മലയാളത്തിന്റെ കുഞ്ഞിക്കയും പാൻ ഇന്ത്യൻ സൂപ്പർതാരവുമായ ദുൽഖർ സൽമാൻ സീതാരാമം എന്ന തന്റെ പുകിയ ചിത്രത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് . റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് സീതാരാമം ആഗോള ബോക്‌സ് ഓഫിസിൽ നിന്നും നേടിയത് 30 കോടി രൂപയാണ്.
തെലുങ്ക് ഇൻഡസ്ട്രിയിൽ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം കളക്ഷൻ നേടുന്നത് ഇത് ആദ്യമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാൾ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷൻ.
സീതാരാമത്തിലൂടെ തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ. ആഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ സീതാരാമം റിലീസ് ചെയ്തത്. കേരളത്തിൽ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കിൽ മൂന്നാം ദിവസം എത്തിനിൽക്കുമ്പോൾ അത് അഞ്ഞൂറിലധികം ആയി.
തമിഴ്‌നാട്ടിൽ 200 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തിയേറ്ററുകളിൽ ആണ് പ്രദർശിപ്പിച്ചത്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സീതാരാമത്തിലൂടെ യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കി കഴിഞ്ഞു.
യുഎസ് പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്. ദുൽഖർ സൽമാൻ ലെഫ്. റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദുൽഖർ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ ഡബ്ബ് ചെയ്തിരിക്കുന്നത്.
മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത്, തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
പിഎസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിങും വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറിൽ അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.