മലയാള സിനിമയിലെ യുവനടിയും നർത്തകിയുമായ ഉത്തര ഉണ്ണി കഴിഞ്ഞ ദിവസമാണ് വിവാഹിത ആയത്. കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ബിസിനസുകാരനായ നിതേഷാണ് ഉത്തര
ഉണ്ണിയുടെ വരൻ.
നിശ്ചയിച്ച തിയ്യതിയിൽ നിന്നും കൃത്യം ഒരു വർഷം കഴിഞ്ഞിട്ടാണ് ഇവരുടെ വിവാഹം നടന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും കൊവിഡ് മൂലം വിവാഹം നീണ്ടുപോവുക ആയിരുന്നു.
മലയാളത്തിലെ മുതിർന്ന നടിമാരിൽ ഒരാളായ ഊർമിള ഉണ്ണിയുടെ മകൾ കൂടിയാണ് ഉത്തര ഉണ്ണി. അതേസമയം വിവാഹം നീണ്ട് പോയതിനെ കുറിച്ചും, അതേ തുടർന്ന് അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ചും ഉത്തര ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിയ്ക്കുകയാണ് ഇപ്പോൾ.
ശരിക്കും തങ്ങൾ ഒന്നിക്കേണ്ടവർ അല്ലെന്ന് പോലും ചിന്തിച്ച് പോയെന്ന് താരം പറയുന്നു. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന പ്രപഞ്ച സത്യത്തിൽ ഞാനിപ്പോൾ വിശ്വസിയ്ക്കുന്നു. കഴിഞ്ഞ വർഷം ഇതേ തിയ്യതിയിൽ ഞങ്ങൾ വിവാഹിതരാവേണ്ടതായിരുന്നു.
അപ്പോഴാണ് കൊവിഡ് 19 എന്ന മഹാമാരി വന്നതും, ലോകം മുഴുവൻ അടച്ചു പൂട്ടിയതും. ഞങ്ങൾക്ക് വിഷമം തോന്നി. ക്ഷേത്രങ്ങൾ അടച്ചതോടെ സാധാരണ രീതിയിൽ വിവാഹം ചെയ്യാൻ കഴിയാത്തതിൽ നിരാശ തോന്നി. വിധിയെ പഴിച്ചു.
ഞങ്ങൾ പരസ്പരം ഒന്നിക്കാൻ പാടില്ലാത്തതിന്റെ സൂചനയാണോ ഇതൊക്കെ എന്ന് വരെ ചിന്തിച്ചു പോയി. കൃത്യം ഒരു വർഷത്തിന് ശേഷം, അതേ ദിവസം ഞങ്ങൾ നൂറ് മടങ്ങ് അധികം സന്തോഷിച്ചു. സ്‌നേഹം ഒരു പുഷ്പം പോലെ വിരിഞ്ഞു മരം പോലെ വളർന്നു വേരുകൾ പോലെ ശക്തിപ്പെട്ടു എന്ത് എപ്പോൾ സംഭവിച്ചാലും എല്ലാം നല്ലതിന് വേണ്ടി മാത്രമാണെന്നും ഉത്തര ഉണ്ണി കുറിക്കുന്നു.
അതേസമയം സെറ്റ് മുണ്ടും മുല്ലപ്പൂവുമൊക്കെ ചൂടി കേരള തനിമയിലാണ് ഉത്തര വിവാഹത്തിനെത്തിയത്. വധുവിനൊപ്പം ശ്രദ്ധേയമായി നടി സംയുക്ത വർമ്മയും ഉണ്ടായിരുന്നു. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപും കാവ്യ മാധവനും വിവാഹ റിസപ്ഷനെത്തിയിരുന്നു. ബിജു മേനോനും സംയുക്ത വർമ്മയുമായിരുന്നു റിസപ്ഷനിലെ മറ്റൊരു ആകർഷണം.