കേരളത്തിലും നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് നടി വരലക്ഷ്മി ശരത്കുമാർ. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾ കൂടിയായ വരലക്ഷ്മി സൂപ്പർസ്റ്റാർ ശരത്കുമാറിന്റെ മകളാണ്.
താര പുത്രിയായി സിനിമയിലേക്ക് എത്തിയ വരലക്ഷ്മി ഇതിനോടകം തന്നെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ തന്റേതായ ഒരിടം തെന്നിന്ത്യൻ സിനിമാ ലോകത്ത് നേടിയെടുത്തിട്ടുണ്ട്. മികച്ചൊരു അഭിനേത്രിയാണ് താനെന്ന് വരലക്ഷ്മി തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു വരലക്ഷ്മി തന്റെ പിറന്നാൾ ആഘോഷിച്ചത്. ഇപ്പോഴിതാ വരലക്ഷ്മിയുടെ ഒരു പ്രതികരണം സോഷ്യൽ മീഡിയയുടെ കൈയ്യടി നേടുകയാണ്. പൊതുവെ നടിമാർ പലപ്പോഴും നേരിടേണ്ടി വരുന്ന ചോദ്യമാണ് എപ്പോഴാണ് വിവഹം എന്നത്.
നടന്മാരുടെ വിവാഹ ജീവിതത്തെ കറിച്ച് ആരും ഒന്നും ചോദിക്കാറില്ലെങ്കിലും നടിമാർ എപ്പോഴാണ് കല്യാണം കഴിക്കുന്നത് എന്നറിയാനായി പലർക്കും തിരക്കാണ്. അത്തരത്തിലുള്ളൊരു ചോദ്യത്തിന് വരലക്ഷ്മി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഒരു സ്വകാര്യ ആശുപത്രിയിൽ നടന്നൊരു ചടങ്ങിലായിരുന്നു സംഭവം.
ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു വരലക്ഷ്മി. പിന്നീട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം. ഇതിനിടെ ഒരു മാധ്യമപ്രവർത്തകൻ എപ്പോഴാണ് വരലക്ഷ്മിയുടെ കല്യാണം എന്ന് ചോദിക്കുകയായിരുന്നു.
മുഖത്ത് മാസ്‌ക്കുണ്ടായിരുന്നുവെങ്കിലും വരലക്ഷ്മിയുടെ വാക്കുകളിൽ നിന്നും അവരെ ആ ചോദ്യം എത്രമാത്രം അലോസരപ്പെടുത്തിയെന്ന് മനസിലാകുമായിരുന്നു. കല്യാണം എന്താ എന്തെങ്കിലും ബഹുമതിയാണോ എന്നായിരുന്നു വരലക്ഷ്മിയുടെ മറുപടി. ഇതൊരു വൃത്തികെട്ട ചോദ്യമാണെന്നും ഒരു സ്ത്രീയോട് ചോദിക്കാൻ പാടില്ലെന്നും വരലക്ഷ്മി പറഞ്ഞു.
സ്ത്രീകൾക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ടെന്നും ഇത്തരത്തിലുള്ള ചോദ്യങ്ങൾ മറ്റാരോടും ആവർത്തിക്കരുതെന്നും വരലക്ഷ്മി പറഞ്ഞു. വിവാഹം കഴിക്കുക എന്നതൊരു ബഹുമതിയല്ലെന്നും വരലക്ഷ്മി വ്യക്തമാക്കി. 2012ലാണ് വരലക്ഷ്മി സിനിമയിലെത്തുന്നത്. വരലക്ഷ്മിയുടേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.
പോടാ പോടിയായിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീട് കസബയിലൂടെ മലയാളത്തിലുമെത്തി. വിക്രം വേദ, നിബുണൻ, കാറ്റ്, മാസ്റ്റർപീസ്, സർക്കാർ, മാരി 2, സത്യ, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.