച വിജയമായിരുന്നു ഈ ചിത്രവും തിയ്യറ്ററുകളിൽ നിന്നും നേടിയെടുത്തത്.