മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തിൽ നായികയായെത്തുന്നത് ലേഡി സൂപ്പർതാരം മഞ്ജു വാര്യരാണ്. ആദ്യമായാണ് മഞ്ജു മമ്മൂട്ടിയുടെ നായികയായെത്തുന്നത്, എന്നാൽ മമ്മൂട്ടിയുടെ നായികയായി 20 വർഷം മുൻപേ മഞ്ജു വാര്യർ അഭിനയിക്കേണ്ടിയിരുന്നതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ രാജീവ് മേനോൻ.
രാജീവ് മേനോൻ ഒരുക്കിയ തമിഴ് സൂപ്പർഹിറ്റ് ചിത്രമായ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി’ൽ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത് മഞ്ജു വാര്യരെയിരുന്നു. എന്നാൽ ഭാര്യയുടെ നിർദേശപ്രകാരമാണ് ഐശ്വര്യ റായിയെ കാസ്റ്റ് ചെയ്തതെന്നുമാണ് റിപ്പോർട്ടുകൾ.
അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. അതേ സമയം മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ വർഷമാണ് സംഭവിച്ചത്. നവാഗതനായ ജോഫിൻ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചത്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും പൂർത്തിയായിട്ടില്ല.
കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടെനിൽ മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രവും ഐശ്വര്യ റായിയുടെ മീനാക്ഷി എന്ന കഥാപാത്രവും ഇന്നും തമിഴ് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനമുള്ള കഥാപാത്രങ്ങളാണെന്നാണ് രാജീവ് മേനോൻ കുറച്ചു നാൾ മുൻപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞത്.
മമ്മൂട്ടിയുടേയും ഐശ്വര്യ റായിയുടെയും ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതിലെ ഇരുവരുമൊന്നിച്ചുള്ള വളരെ വൈകാരികമായ ഒരു പ്രണയ രംഗം ഇന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഒരു സംവിധായകനെന്ന നിലയിൽ തനിക്കു വലിയ തൃപ്തി സമ്മാനിച്ച രംഗങ്ങളിലൊന്നായിരുന്നു അതെന്നും രാജീവ് മേനോൻ പറഞ്ഞു.
മമ്മൂട്ടിയോടോപ്പം തമിഴകത്തിന്റെ തല അജിത്, ലോക സുന്ദരി ഐശ്വര്യ റായ്, പ്രശസ്ത നായിക തബു തുടങ്ങി ഒട്ടേറെ വലിയ താരങ്ങൾ അഭിനയിച്ച ഈ ചിത്രം ഇരുപതു വർഷം മുൻപാണ് റിലീസ് ചെയ്തത് പ്രശസ്ത ഛായഗ്രാഹകൻ കൂടിയായ രാജീവ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കുറച്ചു അറിയാക്കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്.