മലയാള സിനിമാലോകത്ത് വലുതും ചെറുതുമായ വേഷപ്പകർച്ചകളിലൂടെ ഒൻപത് വർഷമായി തിളങ്ങി നിൽക്കുന്ന താരമാണ് നടി ഷീലു എബ്രഹാം. ജയറാമിന്റെ ആടുപുലിയാട്ടം, പട്ടാഭിരാമൻ, ദിലീപ് ചിത്രം ശുഭരാത്രി എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം ഇതിനോടകം.
വളരെ ബോൾഡായ കഥാപാത്രങ്ങൾക്കും പുതിയ മാനം നൽകിയ നടി കൂടുയാണ് ഷീലു എബ്രഹാം. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പുതിയ നിയമത്തിലെ ജീനഭായ് ഐപിഎസ് പോലുള്ള കരുത്തുറ്റ വേഷങ്ങളിലൂടെ ഷീലും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷീലു തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് കിട്ടിയ സ്വീകാര്യതയാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. ഷീലു എബ്രഹാമിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിന് എന്താണിത്ര സ്വീകാര്യത എന്നതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. എന്നാൽ ആ പോസ്റ്റിന്റെ കമന്റ് ബോക്സിൽ തന്നെ ഇതിനുള്ള മറുപടിയുമുണ്ട്.
സദൃശ്യവാക്യം എന്ന ചിത്രത്തിലെ അഭിനയത്തിന് ഷീലുവിന് ലഭിച്ച അംഗീകാരമാണ് ആ പോസ്റ്റിന് ലഭിച്ച വമ്പൻ സ്വീകാര്യതയ്ക്ക് പിന്നിൽ. ഷീലു എബ്രഹാം എന്ന അഭിനേത്രിയുടെ പ്രകടനത്തെ പ്രേക്ഷകർ നെഞ്ചേറ്റിയതിന്റെ തെളിവായിരുന്നു നന്ദി എന്ന് മാത്രം കുറിച്ച താരത്തിന്റെ പോസ്റ്റ്.
ടിവിയിൽ സദൃശ്യവാക്യത്തിന്റെ പ്രീമിയർ വന്നതിന് പിന്നാലെയാണ് ഷീലു സമൂഹ മാധ്യമത്തിൽ നന്ദിയറിയിച്ച് തന്റെയൊരു ഫോട്ടോ പോസ്റ്റ ചെയ്തത്. ഞൊടിയിടയിൽ ആ പോസ്റ്റ് വൈറലാവുകയും ആറ് ലക്ഷത്തിലധികം ലൈക്കും പതിനാലായിരത്തിലധികം കമൻറുകളും 4500 ന് 4 മേൽ ഷെയറും ഇതിനോടകം ആ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.
പോസ്റ്റിന് ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തി എന്നും തന്റെ അഭിനയത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ച അഭിനന്ദനമായി ഇതിനെ കാണുന്നുവെന്നും ഷീലു ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. ഷീലുവിന്റെ വാക്കുകൾ ഇങ്ങനെ:
ചിത്രത്തിന്റെ പ്രീമിയർ ഇറങ്ങിയ ശേഷം അതിന് പ്രേക്ഷകർ തന്ന സ്വീകാര്യതയ്ക്ക് നന്ദിയറിയിച്ച് ഇട്ട പോസ്റ്റാണിത്. എന്നാൽ ഇതിനിത്ര സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ‘സദൃശ്യവാക്യം ‘എന്ന ചിത്രത്തെയും അതിലെ എന്റെ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചു എന്ന് അറിയുന്നതിൽ ഏറെ സന്തോഷമുണ്ട്.
ഒൻപത് വർഷത്തോളമായി സിനിമയിൽ ഉള്ള ആളാണ് ഞാൻ. എല്ലാത്തിനും ഒരു സമയം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ആ ഭാഗ്യം എന്നിലേക്ക് കൂടുതൽ അടുത്തു എന്നു കരുതുന്നു.’ഷീലു പറഞ്ഞു.
വിഎസ് എൽ ഫിലിംസിന്റെ ബാനറിൽ വിഎസ് ലാലൻ നിർമ്മിച്ച് പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ചിത്രമാണ് സദൃശവാക്യം 24:29.
ഷീലു നായികയായെത്തുന്ന ചിത്രം ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. മനോജ് കെ ജയൻ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, നിയാസ് ബക്കർ,ബേബി മീനാക്ഷി, അഞ്ജലി ഉപാസന, തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലർത്തിയെന്നും മുൻധാരണകളെ എല്ലാം ചിത്രം മാറ്റി മറിച്ചുവെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
ഏറെ നാളുകൾക്ക് ശേഷം സ്ത്രീ കേന്ദ്രീകൃതമായ ഒരു ഫാമിലി ത്രില്ലിംഗ് ചിത്രം കണ്ടുവെന്നും ഇത്തരമൊരു റോളിൽ ഷീലുവിനെ കണ്ടതിൽ സന്തോഷമുണ്ടെന്നും ആരാധകർ പറയുന്നു. മനോഹരമായ ഗാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫോർ മ്യൂസിക്കാണ്.
ജയറാം നായകനായ പട്ടാഭിരാമൻ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 ആണ് ഷീലുവിന്റെ പുതിയ ചിത്രം. അനൂപ് മേനോൻ, ധർമജൻ, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സെന്തിൽ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷീലു എബ്രഹാം, നൂറിൻ ഷെറീഫ് എന്നിവരാണ് നായികമാർ.