മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി കൈയ്യടിനേടിയ കലാകാരമാരിൽ ഒരാളാണ് സെന്തിൽ കൃഷ്ണ. മലയാളത്തിന്റെ പ്രിയ നടൻ കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെയാണ് സെന്തിൽ കൃഷ്ണ ജനപ്രിയനാവുന്നത്.
നായകനായി അഭിനയിച്ചതിന് പിന്നാലെ ശക്തമായ പല കഥാപാത്രങ്ങളുമാണ് സെന്തിലിനെ തേടി എത്തിയത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ താരം വിവാഹിതനാവുകയും ചെയ്തു. കോഴിക്കോട് സ്വദേശിനിയായ അഖിലയാണ് സെന്തിലിന്റെ ഭാര്യ.കഴിഞ്ഞ വർഷം ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തു.
മകനും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് താരമിപ്പോൾ. അതേ സമയം അഖിലയെ പരിചയപ്പെട്ടത് എങ്ങനെയാണെന്ന് വെളിപ്പെടുത്തുകയാണ് സെന്തിൽ ഇപ്പോൾ. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു സെന്തിലിന്റെ തുറന്നു പറച്ചിൽ. വൈറസ് സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോൾ കണ്ട് പരിചയപ്പെട്ട ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.
ആദ്യ ലോക്ഡൗണിലാണ് കുഞ്ഞ് ജനിക്കുന്നത്. കോഴിക്കോട് ആണ് അഖിലയുടെ നാട്. അവിടെയുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിനെ ഞാൻ ആദ്യമായി എന്റെ അമ്മയ്ക്ക് കാണിച്ച് കൊടുക്കുന്നത് വീഡിയോ കോളിലൂടെയാണ്. കണ്ട ഉടനെ അമ്മ ആദ്യം വിളിച്ചത് കാശിക്കുട്ടാ എന്നായിരുന്നു.
അപ്പോൾ തന്നെ മകന്റെ ചെല്ലപ്പേരായി കാശി എന്ന് മതിയെന്ന് ഞങ്ങൾ തീരുമാനിച്ചു. ആരവ് കൃഷ്ണ എന്നാണ് യഥാർഥ പേരിട്ടത്. കുഞ്ഞ് ജനിച്ചതിന് ശേഷം ജീവിതം ഏറെ മനോഹരമായി പോവുകയാണെന്നാണ് സെന്തിൽ പറയുന്നത്. ഞങ്ങൾ രണ്ട് പേരും വലിയ സന്തോഷത്തിലാണ്. മുൻപൊക്കെ രണ്ട് ദിവസം ഷൂട്ടിങ്ങ് ഇല്ലാത്ത സമയങ്ങളിൽ ഞാൻ അവിടെ തന്നെ താമസിക്കുകയാണ് പതിവ്.
എന്നാൽ കാശിക്കുട്ടൻ ജനിച്ചതിന് ശേഷം ഒരു ദിവസം ഷൂട്ടിങ് ഇല്ലെങ്കിൽ പോലും വേഗം വീട്ടിൽ തിരിച്ചെത്തും.ആഷിക് അബുവിന്റെ വൈറസ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടക്കുകയാണ്. സിനിമയിൽ എക്സൈസ് മന്ത്രിയായി അഭിനയിച്ചത് താൻ. ഇതേ ആശുപത്രിൽ നഴ്സായി ജോലി ചെയ്യുന്ന അഖിലയെ ഷോട്ട് കഴിഞ്ഞുള്ള സമയത്താണ് പരിചയപ്പെടുന്നത്.
പിന്നീട് പല ദിവസവും പാസിംഗ് ഷോട്ട് പോലെ അഖില കടന്ന് പോയി. സിനിമയിലാണെങ്കിൽ ഉറപ്പായും ഒരു പാട്ട് വരേണ്ട സമയമാണ്. ഒരു നടനോട് തോന്നുന്ന ഇഷ്ടവും ആരാധനയും സൗഹൃദമായി വളർന്നു. പിന്നെ സൗഹൃദം പ്രണയമായി മാറി. അത് വിവാഹത്തിൽ എത്തി. പ്രതീക്ഷിക്കാതെ ആണ് ജീവിതത്തിൽ പലതും സംഭവിക്കുന്നത്. യാദൃശ്ചികമായി കാണുകയും പരസ്പരം മനസിലാക്കിയും സംസാരിച്ചും മുന്നോട്ട് പോകുമ്പോൾ തന്നെ വീട്ടുകാരോടും പറഞ്ഞിരുന്നു.
അഖിലയുടെ വീട്ടുകാർ എന്നെ കുറിച്ച് അന്വേഷിച്ചത് വിനയൻ സാറിനോട് ആയിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെ വിനയൻ സാർ എന്റെ ജീവിതം കൈപിടിച്ച് ഉയർത്തി. എല്ലാവരുടെയും ജീവിതത്തിലെ പ്രധാന മുഹൂർത്തമാണ് വിവാഹം. എന്റെ വിവാഹത്തിലും പ്രധാന പങ്കുവഹിച്ചത് വിനയൻ സാർ തന്നെയാണെന്നും സെന്തിൽ പറയുന്നു.
ഒരു സിനിമ നടനെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് സെന്തിലിന്റെ ഭാര്യ അഖില പറയുന്നത്. ഒന്ന് രണ്ട് വർഷം കഴിഞ്ഞ് വിദേശത്തേക്ക് ജോലിയ്ക്ക് പോവണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. സ്വപ്നം കാണാൻ പോലും കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ സെന്തിൽ കൃഷ്ണയുടെ ജീവിതത്തിൽ സംഭവിക്കുന്നത്.