സുരേഷ് ഗോപി, മുകേഷ് എന്നിങ്ങനെ സിനിമ മേഖലയിൽ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ നിരവധി താരങ്ങളുണ്ട്. ഇത്തരത്തിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ രാഷ്ട്രീയത്തിലിറങ്ങുമോയെന്ന് ആരാധകർ നിരവധി തവണ ചോദിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് താരം.
തന്റെ മേഖല സിനിമയാണെന്നും ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും മഞ്ജു പറഞ്ഞു. അവസാനശ്വാസം വരെ സിനിമ ചെയ്യണം, അത്രേയുള്ളൂ. ഞാൻ ഒരു നർത്തകി കൂടിയാണ്. ഇതൊക്കെ തന്നെയാണ് എന്റെ ജീവിതം. സിനിമയും നൃത്തവും ജീവിതാവസാനം വരെ തുടരണം, വേറെ ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. രാഷ്ട്രീയത്തിൽ പ്രവേശനം ഒരിക്കലും ഉണ്ടാകില്ല. പൊതുപ്രവർത്തനം ചെയ്യാൻ രാഷ്ട്രീയം വേണമെന്നില്ല. അല്ലാതെ സ്വന്തം നിലയിൽ ചെയ്യാം. രാഷ്ട്രീയ പ്രവർത്തനമെന്നത് വലിയ ഉത്തരവാദിത്തമാണ്.
അതിന്റേതായ കഴിവു വേണം, സമയം വേണം, യോഗ്യതയും അറിവും വേണം. അതൊന്നും എനിക്കില്ല. മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് സിനിമയെയാണ്. അതാണെന്റെ സംവേദന മാദ്ധ്യമം. അഭിനയം എനിക്ക് സന്തോഷവും തൃപ്തിയും നൽകുന്നു താരം പറയുന്നു.