മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം സകല കളക്ഷൻ റെക്കോർഡുകളും തകർക്കുയാണ്. പണം വാരി പടങ്ങളുടെ പട്ടികയിൽ ആദ്യ നാല് ദിവസം െകാണ്ട് മോഹൻലാലിന്റെ ലൂസിഫറിനെ ഭീഷ്മപർവം മറികടന്നെന്ന് തിയറ്റർ സംഘടന ഫിയോക് വ്യക്തമാക്കുന്നു.
ആദ്യ നാല് ദിവസങ്ങൾ കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഷെയർ നേടിയെന്ന് സംഘടനയുടെ പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കുന്നു. ഇതുവരെയുള്ള മലയാള സിനിമാ ചരിത്രത്തിൽ ഇത്തരമൊരു നേട്ടം ആദ്യമാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുൾ ആയി തുടരുകയാണ് സിനിമ. ആദ്യ നാല് ദിവസം കൊണ്ടുള്ള കളക്ഷനാണ് ലൂസിഫറിനെ മറികടന്നിരിക്കുന്നത്.
4 ദിവസം കൊണ്ട് 53 കോടി കലക്ഷൻ നേടിയതായാണ് ട്രാക്കർമാരെ ഉദ്ധരിച്ചുള്ള അനൗദ്യോഗിക കണക്ക്. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളിൽ ഭീഷ്മപർവം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തിൽ ഭീഷ്മപർവത്തിന് ഉണ്ടായിരുന്നത്. കേരളത്തിലെ തിയറ്ററുകളിലേക്ക് മമ്മൂട്ടിയുടെ ഉൽസവകാലം മടങ്ങിയെത്തുക കൂടിയാണ് ഭീഷ്മപർവത്തിലൂടെ.
ആക്ഷനും പ്രണയവും ഡ്രാമയും ഫാമിലി സെന്റിമെന്റ്‌സുമെല്ലാം ചേർന്ന കംപ്ലീറ്റ് എന്റർടെയ്‌നറായ ഭീഷ്മ പർവം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ പുത്തൻ റെക്കോർഡുകൾ എഴുതിച്ചേർക്കുകയാണ്. സിനിമയുടെ ഓസ്‌ട്രേലിയ ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരുന്നു.
ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപർവത്തിന് ലഭിച്ചതെന്ന് അണിയറക്കാർ വ്യക്തമാക്കിയിരുന്നു. അതേ സമയം കേരളത്തിൽ ഭീഷ്മ പർവ്വത്തിന്റെ വീക്കെൻഡ് കളക്ഷൻ മാത്രം റെക്കോർഡിട്ടിരിക്കുകയാണ്. വാരാന്ത്യമായപ്പോഴേക്കും 21 കോടിയാണ് ഭീഷ്മ പർവ്വം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും നേടിയിരിക്കുന്നതെന്ന് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു.
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറായിരുന്നു ഏറ്റവും കൂടുതൽ വീക്കെൻഡ് കളക്ഷൻ നേടിയ മലയാള ചിത്രം. 20 കോടി നേടിയ ലൂസിഫറിന്റെ റെക്കോർഡാണ് ഭീഷ്മ പർവ്വം മറി കടന്നത്. കേരളത്തിൽ നിന്നും മാത്രം 5.25 കോടിയാണ് ഭീഷ്മ പർവ്വത്തിന്റെ കളക്ഷൻ. ഇതോടെ ബാഹുബലി ദി കൺക്ലൂഷന്റെ റെക്കോർഡും വീണു.
2017 ൽ റിലീസ് ചെയ്ത ബാഹുബലി 5.10 കോടിയായിരുന്നു കേരളത്തിൽ നിന്നും നേടിയത്. ശനിയാഴ്ച 5.80 കോടിയാണ് ഇന്ത്യയാകെ ചിത്രത്തിന്റെ കളക്ഷൻ. വെള്ളിയാഴ്ച 5.80 കോടിയും ആദ്യ ദിനം 6.70 കോടിയും ഭീഷ്മ പർവ്വം നേടി. നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളിൽ ഏറ്റവും വലിയ വിജയം നേടുന്ന മലയാള ചിത്രമായി മാറുകയാണ് ഭീഷ്മ പർവ്വം. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം വൻഹൈപ്പോടെയാണ് തിയേറ്ററുകളിലെത്തിയത്.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ഭീഷ്മ പർവ്വത്തിൽ ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അബു സലിം, സുദേവ് നായർ, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാർ, മാല പാർവതി തുടങ്ങി വലിയ താരനിരയാണ് അണിനിരന്നിരിക്കുന്നത്.