അന്ന് എന്നെ കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചു എന്തുപറ്റി നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ എന്ന്; മഹാരോഗത്തെ അതിജീവിച്ചതിനെ കുറിച്ച് നടൻ സുധീർ

35

മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരമാണ് നടൻ സുധീർ. വർഷങ്ങളായി നിരവധി സിനിമകളിലൂടേയും മറ്റും സുധീർ മലയാളികൾക്ക് മുന്നിലുണ്ട്. താൻ കാൻസറിനെ അതിജീവിച്ച കഥ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സുധീർ ഇപ്പോൾ.

മെലിഞ്ഞ് തുടങ്ങിയ ശരീരത്തെ കുറിച്ചും കാൻസറിനെ അതിജീവിച്ച് സിനിമയിൽ വീണ്ടും സജീവമായതിനെ കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം തുറന്നു പറഞ്ഞത്.

Advertisements

സുധീറിന്റെ വാക്കുകൾ ഇങ്ങനെ:

ഡ്രാക്കുള എന്ന സിനിമയ്ക്ക് വേണ്ടിയാണ് ബോഡി ബിൽഡിങ് തുടങ്ങിയത്. സിനിമ കഴിഞ്ഞിട്ടും മസിലുകളുടെ ഹരം മാറിയില്ല. വർക് ഔട്ട് ആയിരുന്നു ലഹരി. ഒരു വർഷം മുൻപാണ് കാൻസർ ബാധിക്കുന്നത്.

ആദ്യമായി ചോര കണ്ടപ്പോൾ ഹൈറേഞ്ചിലായിരുന്നു, അതുകൊണ്ട് അട്ട കടിച്ചതാണെന്ന് കരുതി. എന്നാൽ, ഇത് പിന്നീട് ആവർത്തിച്ചപ്പോഴാണ് ഡോക്ടറെ കണ്ടത്. കൊളനോസ്‌കോപ്പിയും എൻഡോസ്‌കോപ്പിയും ചെയ്യാൻ പറഞ്ഞു. ഒപ്പം കുറച്ച് മരുന്നുകളും.

പിന്നെ, ആ വഴിക്ക് പോയതേയില്ല. ടെസ്റ്റുകളോടുമുള്ള പേടിയായിരുന്നു പ്രധാന കാരണം. മമ്മൂക്ക നായകനായ മാമാങ്കം സിനിമയുടെ തിരക്കിലേക്ക് കയറിയതോടെ അസുഖമെല്ലാം മറന്നു. എന്റെ ശരീരം ഞാൻ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു.

മമ്മൂക്ക ഒരു ദിവസം ചോദിച്ചു. എന്തു പറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ? ഹേയ് ഇല്ലല്ലോ മമ്മൂക്കാ, ഇതല്ലേ മസിൽ എന്ന് പറഞ്ഞ് ഞാൻ മസിലു പെരുപ്പിക്കുമ്പോഴും എന്റെയുള്ളിലെ കാൻസർ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നുവെന്നും സുധീർ വ്യക്തമാക്കുന്നു.

വിനയൻ സംവിധാനം ചെയ്ത ഡ്രാക്കൂള എന്ന ചിത്രത്തിലെ സുധീറിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി സുധീർ നടത്തിയ മേക്കോവറും കൈയ്യടി നേടിയിരുന്നു.

Advertisement