മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആറാട്ട് എന്ന ടിത്രം ഫെബ്രുവരി 18ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ നാല് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സാണ് ഉണ്ടായിരുന്നത്.
ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഇപ്പോൾ. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ:
365 ദിവസവും ഷൂട്ട് ഉള്ളവരാണ് അനൽ അരസും രവി വർമ്മയുമൊക്കെ. അവരെ നമുക്ക് റിപ്പീറ്റ് ആക്ഷനായി കിട്ടണം എന്നില്ല. അതുപോലെ നമുക്ക് നാല് ഫ്ളേവർ ലഭിക്കും എന്നതും ഒരു കാരണമാണ്. ആക്ഷൻ രംഗങ്ങളിൽ കൊറിയോ ഗ്രാഫേഴ്‌സിനെ ഏൽപ്പിച്ച് മാറിനിൽക്കുന്ന ആളല്ല താൻ.
അവരുടെ ഇൻപുട്ട് നമ്മുടേതിനേക്കാൾ നല്ലതാണെങ്കിൽ സ്വീകരിക്കുക, അങ്ങനെ വ്യക്തമായ ഒരു ധാരണയോടെ കൊറിയോഗ്രാഫേഴ്‌സും സംവിധായകരും വർക്ക് ചെയ്യുമ്പോൾ ആണ് നല്ല ആക്ഷൻ രംഗങ്ങൾ ഉണ്ടാകുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനം അമേസിംഗ് ആണ്. അത് തനിക്ക് മാത്രമല്ല, അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്ന എല്ലാവർക്കും അങ്ങനെ തന്നെയായിരിക്കും.
സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സും അതാണ് പറയുന്നത്. ആക്ഷൻ രംഗങ്ങളിൽ അദ്ദേഹത്തെ വെല്ലാൻ ഇനിയൊരാൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അടിമുടി അതിൽ ഇൻവോൾവ് ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ. എന്തോ ഒരു സൂപ്പർ നാച്ചുറൽ എബിലിറ്റി ഉണ്ട് അദ്ദേഹത്തിന്. അസാധ്യ ടൈമിംഗ് ആണ്.
ഒരു പഞ്ചിൽ തന്റെ എതിരെ നിൽക്കുന്ന ആളെ കൈ കൊണ്ട് തൊടാതെ നിർത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്ന് പറയുന്നത് അസാമാന്യമാണ്. തന്നോട് അദ്ദേഹം പറഞ്ഞത് 1300 ഓളം ഫൈറ്റ് ചെയ്തിട്ടുണ്ട് എന്നാണ്. അത്തരമൊരു ആൾക്ക് ഇതൊക്കെ കേക്ക് വാക്ക് ആണ്.
തന്റെ ആദ്യ ചിത്രമായ മാടമ്പി മുതൽ ആറാട്ട് വരെ ഒരേ പാഷനോടെ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹൻലാലിനെ സംബന്ധച്ചിടത്തോളം ഏജ് ഈസ് ജസ്റ്റ് എ നമ്പർ ആണെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.