മലയാള സിനിമയിൽ ഓണക്കാലമാണ് ഏറ്റവും മികച്ച ബിസിനസ് നടക്കുന്ന ഒരു സമയം. എല്ലാ വർഷവും ഓണത്തിന് തങ്ങളുടെ സിനിമകൾ തിയേറ്ററുകളിൽ എത്തിക്കാൻ താരങ്ങളിൽ മിക്കവരും ശ്രമിക്കാറുണ്ട്. എന്നാൽ ഒരേ താരത്തിന്റെ ഒന്നിലധികം ചിത്രങ്ങൾ ഓണത്തിന് റിലീസാകുന്നത് അപൂർവ്വമാണ്.
1986ലെ ഓണത്തിന് മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. ഫാസിൽ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നൽ സെപ്റ്റംബർ 12ന് റിലീസ് ചെയ്തു. അന്നുതന്നെ ഐവി ശശിയുടെ ആവനാഴിയും റിലീസായി.
രണ്ടുദിവസത്തിന് ശേഷം സെപ്റ്റംബർ 14ന് ജോഷിയുടെ ന്യായവിധിയും പ്രദർശനത്തിനെത്തി. മലയാളത്തിലെ ഏറ്റവും മികച്ച മൂന്ന് സംവിധായകരുടെ മൂന്ന് ചിത്രങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ. മൂന്ന് സിനിമകളിലും നായകൻ മമ്മൂട്ടിയും.
എന്തായിരിക്കും ഈ സിനിമകളുടെ വിധിയെന്നും ആർക്കായിരിക്കും വിജയം ലഭിക്കുക എന്നുമുള്ള ആകാംക്ഷയ്ക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിരാമമായി. ജോഷിയുടെ ന്യായവിധിയും ഫാസിലിന്റെ പൂവിന് പുതിയ പൂന്തെന്നലും ശരാശരി വിജയത്തിലൊരുങ്ങി. എന്നാൽ ഐവി ശശിയുടെ ആവനാഴി ബ്ലോക്ബസ്റ്ററായി.
ആവനാഴിക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടായി. പൂവിന് പുതിയ പൂന്തെന്നലിൻറെ ക്ലൈമാക്സ് ആണ് ആ സിനിമ നല്ല രീതിയിൽ വിജയിക്കാതിരുന്നതിന് കാരണമെന്ന് മനസിലാക്കിയ ഫാസിൽ ആ ചിത്രം മറ്റ് ഭാഷകളിൽ ഒരുക്കിയപ്പോൾ ക്ലൈമാക്സിൽ മാറ്റം വരുത്തി വമ്പൻ വിജയം നേടി.