തീയ്യറ്ററുകൾ പൂരപ്പറമ്പാക്കാൻ ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും വരും; ലേലം രണ്ടാം ഭാഗം ഉറപ്പിച്ച് സുരേഷ് ഗോപി, ആവേശംകൊണ്ട് ആരാധകർ

172

മലയാളത്തിന്റെ സൂപ്പർതാരവും ബിജെപിയുടെ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. സുരേഷ് ഗോപിയുടെ എക്കാലത്തേയും മികച്ച ആക്ഷൻ ചിത്രമായ ലേലം സിനിമയുടെ രണ്ടാം ഭാഗം എത്തുമെന്നുറപ്പായി.

1997ൽ പുറത്തിറങ്ങിയ ലേലം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. അന്ന് ചിത്രത്തിന് തിരക്കഥ എഴുതിയ രഞ്ജി പണിക്കർ തന്നെയായിരിക്കും ലേലത്തിന്റെ രണ്ടാം ഭാഗത്തിന്റേയും രചന എന്നാണ് സ്ഥിരീകരിക്കുന്ന വിവരം. രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ചിത്രം സംവിധാനം ചെയ്യും.

Advertisements

രൺജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രം രണ്ടാം വരവിനൊരുങ്ങുന്ന വിവരം ഉറപ്പു നൽകുന്നത് മറ്റാരുമല്ല, നായകൻ ആനക്കാട്ടിൽ ചാക്കോച്ചി തന്നെ സാക്ഷാൽ സുരേഷ് ഗോപി. രണ്ടാം ഭാഗത്തിന് രൺജി പണിക്കർ സ്‌ക്രിപ്റ്റ് എഴുതും. തന്റെ ഫേസ്ബുക്ക് പോസ്റ്റീലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യ സംവിധാന സംരംഭമായ കസബക്ക് മുമ്പ് രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ഈ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പേ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന പുറത്തു വന്നിരുന്നു.

23 വർഷങ്ങൾക്ക് ശേഷം ലേലത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന് സുരേഷ് ഗോപിയുടെ അച്ഛൻ കഥാപാത്രം ചെയ്ത എംജി സോമൻ, എൻഎഫ് വർഗീസ്, കൊച്ചിൻ ഹനീഫ, കെപിഎസി അസീസ്, സത്താർ, സുബൈർ, ജഗന്നാഥ വർമ്മ എന്നിങ്ങനെ പലരും ജീവിച്ചിരിപ്പില്ല. ആദ്യഭാഗത്തിൽ സുരേഷ് ഗോപിയുടെ നായികയായി വേഷമിട്ടത് നന്ദിനിയായിരുന്നു.

നിലവിൽ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. ലാൽ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേ സമയം സുരേഷ് ഗോപിയുടെ 250ാം ചിത്രമായ മാസ് പടം ഒറ്റക്കൊമ്പൻ എന്ന സിനിമയും അണിയറയിൽ പുരോഗമിക്കുന്നു. ഈ സിനിമയെ ചുറ്റിപറ്റി വലിയ വിവാദങ്ങൾ ആയിരുന്നു ഉണ്ടായത്. ടോമിച്ചൻ മുളകുപാടമാണ് ഈ സിനിമ നിർമ്മിക്കുന്നത്.

Advertisement