2009ൽ ഷാജി എൻ കരുണിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു കുട്ടിസ്രാങ്ക്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ചിത്രത്തിൽ കമാലിനി മുഖർജി, പദ്മപ്രിയ, മീനകുമാരി, വാഹിദ, സുരേഷ് കൃഷ്ണ, സിദ്ധിഖ് ഉൾപ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
ഇപ്പോഴിതാ കുട്ടിസ്രാങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആർട്ട് ഡയറക്ടർ അനീഷ്. മാസ്റ്റർ ബിൻ യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനീഷിന്റെ വെളിപ്പെടുത്തൽ.
മമ്മൂക്ക ഇടപെട്ടതുകൊണ്ടാണ് നഷ്ടപ്പെട്ടു എന്ന് കരുതിയ പണം തങ്ങൾക്ക് തിരികെ ലഭിച്ചതെന്ന് അനീഷ് പറയുന്നു. അനീഷിന്റെ വാക്കുകൾ ഇങ്ങനെ:
കുട്ടിസ്രാങ്കിന്റെ ചിത്രീകരണം ഏറണാകുളം, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ ഭാഗങ്ങളിലായിട്ടാണ് നടന്നത്. കാലഘട്ട ചിത്രമായതിനാൽ സെറ്റ് വർക്കുകൾ മാത്രമായിരുന്നു ചിത്രത്തിൽ. സെറ്റ് വർക്കിനുളള സാധനങ്ങൾ അക്കര നിന്നും ഇക്കരെ വരെ വളളങ്ങളിലാണ് നമ്മള് എത്തിച്ചത്.
എറണാകുളത്തു നിന്നുളള സാധനം തൃപ്പുണിത്തുറയിലെത്തിച്ച് സിനിമയുടെ ലൊക്കേഷനിലേക്ക് കൊണ്ടു പോവണം. സെറ്റ് വർക്ക് പറഞ്ഞ സമയത്ത് തീർത്തു കൊടുത്തില്ലെങ്കിൽ അതിന്റെ പെനാൽട്ടി ആർട്ട് ഡയറക്ടർക്കും അസോസിയേറ്റ് ഡയറക്ടറിനും ഉണ്ടാവും. റിലയൻസ് കമ്പനിയായിരുന്നു നിർമ്മാണം.
അങ്ങനെ പത്ത് വളളവും അതിന്റെ തുഴക്കാരെയും നമ്മള് വിളിച്ചായിരുന്നു. ആ പത്ത് വളളങ്ങളിൽ തുഴക്കാരും അത് കൂടാതെ അതിന്റെകത്ത് മുഴുൻ ആൾക്കാരെയും കയറ്റികൊണ്ട് അവിടെ വന്നു. അങ്ങനെ വന്നപ്പോ കമ്പനി പറഞ്ഞു ആ ചെലവ് കമ്പനി വഹിക്കത്തില്ല എന്ന്.
അപ്പോ അത് ആർട്ട് ഡയറക്ടറുടെയും അസോസിയേറ്റ് ഡയറക്ടറുടെയും അടുത്തെ വെക്കത്തുളളൂ.
അപ്പോ അസോസിയേറ്റിന്റെ ശമ്പളത്തിൽ നിന്നായിരുന്നു ആ എമൗണ്ട് കട്ടാവുന്നത്. അങ്ങനെ ആ ഒരു ചിത്രത്തിൽ നിന്ന് ഒരു അയ്യായിരും രൂപ കട്ടായിട്ടുണ്ട്. അന്ന് മമ്മൂക്ക ഇടപെട്ടാണ് ആ പ്രശ്നം പരിഹരിച്ചത്.
കാര്യം വളളത്തിൽ വന്ന ജനങ്ങളെല്ലാം അഭിനയിക്കാം എന്ന് പറഞ്ഞാണ് വരുന്നത്. അപ്പോ അങ്ങനെ വന്നപ്പോൾ കിട്ടാത്തതിലുള പ്രശ്നവും ബഹളവുമൊക്കെ ഉണ്ടായിരുന്നു. പിന്നെ മമ്മൂക്ക വന്നാണ് കാര്യങ്ങൾ പരിഹരിച്ചത്, അനീഷ് പറഞ്ഞു. അന്ന് ജോർജ്ജേട്ടൻ ഉണ്ടായിരുന്നു. അദ്ദേഹമൊക്കെ ഇടപെട്ടാണ് പരിഹരിച്ചത്.
മമ്മൂക്ക അങ്ങനെയുളള കാര്യങ്ങൾക്കെല്ലാം സപ്പോർട്ട് ആയിരുന്നു. പിന്നെ പെരുന്നാൾ സമയത്ത് നമുക്ക് ബിരിയാണിയൊക്കെ സെറ്റ് ചെയ്തുതരും. അതിനുളള പാത്രങ്ങളെല്ലാം നമ്മള് എടുത്തുകൊടുത്താ മതി. അപ്പോ മമ്മൂക്ക തന്നെ ബിരിയാണി സെറ്റ് ചെയ്ത് ഞങ്ങൾക്കെല്ലാം വിളമ്പി തരുമായിരുന്നു. പിന്നെ മമ്മൂക്ക സെറ്റിലുളള എല്ലാവരെയും ശ്രദ്ധിക്കാറുണ്ടെന്നും അനീഷ് വ്യക്തമാക്കുന്നു.