പ്ലാൻ ചെയ്തത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയുളള ഹെവി ആക്ഷൻ രംഗങ്ങൾ, ഏആർ റഹ്മാന്റെ സംഗീതവും: മോഹൻലാലിന്റെ കാർത്തിക തിരുനാൾ കാർത്തികേയന് സംഭവിച്ചത് എന്ത്

575

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ അടക്കം നിരവധി സൂപ്പർഹിറ്രുകൽ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ടിഎസ് സുരേഷ് ബാബു. ശ്രീകുമാരൻ തമ്പി ഒരുക്കി 1979ൽ പുറത്തിറങ്ങിയ പുതിയ വെളിച്ചം എന്ന ചിത്രത്തിൽ സഹ സംവിധായകൻ ആയിട്ടായിരുന്നു ടിഎസ് സുരേഷ് ബാബു സിനിമയിൽ എത്തിയത്.

ഇപ്പോഴിതാ നടക്കാതെ പോയ ഒരു മോഹൻലാൽ ചിത്രത്തിനെ കുറിച്ച് സംവിധായകൻ. കാർത്തിക തിരുനാൾ കാർത്തികേയൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തേണ്ടിയിരുന്ന സിനിമയായിരുന്നു നടക്കാതെ പോയത്. ഓസ്‌കാർ തമിഴൻ എആർ റഹ്മാന്റെ സംഗീതവും അന്ന് സിനിമാ പിന്നണിയിലെ മികച്ച ടെക്നീഷ്യൻസിനേയും ഉൾപ്പെടുത്തിയായിരുന്നു ചിത്രം തീരുമാനിച്ചിരുന്നത്.

Advertisements

എന്നാൽ ചിത്രീകരണത്തിന് ഒരു മാസം മുമ്പ് സിനിമ മുടങ്ങി പോകുകയായിരുന്നു. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ടിഎസ് സുരേഷ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ:

ഏറെ നാളത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ വലിയ പ്രതീക്ഷകളോടെ ആരംഭിച്ചതായിരുന്നു കാർത്തിക തിരുനാൾ കാർത്തികേയൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രം. ഹെലിക്കോപ്റ്ററിൽ വന്നിറങ്ങിയുളള ഫൈറ്റ് സീനുകളോടെയാണ് ചിത്രത്തിൽ മോഹൻലാലിന്റെ ഇൻട്രോ എഴുതിയിരുന്നത്.

എആർ റഹ്മാന്റെ സംഗീതവും അന്ന് സിനിമാ പിന്നണിയിലെ മികച്ച ടെക്നീഷ്യൻസിനേയും ഉൾപ്പെടുത്തി ആയിരുന്നു ചിത്രം തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രീകരണത്തിന് ഒരു മാസം മുമ്പ് സിനിമ മുടങ്ങി പോകുകയായിരുന്നു.

മോഹൻലാലിന് ഒപ്പം ആദ്യം ചെയ്യാൻ ആലോചിച്ചത് വിക്രമാദിത്യൻ എന്നൊരു സബ്ജക്ട് ആണ്. കഥ ലാലിന് ഇഷ്ടമായി. പക്ഷെ അതിൽ വർക്ക് ചെയ്ത് ആദ്യ പകുതി ആയപ്പോഴേയ്ക്കും ഞങ്ങൾക്ക് ആ കഥയിൽ ഒരു പോരായ്മ തോന്നി. പിന്നീട് അതിൽ നിന്ന് മാറി ലാലിന് വേണ്ടി കുറച്ചധികം സബ്ജക്ടുകൾ ഞങ്ങൾ തയ്യാറാക്കി.

ഞാൻ മോഹൻലാലിനെ വിളിച്ചു, അന്ന് അദ്ദേഹം കോഴിക്കോട് രഞ്ജൻ പ്രമോദിന്റെ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ പറഞ്ഞു ലാൽ എനിക്ക് ഒരു മണിക്കൂർ തരണം. എനിക്ക് നാല് സബ്ജക്ട് പറയാനുണ്ട്. ഓരോന്നും അഞ്ച് മിനിറ്റിൽ പറയും അതിലേത് ഇഷ്ടപ്പെടുന്നോ അത് വിശദമായി പറയാം. ആന്റണി പെരുമ്പാവൂരും ഞങ്ങൾക്കൊപ്പം ഇരുന്ന് കഥ കേട്ടു. 4 സബ്ജക്ടും കേട്ടു. ഇതിലൊന്നും പെടാതെ അഞ്ചാമതായി മഹേഷ് മിത്ര 5 വരിയിൽ പറഞ്ഞ ഒരു സബ്ജക്ടാണ് ലാലിന് ഇഷ്ടമായത്.

അതിൽ കഥാപാത്രത്തെ കുറിച്ചൊരു ചെറിയ ധാരണ മാത്രമേ ഉണ്ടായിരുന്നുളളു. കാർത്തിക തിരുനാൾ കാർത്തികേയൻ എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. എനിക്കിത് മതിയെന്ന് ലാൽ ഉറച്ചുപറഞ്ഞു. ഈ പടം ഞങ്ങൾ നിർമ്മിക്കുമെന്ന് ആന്റണി പെരുമ്പാവൂരും പറഞ്ഞു. പക്ഷെ വലിയവീട്ടിൽ സിറാജിക്കയ്ക്ക് മുമ്പു കൊടുത്തിരുന്ന ഒരു വാക്ക് കാരണം ആന്റണി പെരുമ്പാവൂരിന് ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല.

എത്ര രൂപ വേണമെങ്കിലും സിനിമയ്ക്ക് വേണ്ടി മുടക്കാമെന്ന് സിറാജിക്ക വാക്കു തന്നു. ചിത്രത്തിൽ ഡെന്നിസ് തിരക്കഥാകൃത്തായി. ചിത്രത്തിൽ മോഹൻലാലിന്റെ ഇൻട്രോ പ്ലാൻ ചെയ്തിരുന്നത് ഹെലികോപ്റ്ററിലായിരുന്നു. ഹെലികോപ്റ്ററിൽ വന്നിറങ്ങിയുളള ഹെവി ആക്ഷൻ രംഗങ്ങളും ഒരു ഡാം പൊളിക്കുന്നതുമെല്ലാം സ്‌ക്രിപ്റ്റിൽ ഉണ്ടായിരുന്നു.

എന്റെ മനസിൽ ആ ഓരോ ഫ്രെയിമുകളും ഉണ്ടായിരുന്നു. അതിനിടയിൽ ലാൽ വിളിച്ച് പറഞ്ഞു, പാട്ടുകളൊക്കെ സിങ്കപ്പൂർ മലേഷ്യ എന്നിവിടങ്ങളിലായി എടുക്കാം. ഒരു രൂപ പോലും പ്രൊഡ്യൂസർ മുടക്കണ്ട. അതിനുള്ള സ്പോൺസർഷിപ്പ് റെഡിയായിട്ടുണ്ടെന്ന്.

പക്ഷെ ചിത്രീകരണം തുടങ്ങാൻ ഒരു മാസം ശേഷിക്കുമ്പോൾ ചില സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ട് സിറാജിക്കയ്ക്ക് പ്രൊജക്ടിൽ നിന്നും പിന്മാറേണ്ടിവന്നു. മോഹൻ ലാൽ ആ സിനിമയിൽ വളരെ എക്സൈറ്റഡ് ആയിരുന്നു, അദ്ദേഹത്തെ എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്ന് ഞാൻ ആശങ്കപ്പെട്ടു. സത്യൻ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയുടെ സെറ്റിലേയ്ക്ക് ഞാൻ ലാലിനെ കാണാൻ ചെന്നു.

ഞാൻ ചെല്ലുന്നത് പടം നടക്കില്ലെന്ന് പറയാനാണ്. പക്ഷെ ലാലെന്നെ കണ്ട ഉടനെ ഇത് നമ്മൾ കലക്കുമല്ലേ എന്ന് സന്തോഷത്തോടെ പറഞ്ഞ് കെട്ടിപ്പിടിച്ചു. അങ്ങനെ പല തവണ പറയാൻ കഴിയാതെ തിരിച്ചുപോന്നു. പിന്നീട് ക്ഷമ ചോദിച്ച് ലാലിനോട് ഞാൻ കാര്യം അവതരിപ്പിച്ചു. ലാലിന് വലിയ വിഷമമുണ്ടായി. സ്‌ക്രിപ്റ്റ് മോശമായതുകൊണ്ട് പടം മുടങ്ങിയെന്ന് ചില മാധ്യമങ്ങളിൽ തെറ്റായി പ്രചരിച്ചു. എന്റെ കരിയറിലെ തീരാ സങ്കടമാണ് നടക്കാതെപോയ ആ സിനിമയെന്ന് ടിഎസ് സുരേഷ് ബാബു പറയുന്നു.

Advertisement