തന്റെ മനസിലുള്ള ഏക സൂപ്പർസ്റ്റാറിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ മുകേഷ്. കൗമുദി മൂവീസിൽ എഴുതിയ കുറിപ്പിലാണ്. സൂപ്പർസ്റ്റാറുകളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും തന്റെ മനസിലുള്ള ഏക സൂപ്പർസ്റ്റാറിനെ കുറിച്ചും തുറന്ന് പറഞ്ഞ് മുകേഷ് രംഗത്തെത്തിയത്.
ഒരുപാട് സൂപ്പർസ്റ്റാറുകളെ താൻ കണ്ടിട്ടുണ്ടെന്നും അക്കൂട്ടത്തിൽ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ രജനീകാന്ത് എന്നാണ് ഉത്തരം പറയുകയെന്നുമാണ് മുകേഷ് കൗമുദി മൂവീസിൽ എഴുതിയ കുറിപ്പിൽ പറയുന്നത്. രജനീകാന്താണ് ഏറ്റവും വലിയ സൂപ്പർ സ്റ്റാർ എന്ന് പറയാനുള്ള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ മോശം സിനിമ പോലും നൂറ് ദിവസമോടുമെന്നതാണ്.
സിനിമയുടെ കഥയും മറ്റുകാര്യങ്ങളുമൊക്കെ പിന്നീടാണ്. സ്റ്റാറിനെ കാണാൻ വേണ്ടിയാണ് പോകുന്നത്. സ്റ്റാറിൽ നിന്ന് പ്രതീക്ഷിക്കുന്നത് കിട്ടിയാൽ പ്രേക്ഷകർ ഹാപ്പി. കൂട്ടത്തിൽ കഥയും മറ്റുകാര്യങ്ങളും ഗംഭീരമായാൽ അങ്ങേയറ്റം ഹാപ്പി. സിനിമയിൽ കാണുന്ന ആളേ അല്ല രജനീകാന്തെന്നും യഥാർത്ഥത്തിൽ സിനിമയിലെ സ്‌റ്റൈൽ മന്നൻ ജീവിതത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനാണെന്നും മുകേഷ് പറയുന്നു.
കഷണ്ടി തലയും നരച്ച താടിയും സാധാരണ വേഷവുമണിഞ്ഞ് മേക്കപ്പില്ലാതെയേ സിനിമയ്ക്ക് പുറത്ത് അദ്ദേഹത്തെ കാണാൻ സാധിക്കൂ. സൂപ്പർസ്റ്റാറുകളുടെ ഇടയിൽ നിന്ന് രജനീകാന്തിനെ വേറിട്ട് നിർത്തുന്നതും ആ ലാളിത്യമാണ്. വീട്ടിൽ നിൽക്കുമ്പോൾ പോലും വിലകൂടിയ വസ്ത്രങ്ങളും മേക്കപ്പും അണിഞ്ഞ് നിൽക്കുന്നവരാണ് പല സൂപ്പർ സ്റ്റാറുകളും.
എന്നാൽ സ്വന്തം കുറവുകൾ പോലും പറയാനുള്ള മനസും വിനയവുമാണ് രജനീകാന്തിനെ രജനീകാന്താക്കുന്നത്. സിനിമാ രംഗത്ത് പ്രത്യേകിച്ചും അഭിനയ രംഗത്ത് ചെറുതും വലുതുമായി നിന്നവരുടേയും നിൽക്കുന്നവരുടേയുമായ എല്ലാവരുടേയും ആഗ്രഹം സൂപ്പർസ്റ്റാർ ആവുകയെന്നതാണ്.
അവരുടെയൊക്കെ പ്രാർത്ഥനകളിലും ആ ആഗ്രഹം പ്രതിഫലിക്കുന്നുണ്ടാവുമെന്നുറപ്പാണെന്നും മുകേഷ് പറയുന്നു. സൂപ്പർസ്റ്റാർ ആകണമെന്നതാണോ ആഗ്രഹമെന്ന് ചോദിച്ചാൽ അക്കൂട്ടത്തിൽ ഏറിയ പങ്കും പക്ഷേ, ഏയ് അങ്ങനെയൊന്നുമി’ എന്ന മറുപടിയായിരിക്കും പറയുക. ഇങ്ങനെയൊക്കെയങ്ങ് പോയാൽ മതിയെന്ന് മിക്കവരും പറയുമെങ്കിലും അത് കള്ളമാണ്.
ഏറ്റവും വലിയ മോഹമുണ്ടെങ്കിൽ മാത്രമേ എന്തെങ്കിലുമൊക്കെ ആകാൻ പറ്റൂ, അതൊരു വലിയ സത്യമാണ്. സൂപ്പർസ്റ്റാറുകളാകാനുള്ള പലരുടേയും മോഹം പലപ്പോഴും തനിക്ക് നേരിട്ടനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കുന്നു.