പരസ്യരംഗത്ത് നിന്നും എത്തി ഒടിയൻ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വിഎ ശ്രീകുമാർ മേനോൻ താരരാജാവ് മോഹൻലാലിനെ നായകനാക്കി വീണ്ടും പ്രഖ്യാപിച്ച സിനിമയായിരുന്നു രണ്ടാമൂഴം. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറുമെന്ന് കരുതിയ സിനിമയായിരുന്നു എംടിയുടെ രടനയിൽ ഒരുങ്ങേണ്ടിയിരുന്ന രണ്ടാമൂഴം.
എന്നാൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് ഈ സിനിമ പ്രതിസന്ധിയിലാവുകയായിരുന്നു. വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ നിന്നും തിരക്കഥാകൃത്തായ എംടി വാസുദേവൻ നായർ പിൻവാങ്ങിയ വാർത്ത ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.
തിരക്കഥ തിരികെ വേണമെന്നും സിനിമയ്ക്കായി കൈപ്പറ്റിയ അഡ്വാൻസ് തുക തിരികെ വേണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിക്കുകയും ഒടുവിൽ തിരക്കഥ എംടിക്ക് തന്നെ തിരികെ നൽകാൻ കോടതി ഉത്തരവിടുകയും ആയിരുന്നു. ഇതോടെയാണ് രണ്ടാമൂഴത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി മാറിയത്.
അതേ സമയം രചയിതാവായ എംടി വാസദുദേവൻ നായർ മാത്രമല്ല നേരത്തെ രണ്ടാമൂഴം സിനിമയാക്കാനായി ശ്രമിച്ചവരും ഭീമനെന്ന കഥാപാത്രമായി മനസ്സിൽ കണ്ടിരുന്നതും മോഹൻലാലിനെ ആയിരുന്നുവെന്നുള്ള റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
വിഎ ശ്രീകുമാറിനും എംടിക്കും മുന്നേ ക്ലാസ്സിക് സംവിധായകരയാ ഭരതനും ഹരിഹരനുമൊക്കെ ഭീമനെ മുൻനിർത്തി ഒരു സിനിമയൊരുക്കാൻ തയ്യാറെടുത്തതായിരുന്നുവെന്നും അപ്പോഴൊക്കെ അവരുടെ മനസ്സിലേക്ക് ഓടിയെത്തിയ മുഖം മോഹൻലാലിന്റെ ആയിരുന്നുവെന്നുമാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
അന്നത് നടന്നില്ല ഇപ്പോഴിതാ ശ്രീകുമാർ മേനോന്റെ കാര്യവും അതുപോലെയായിരിക്കുകയാണ്. നോവൽ സിനിമയാക്കാൻ തീരുമാനിച്ചപ്പോഴും അത് തിരക്കഥയാക്കി മാറ്റുന്നതിനിടയിലും എംടി വാസുദേവൻ നായരുടെ മനസ്സിൽ തെളിഞ്ഞുനിന്നത് മോഹൻലാലിന്റെ മുഖമായിരുന്നു. നായകനായി അദ്ദേഹത്തെയല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ എംടിക്ക് കഴിയുമായിരുന്നില്ല.