നടനായും തിരക്കഥാകൃത്തായും സംവിധായകനായും നിർമ്മാതാവുമായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ശ്രീനിവാസൻ. ഓൺസ്ക്രീനിലെന്ന പോലെ തന്നെ ഓഫ്ഫ് സ്ക്രീനിലും തനതായ നർമ്മം കൊണ്ട് ആളുകളെ ചിരിപ്പിക്കുന്ന താരം കൂടിയാണ് ശ്രീനിവാസൻ.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ശ്രീനിവാസനും തമ്മിൽ നല്ലൊരു സൗഹൃദമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു ഇരുവരും ചേർന്ന് ഒരു സിനിമ നിർമ്മിക്കാനുള്ള പരിപാടിയും ആസൂത്രണം ചെയ്തിരുന്നു. അങ്ങനെ സിനിമ നിർമ്മിക്കുവാനുള്ള ചർച്ചയ്ക്കിടയിൽ ഉണ്ടായ രസകരമായ ഒരു സംഭവം നടൻ ശ്രീനിവാസൻ പങ്കുവെച്ചു.
കൈരളി ടിവിയിലെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിലാണ് ശ്രീനിവാസൻ സിനിമ നിർമ്മിക്കുവാൻ പോയതിന്റെ അനുഭവം പങ്കുവെച്ചത്. ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ:
ഒരിക്കൽ പ്രിയദർശനും മോഹൻലാലും ശങ്കറും നിർമാതാവ് ആനന്ദുമെല്ലാം ചേർന്ന് സിനിമ നിർമിക്കാൻ തീരുമാനിച്ചു. അവരുടെ കൂടി ഞാനും പങ്കുചേർന്നു. ചിദംബരം എന്ന സിനിമയിൽ അഭിനയിച്ചതിന്റെ കാശാണ് സിനിമയ്ക്കായി ചെലവിട്ടത്. സിനിമ നിർമ്മിക്കാനുള്ള കരാറിൽ എല്ലാവരും ഒപ്പിട്ടതിനു ശേഷം ഒരു പാർട്ടി സംഘടിപ്പിച്ചു.
ആ പാർട്ടിയിലേയ്ക്ക് ഗാന്ധിമതി ബാലൻ എന്ന സിനിമ വിതരണക്കാരൻ ചാടി എണീറ്റ് കൊണ്ട് ഒരു പരാമർശം നടത്തി. ഈ നായന്മാരുടെ സംരഭം വിജയിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ബാലൻ ചിയേർസ് പറഞ്ഞത്. അപ്പോൾ പ്രിയദർശനും മണിയൻപിള്ള രാജുവും എന്നെ നോക്കി.
ആ നോട്ടത്തിന്റെ അർത്ഥം പിടികിട്ടിക്കൊണ്ട് ഞാൻ പറഞ്ഞു എന്റെ അച്ഛൻ തീയ്യനും അമ്മ നമ്പ്യാരുമാണ്. അതുകേട്ടപ്പോൾ ബാലന് ആശ്വാസമായി. നമ്പ്യാർ എന്നാൽ നായർ തന്നെയാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വീണ്ടും ചിയേർസ് പറഞ്ഞു. എന്നാൽ മോഹൻലാലിന് ഞാൻ പറഞ്ഞത് വിശ്വസിക്കാനായില്ല.
എന്റെ അമ്മ നമ്പ്യാരാണോയെന്ന് അദ്ദേഹം ആവർത്തിച്ച് ചോദിച്ചുക്കൊണ്ടേയിരുന്നു. എന്നാൽ തന്റെ അമ്മ നമ്പ്യാരല്ല എന്ന് ഇതുവരെ ആരോടും പറഞ്ഞട്ടില്ലല്ലോ എന്നായിരുന്നു തന്റെ കുഴപ്പിക്കുന്ന മറുപടിയെന്നും ശ്രീനിവാസൻ പറയുന്നു.