കോവിഡ് വ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന 200 കുടുംബങ്ങളുടെ വിശപ്പകറ്റി ബോളിവുഡ് നടി രാകുൽപ്രീത്. ദിവസവും എല്ലാനേരവും ഗുഡ്ഗാവിലെ തന്റെ വീടിന് സമീപമുള്ള ചേരിയിലെ കുടുംബങ്ങൾക്കാണ് താരം ഭക്ഷണം ഉണ്ടാക്കി നൽകുന്നത്.
തന്റെ വീട്ടിൽ തന്നെ ഭക്ഷണം ഉണ്ടാക്കിയാണ് താരവും കുടുംബവും ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ ഭക്ഷണം എത്തിക്കുമെന്നും ഒരു ദേശിയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാകുൽ വ്യക്തമാക്കി.
പെട്ടെന്നോരു ദിവസം രാജ്യം ലോക്ക്ഡൗണിലായതോടെ ചേരിയിൽ കഴിയുന്നവർ ദുരിതത്തിലായതായി രാകുലിന്റെ അച്ഛനാണ് മനസിലാക്കിയത്. തുടർന്നാണ് കഷ്ടപ്പെടുന്നവർക്ക് ഭക്ഷണം എത്തിക്കാൻ താരവും കുടുംബവും തീരുമാനിച്ചത്.
ദിവസം രണ്ട് നേരത്തെ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ലോക്ക്ഡൗൺ നീട്ടുകയാണെങ്കിൽ ഭക്ഷണ വിതരണം തുടരുമെന്നും താരം കൂട്ടിച്ചേർത്തു. ഏപ്രിൽ അവസാനം വരെ ഭക്ഷണം കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും രാകുൽ പറഞ്ഞു.
അച്ഛന്റെയും അമ്മയുടേയും പിന്തുണയില്ലാതെ തനിക്ക് ഇത് യാഥാർത്ഥ്യമാക്കാൻ സാധിക്കുമായിരുന്നില്ല എന്നാണ് താരം പറയുന്നത്. ദുരിതം അനുഭവിക്കുന്നവർക്ക് രാകുൽ ഭക്ഷണം എത്തിച്ചു നൽകുന്നത് ആരാധകർക്കിടയിലും ചർച്ചയാവുകയാണ്.
രാകുലിനെ മാതൃകയാക്കി നിരവധി ആരാധകരാണ് തെരുവിൽ കഴിയുന്നവർക്കും മറ്റും ഭക്ഷണമെത്തിക്കുന്നത്. ഇത്തരത്തിലുള്ളവരെ പ്രശംസിച്ച് രാകുൽ തന്നെ രംഗത്തെത്തുന്നുണ്ട്. ഇത് കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവനയും നൽകിയിരുന്നു.