ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിൽ താരരാജാവ് മോഹൻലാൽ എക്കാലത്തും മുൻപന്തിയിൽ നിൽക്കുന്ന സൂപ്പർതാരമാണ്. ഡ്യൂപ്പില്ലാതെ മോഹൻലാൽ അവതരിപ്പിച്ച പല സംഘട രംഗങ്ങളും ആരാധകർ ഏറ്റെടുക്കയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ മലയാളത്തിലെ ഏക്കാലത്തെയും ആക്ഷൻ സൂപ്പർസ്റ്റാറായ നടൻ ജയനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. മാതൃഭൂമി സ്റ്റാർ ആൻഡ് സ്‌റ്റൈൽ ജയൻ സ്പെഷ്യൽ പതിപ്പിന് വേണ്ടിയാണു ജയനൊപ്പമുള്ള ഓർമ്മകൾ മോഹൻലാൽ പങ്കു വെച്ചത്.
തന്റെ കരിയറിന്റെ തുടക്കകാലത്തിൽ തന്നെ ജയനൊപ്പം ഒരു ചിത്രത്തിലഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടനാണ് താനെന്നു മോഹൻലാൽ പറയുന്നു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:
തന്റെ കോളേജ് കാലത്ത് നസീർ സാറും മധു സാറുമായിരുന്നു ഹീറോകൾ, എന്നാൽ തന്റെ അരങ്ങേറ്റ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്യുന്ന സമയമായപ്പോഴേക്കും ജയൻ മലയാളത്തിലെ താരരാജാവായി മാറിയിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് ശേഷം മോഹൻലാൽ രണ്ടാമതായി അഭിനയിച്ച ചിത്രമായ സഞ്ചാരിയിലൂടെയാണ് ഇരുവരും തിരശീല പങ്കിട്ടത്. നസീറും ജയനും നായകരായ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു പ്രധാന വില്ലൻ. ഈ ചിത്രത്തിൽ മോഹൻലാലും ജയനുമൊന്നിച്ചുള്ള രണ്ടു സംഘട്ടന രംഗങ്ങളാണ് ചിത്രീകരിച്ചത്.
ത്യാഗരാജൻ മാസ്റ്റർ സംഘട്ടന സംവിധാനം നിർവഹിച്ച ആ ചിത്രത്തിലെ ആക്ഷൻ ചെയ്യുമ്പോൾ ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തെക്കുറിച്ചു പലപ്പോഴും ജയൻ ഉപദേശിച്ചു എന്നും സൂക്ഷിക്കണം അപകടം പിടിച്ച രംഗങ്ങൾ ശ്രദ്ധയോടുകൂടി ചെയ്യണം എന്നായിരുന്നു ആ ഉപദേശമെന്നും മോഹൻലാൽ പറയുന്നു.
ആ ഉപദേശം ഇന്നും താൻ ഏറെ വിലമതിക്കുന്നെന്നും മോഹൻലാൽ വെളിപ്പെടുത്തി. ഇന്നും ഡ്യൂപ്പില്ലാതെ ആക്ഷൻ ചെയ്യുന്ന മോഹൻലാൽ മലയാള സിനിമയിൽ ഏറ്റവും ഗംഭീരമായി ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന നായക നടനാണ്.
സഞ്ചാരിയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ ഒരിക്കൽ ജയനെ കാണാൻ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നപ്പോൾ മാറി നിൽക്കുകയായിരുന്ന തന്നെ ചൂണ്ടി ജയൻ പറഞ്ഞത്, പുതുമുഖമാണ്, മോഹൻലാൽ. ഈ സിനിമയിലെ വില്ലൻ നന്നായി അഭിനയിക്കുന്നുണ്ട്. വളർന്നുവരും എന്നാണെന്നും പുതുമുഖമായ തനിക്ക് ഏറെ ആത്മവിശ്വാസം പകർന്ന വാക്കുകളായിരുന്നു അതെന്നുമാണ് മോഹൻലാൽ പറയുന്നത്.