എത്ര തവണയാണ് താൻ നോ എന്ന് പറയുക: വെളിപ്പെടുത്തലുമായി നയൻതാര

89

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര അഭിമുഖങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും പൊതുവെ മാറി നിൽക്കുന്ന സ്വഭാവക്കാരിയാണ്. ഇപ്പോഴിതാ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ഒരു അഭിമുഖം നൽകിയിരിക്കുകയാണ് നയൻതാര.

ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയ്ക്കാണ് താരം അഭിമുഖം നൽകിയിരിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിൽ 15 വർഷത്തോളമായി നായികാ പദവിയിലിരിക്കുന്ന നയൻതാര തന്റെ സിനിമയിലെ തെരഞ്ഞെടുപ്പുകളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. താൻ മുഖ്യ കഥാപാത്രമായുള്ള സിനിമകളിൽ എല്ലാ തീരുമാനം താൻ തന്നെ എടുക്കുമെന്നും എന്നാൽ ചില സമയങ്ങളിൽ ഭർത്താക്കൻമാരോ കാമുകൻമാരോ കേന്ദ്ര കഥാപാത്രമായുള്ള കഥകളുമായി ചിലർ സമീപിക്കാറുണ്ടെന്നും അത് ആവശ്യമാണോ എന്നാണ് ഞാൻ ചോദിക്കാറുള്ളതെന്നും നയൻതാര പറയുന്നു.

Advertisements

സിനിമവിജയം തലയ്ക്കു പിടിക്കുന്ന ആളല്ല താനെന്നും യഥാർത്ഥത്തിൽ താൻ നല്ല സിനിമകൾ നൽകുന്നില്ലേ എന്നാണ് ഭയപ്പെടാറുള്ളതെന്നും നയൻതാര വ്യക്തമാക്കി. എന്തു കൊണ്ടാണ് അധികാരം പുരുഷൻമാരിൽ മാത്രം കേന്ദ്രീകൃതമായിരിക്കുന്നത്. സത്യത്തിൽ സ്ത്രീകൾക്ക് എനിക്ക് ഇതാണ് വേണ്ടതെന്നുപറയാനുള്ള ആത്മവിശ്വാസം ഇപ്പോഴും ലഭിച്ചിട്ടില്ല. അത് ലിംഗപരമായ വിഷയമല്ല പക്ഷേ ഞാൻ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ നിങ്ങൾ തിരിച്ചും ശ്രദ്ധിക്കണം നയൻതാര പറയുന്നു.

2011ൽ സിനിമയിൽ നിന്നും ഇടവേളയെടുത്ത സമയത്തെക്കുറിച്ചും നയൻതാര തുറന്നു പറഞ്ഞു. താൻ തന്റേതു മാത്രമായ ഇടത്തിലായിരുന്നന്നെന്നും താൻ അഭിനയിച്ച സിനിമകളും പാട്ടുകളും ആ സമയത്ത് താൻ കാണാറില്ലായിരുന്നെന്നാണ് ഇവർ വ്യക്തമാക്കിയത്. നായകനൊപ്പമുള്ള പ്രാധാന്യം കുറഞ്ഞ ഗ്ലാമർ റോളുകൾ ചെയ്യുന്നതിനും നയൻതാര വ്യക്തമായ ഉത്തരം നൽകി.

ചില സമയങ്ങളിൽ നമുക്ക് ഒരു ചോയിസുണ്ടാവില്ല. എത്ര തവണയാണ് താൻ നോ എന്ന് പറയുക എന്നാണ് ഇതേക്കുറിച്ച് അവർ പറഞ്ഞത്. വേണമെങ്കിൽ ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് അഭിമുഖം നൽകി എനിക്ക് വ്യക്തത വരുത്താം, പക്ഷേ ഞാൻ എന്താണ് ചിന്തിക്കുന്നത് എന്ന് ജനങ്ങളെ അറിയിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. ഞാൻ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ്.

പല സമയങ്ങളിലും മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചിട്ടുണ്ടെന്നും ഇത് തനിക്ക് കൈകാര്യം ചെയ്യാൻ പറ്റില്ലെന്നും മറിച്ച് തന്റെ ജോലി സിനിമാഭിനയം ആണെന്നും ബാക്കി സിനിമകൾ സംസാരിക്കുമെന്നും അവർ വ്യക്തമാക്കി. ഭാവിവരനായ സംവിധായകൻ വിഘ്നേഷ് ശിവനോടൊപ്പം ഭാവിയിൽ സിനിമാ നിർമാണ മേഖലയിലേക്കും കടക്കാനാഗ്രഹിക്കുന്നതായും നയൻതാര വ്യക്തമാക്കി.

Advertisement