മലയാള സിനിമയിൽ നാൽപ്പതിലധികം വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിന് പുറമേ ബോളിവുഡിലും തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ച അദ്ദേഹം ചെയ്യാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം.
വർഷങ്ങൾക്ക് മിമ്പ് മമ്മൂട്ടിയുടെ കരിയറിൽ വഴിത്തിരിവായ ചിത്രമായിരുന്നു ന്യൂഡൽഹി. മലയാള സിനിമയിലെ ബ്ലോക്കബസ്റ്റർ വിജയമായിരുന്ന ഈ സിനിമ ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ എവർഗ്രീൻ സൂപ്പർഹിറ്റ് സംവിധായകൻ ജോഷി ആയിരുന്നു സംവിധാനം ചെയ്തത്.
ജൂബിലി ജോയ് എന്നറിയപ്പെടുന്ന ജോയ് തോമസായിരുന്നു ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ സിനിമ നിർമ്മിച്ചത്. രാഷ്ട്രീയക്കാരുടെ കുറ്റകൃത്യങ്ങൾ വെളിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടയിൽ തടവിലാക്കപ്പെടുന്ന ഡൽഹിയിലെ പത്രപ്രവർത്തകനായ കൃഷ്ണമൂർത്തിയായാണ് മമ്മൂട്ടി ഇതിൽ വേഷമിട്ടത്.
ജയിലിൽ വച്ച് കാലുകൾ നഷ്ടമാകുന്ന ജി കൃഷ്ണ മൂർത്തി എന്ന ജികെ പ്രതികാരം ചെയ്യുന്നതായിരുന്നു ന്യൂഡൽഹിയുടെ പ്രമേയം. ഇപ്പോഴിതാ കാൽ നഷ്ടപ്പെട്ട ശേഷമുള്ള കൃഷ്ണമൂർത്തിയെ അവതരിപ്പിക്കാനായി മമ്മൂട്ടി ഏറെ കഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് ജൂബിലി ജോയ്.
മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിലാണ് അദ്ദേഹം സിനിമയുടെ അണിയറ കഥകൾ പങ്കുവച്ചത്. മമ്മൂട്ടി ആ സിനിമയ്ക്ക് ഒരുപാട് കഷ്ടപ്പെട്ടു. പകൽ മുഴുവൻ ഒടിഞ്ഞ കാലിനെ പിന്തുണയ്ക്കുന്ന ഉപകരണം വെച്ച് നടക്കുന്നതുകൊണ്ട് എന്നും രാത്രിയിൽ കുഴമ്പിട്ട് തിരുമ്മേണ്ടതായി വന്നു.
ഒരുപാട് വേദന അനുഭവിച്ചാണ് മമ്മൂട്ടി ആ കഥാപാത്രം ചെയ്തത്. അദ്ദേഹം ഉൾപ്പടെ എല്ലാവരും നല്ല രീതിയിൽ സഹകരിച്ചത് കൊണ്ടാണ് അത്രയും മികച്ച ഒരു സിനിമ നടന്നതെന്നും ജൂബിലി ജോയ് വ്യക്തമാക്കുന്നു.