സിനിമാ അഭിനയം ആരംഭിച്ച കാലത്ത് മെഗാസ്റ്റാർ മമ്മൂട്ടിയെ അവഹേളിച്ച ഒരു സംവിധായകൻ പിന്നീട് അദ്ദേഹത്തിന്റെ ഡേറ്റിനായി നടക്കേണ്ടി വന്നത് മാസങ്ങൾ ആയിരുന്നു. സംഭവം ഇങ്ങനെ: തന്റെ കരിയറിന്റെ തുടക്കകാലത്ത് വിൽക്കാനുണ്ട് സ്വപ്നങ്ങൾ, മേള, എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി സ്ഫോടനം എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.
അക്കാലത്തെ സൂപ്പർതാരമായ സുകുമാരാനെ നായകനാക്കി വിജയാ മൂവീസ് നിർമ്മിച്ച സ്ഫോടനത്തിന്റെ സംവിധായകൻ 80കളിലെ ഹിറ്റ്‌മേക്കർ ആയിരുന്ന പിജി വിശ്വംഭരൻ ആയിരുന്നു. പ്രേം നസീർ, ജയൻ, കമൽഹാസൻ, സോമൻ തുടങ്ങിയവരെയെല്ലാം വെച്ച് സിനിമയെടുത്ത പ്രതാപിയായ സംവിധായകൻ ആയിരുന്നു അക്കാലത്ത് പിജിവിശ്വംഭരൻ.
സ്ഫോടനത്തിൽ അഭിനയിക്കാൻ വരുമ്പോൾ മമ്മൂട്ടി തുടക്കകാരനാണ്. ചിത്രത്തിൽ മധുവും സുകുമാരനും ജയിൽ ചാടുന്ന ഒരു രംഗമുണ്ട് . അവർക്ക് അപകടം പറ്റാതിരിക്കാൻ വലിയ കനമുള്ള ഫോം ബെഡ് താഴെ വിരിച്ചിട്ടുണ്ട്. മധുവിനും സുകുമാരനും പിറകേ അതേ മതിലിൽ നിന്നും താഴേക്ക് ചാടേണ്ടത് മമ്മൂട്ടിയാണ്.
പക്ഷേ, മമ്മൂട്ടി ചാടുമ്പോൾ അപകടം വരാതിരിക്കാൻ ഒരു കരുതലുമെടുക്കാൻ സംവിധായകൻ നിർദ്ദേശിച്ചിരുന്നില്ല. പക്ഷേ ഇത് കണ്ടപ്പോൾ നായിക നടി ഷീല പിജി വിശ്വംഭരനോട് ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു. അയാളും മനുഷ്യനല്ലേ പുതിയ നടനായതുകൊണ്ടാണോ നിങ്ങൾ ബെഡ് ഇട്ട് കൊടുക്കാത്തത് എന്ന്.
അപ്പോൾ പിജിവിശ്വംഭരൻ ഷീലയോടു പറഞ്ഞു. ഇവന്മാരൊക്കെ കണക്കാ ചേച്ചി പുതിയവർക്ക് ബെഡ് ഒന്നും വേണ്ട. അവരിന്നുവരും നാളെപോകും അത്രയേയുള്ളൂ അവരുടെ സിനിമാ ആയുസ്സ്. പക്ഷേ, പിജി വിശ്വംഭരന് കാലംമറുപടി കൊടുത്തത് മമ്മൂട്ടിയെ മലയാളത്തിന്റെ മഹാനടനാക്കി പർവ്വതീകരിച്ചു കൊണ്ടായിരുന്നു.
പിന്നീട് 1989ൽ തന്റെ കാർണിവൽ എന്ന ചിത്രത്തിനു വേണ്ടി മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാൻ ഏതാണ്ട് എട്ടു മാസത്തോളമായിരുന്നു പിജി വിശ്വംഭരൻ ക്യൂവിൽ നിന്നത് എന്നതാണ് സത്യം. സർക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ ആ മമ്മൂട്ടി സിനിമ പിജി വിശ്വംഭരന്റെ എക്കാലത്തേയും ഹിറ്റുകളിൽ ഒന്നാക്കി മാറ്റി മമ്മൂട്ടി.