ശരീര ഭാരത്തിന്റേയും നിറത്തിന്റെയും പേരിൽ പരിഹാസത്തിന് ഇരയാകുന്നവർ നിരവധിയാണ്. സിനിമ പോലുള്ള ഗ്ലാമറസ് ലോകത്ത് ഇതിന്റെ അളവ് കുറച്ച് കൂടുതലായിരിക്കും. ഇരുണ്ട നിറത്തിന്റേ പേരിൽ നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവത്തെ കുറിച്ച് തമിഴ് നടി കീർത്തി പാണ്ഡ്യനും തുറന്നു പറഞ്ഞിരുന്നു.
സിനിമയിൽ അവസരം ലഭിക്കാൻ നിറം കുറഞ്ഞവർ എത്ര കഷ്ടപ്പെടണം എന്ന് വ്യക്തമാക്കുന്നതാണ് കണ്ണീരോടെയുള്ള കീർത്തിയുടെ വാക്കുകൾ. അവസരം ചോദിച്ച് സംവിധായകരെ സമീപിക്കുമ്പോൾ നിറം കുറവാണെന്നും തന്നെ പ്രേക്ഷകർക്ക് ഇഷ്ടമാവില്ലെന്നുമാണ് അവർ പറയുക.
കഴിഞ്ഞ മൂന്നര വർഷം തന്റെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലുള്ള കമന്റുകൾ കേട്ടിരുന്നതായും കീർത്തി വ്യക്തമാക്കി. തുമ്പയുടെ സംവിധായകനായ ഹരീഷാണ് തന്റെ ശരീരത്തെക്കുറിച്ച് മോശം പറയാത്ത ആദ്യ സംവിധായകനെന്നും കൂട്ടിച്ചേർത്തു.
എന്റെ ശരീര പ്രകൃതത്തെപ്പറ്റി മോശം കമന്റുകൾ പറയാത്ത ആദ്യ സംവിധായകനാണ് ഹരീഷ്. ഞാനെങ്ങനെയാണോ അതിൽ അദ്ദേഹത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു. ക്യാമറ ടെസ്റ്റിനു വിളിച്ചപ്പോഴും എന്റെ നിറമോ ആകാരമോ അദ്ദേഹത്തിന് പ്രശ്നമായി തോന്നിയല്ല.
ഇതു പറയാൻ കാരണം, ഏകദേശം മൂന്നര വർഷമായി പല സംവിധായകരും എന്റെ ആത്മവിശ്വാസം തകർക്കുന്ന തരത്തിൽ കമന്റുകൾ പറയുമായിരുന്നു. എന്നെപ്പോലെ ഇരിക്കുന്ന ഒരാളെ ആരെങ്കിലും സിനിമയിൽ കാണാൻ ഇഷ്ടപ്പെടുമോ, നിറം കുറവല്ലേ.
എന്നുള്ള ചോദ്യങ്ങളായിരുന്നു അവസരങ്ങൾ തേടിപ്പോയപ്പോൾ എനിക്ക് ലഭിച്ചത്. ഇങ്ങനെ ആവർത്തിച്ച് കേൾക്കേണ്ടി വന്നപ്പോൾ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്നാൽ ഹരീഷ് അങ്ങനെയായിരുന്നില്ല. എന്നോടു തടി വയ്ക്കണമെന്നോ ഏതെങ്കിലും രീതിയിൽ കാഴ്ചയിൽ മാറ്റം വരുത്തണമെന്നോ ആവശ്യപ്പെട്ടിരുന്നില്ല എന്നും കീർത്തി പറഞ്ഞു.
ഒരു അഭിനയത്രി എന്ന നിലയിൽ അദ്ദേഹത്തിന് തന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം തനിക്ക് വേണ്ടി ചെയ്ത കാര്യം ഒരിക്കലും മറക്കാനാവില്ലെന്നും കീർത്തി കൂട്ടിച്ചേർത്തു.
നടനും സംവിധായകനും നിർമാതാവുമായ അരുൺ പാണ്ഡ്യന്റെ മകളാണ് കീർത്തി. മോഹൻലാൻ ചിത്രം ശ്രദ്ധയിൽ വില്ലനായും അദ്ദേഹം എത്തിയിട്ടുണ്ട്.