മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി മാറ്റുകയാണ് ലോകം എമ്പാടുമുള്ള ആരാധകർ. കാഴ്ച്ചയിൽ ഇന്നും ചെറുപ്പം തുളുമ്പുന്ന ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായ അദ്ദേഹത്തിന് എഴുപത്തി ഒന്ന് വയസ്സാണ്.
1951 സെപ്റ്റംബർ 7ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയിൽ ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിന് അടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത് ആയിരുന്നു അദ്ദേഹം വളർന്നത്.
അഞ്ച് പതിറ്റാണ്ടിൽ ഏറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇട നെഞ്ചിൽ ഇടംപിടിച്ച മമ്മൂക്ക ഇപ്പോഴും തന്റെ താര സിംഹാസനം കാത്ത് സൂക്ഷിക്കുകയാണ്. ചെറുപ്പം മുതൽ തന്നെ കലാരംഗത്ത് സജീവമായിരുന്നു. പഠനത്തിലും കേമനായായിരുന്ന അദ്ദേഹം കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്.
തുടർന്ന് എറണാകുളത്തെ ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം ജോലി ചെയ്തു. പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് അദ്ദേഹത്തിന്. മമ്മൂക്കക്കൊപ്പം പഠിച്ചവരിലും കൂടെ അഭിനയിച്ച വരിലും പ്രായത്തിന്റെ അടയാളങ്ങൾ തെളിഞ്ഞ് വരുമ്പേൾ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ചെറുപ്പത്തിന്റെ ചുറുചുറുക്കിൽ ആരാധകരെ വിസ്മയിപ്പിക്കുകയാണ്.
71 ന്റെ നിറവിലും പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും ഏൽക്കാതെ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. 1971 സത്യൻ നായകനായി എത്തിയ അനുഭവങ്ങൾ പാളിച്ചകളിലൂടെയാണ് മമ്മൂട്ടി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.
പിന്നീട് 1980കളിലെ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന സിനിമയുടെ ടൈറ്റിലിൽ മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിഞ്ഞു. എഴുപത്തൊന്നാം വർഷത്തിൽ അൻപത്തി ഒന്ന് വർഷവും അഭിനയിച്ച മഹാ ജീവിതം. ഇന്നും നിത്യഹരിത മായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു.
ഓരോ മലയാളിയുടേയും മനസ്സിനെ തൊട്ട ഒരു കഥാപാത്രമായി ഇക്കാലം കൊണ്ട് മമ്മൂട്ടി പകർന്നാടി കഴിഞ്ഞിട്ടുണ്ട്. അഭിഭാഷകനായിരിന്നിട്ടും സിനിമയെ പ്രണയിച്ച മഹാനടൻ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളത് ആണ് ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന്
തന്റെ കുറവുകളിൽ നിന്ന് ഉയർന്ന് വന്ന അഭിനയ സുകൃതത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഇന്ന് നിറവിലാണ് ആരാധകർ. അതേ സമയംമമ്മൂക്കയെ കുറിച്ച് അദ്ദേഹത്തിനെ ഉമ്മ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എനിക്കെന്നും അവൻ മമ്മൂഞ്ഞാണ്,ഞങ്ങളുടെ വിവാഹം കഴിഞ്ഞ് അഞ്ചുകൊല്ലം മക്കൾ ഇല്ലാതിരുന്ന് കിട്ടിയ ആളാണ്.
അതുകൊണ്ട് തന്നെ അവനെ എല്ലാവരും ഒരുപാട് കൊഞ്ചിച്ച് ആണ് വളർത്തിയത്. വല്യുപ്പയും വല്യുമ്മയും ആണ് അവനെ വളർത്തിയത്. ജനിച്ച് എട്ടാം മാസത്തിൽ തന്നെ മകൻ മുലകുടി നിർത്തിയിരുന്നു എന്ന് പറയുന്ന ഉമ്മ പാലൊക്കെ അന്നേ കുടിച്ച് തീർത്തു കാരണമാകാം ഇന്ന് അവന് പാൽച്ചായ വേണ്ട കട്ടൻ മാത്രമാണ് കുടിക്കുന്നതെന്നും തമാശയായി പറയുന്നുണ്ട്.
അവൻ തന്നെയാണ് അവന്റെ ഉള്ളിലെ കഴിവ് തിരിച്ചറിഞ്ഞ്. അതിലേക്ക് തന്നെ പോയി. എന്നാൽ ബാപ്പയ്ക്ക് മകനെ ഒരു ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം. അവന്റെ എല്ലാ സിനിമകളും ഇഷ്ടമാണ് എങ്കിലും ഏറ്റവും ഇഷ്ടം തനിയാവർത്തനവും കാണാമറയത്തുമാണ്. സിനിമയ്ക്ക് വേണ്ടി മകൻ പല താഗ്യങ്ങളും സഹിച്ചിട്ടുണ്ട്.
കൊഴുവയും ചെമ്മീൻ പൊരിച്ചതുമൊക്കെ അവന് വളരെ ഇഷ്ടമായിരുന്നുവെന്നും ഉമ്മ പറയുന്നു. ഇന്നും ചിലപ്പോഴൊക്കെ അവൻ എന്നോട് ചോദിക്കാറുണ്ട്. ഉമ്മ അടുക്കളയിൽ കയറി പണ്ടത്തെ ആ രുചിയുള്ള മീൻ കറിയൊക്കെ ഉണ്ടാക്കി തരുമോയെന്ന്. ഉമ്മ എന്ന നിലയിൽ ഞാൻ ഒരിക്കലും മകന്റെ വളർച്ചയിൽ അഹങ്കരിച്ചിട്ടില്ല, അങ്ങനെയൊരുക്കലും തോന്നാൻ പാടില്ല.
എല്ലാം ദൈവനിശ്ചയം. അങ്ങനെ നടക്കുന്നു. നമ്മൾക്ക് അതിലെന്ത് പങ്ക് എന്നാണ് ഉമ്മ ചോദിക്കുന്നത്. ഇപ്പോ അവനെ അങ്ങനെ എനിക്ക് എപ്പോഴും കാണാൻ സാധിക്കുന്നില്ലല്ലോ എന്നൊരു സങ്കടം മാത്രമേയുള്ളൂ എന്നാണ് ആ ഉമ്മ പറയുന്നത്.