മലയാള സിനിമയിലെ യുവ സൂപ്പർതാരവും നിർമ്മാതാവും നമ്പർ വൺ സംവിധായകനും ആണ് പൃഥ്വിരാജ്. നിരവധി സൂപ്പർഹിറ്റ് മലയാളം സിനിമകളിൽ നായകനായിട്ടുള്ള പൃഥ്വി തമിഴകത്തും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച താരം കൂടിയാണ്.
നായകനായി നിരവധി സൂപ്പർഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള പൃഥ്വിരാജ് ക്ല്സ്സും മാസ്സുമായ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ലൂസീഫർ എന്ന ചിത്രം മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ്ബായി മാറിയിരുന്നു.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സ്റ്റീഫൻ നെടുമ്പുള്ളിയായി പൂന്ത് വിളയാടിയ ലൂസീഫറിന്റെ രണ്ടാം ഭാഗം എംപുരാൻ എന്ന പേരിൽ പൃഥ്വി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി തന്നെ തന്റെ രണ്ടാമത്തെ ചിത്രമായ ബ്രോഡാഡി ഒരുക്കുന്നതിന്റെ തിരക്കിലാണ് പൃഥ്വിരാജ്. ഈ സിനിമയിൽ പൃഥ്വിരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഒരു പാഠം താൻ പഠിച്ചത് തെന്നിന്ത്യൻ നടൻ അജിത് കുമാറിൽ നിന്നാണെന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്. പ്രൊഫഷണൽ ലൈഫിലെ ഏറ്റവും വലിയ പാഠം താൻ പഠിച്ചത് അജിത് എന്ന സൂപ്പർ സ്റ്റാറിൽ നിന്നാണ് എന്നും അത് ഏത് സംഭവത്തിലൂടെ ആണെന്നും പൃഥ്വിരാജ് തുറന്നു പറയുന്നു.
പൃഥ്വിരാജ് ആ സംഭവത്തെകുറിച്ച് പറയുന്നത് ഇങ്ങനെ:
വർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം. എന്റെ അടുത്ത സുഹൃത്തുക്കളായ സൂര്യയും ജ്യോതികയും വിവാഹ ശേഷം ഒരു പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. അവരുടെ ഗൃഹപ്രവേശന ചടങ്ങിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു.
കാർത്തി, മാധവൻ, അജിത് തുടങ്ങി നിരവധി പേർ ആ ചടങ്ങിനെത്തിയിരുന്നു. ഞാൻ അജിത്തുമായി അന്നാണ് ഏറ്റവും കൂടുതൽ സമയം സംസാരിച്ചത്. ലാലേട്ടൻ നായകനായ മലയാളത്തിലെ ക്ലാസിക് ചിത്രം കിരീടത്തിന്റെ റീമേക്കിൽ അജിത് അഭിനയിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്.
അന്ന് രണ്ട് മണിക്കൂറോളം അജിത്തുമായി സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ സിനിമാ കരിയറിലെ വിജയവും പരാജയവും ഒരിക്കലും ബാധിക്കാത്തയാളാണ് അജിത് എന്ന് തനിക്കു മനസ്സിലായി. സിനിമ വിജയിച്ചാൽ മതിമറന്ന് സന്തോഷിക്കുന്ന, പരാജയപ്പെട്ടാൽ വിഷമിക്കുന്ന ഒരാളല്ല അദ്ദേഹം. തന്റെ സിനിമാ ജീവിതത്തിൽ ഇപ്പോൾ താൻ പിന്തുടരുന്നത് ആ പാഠം ആണ്.
വിജയിക്കുമ്പോൾ മതി മറക്കാനും പരാജയപ്പെടുമ്പോൾ സങ്കടത്തിലേക്ക് വീഴാനും പ്രേരിപ്പിക്കുന്ന ഒരു മേഖല കൂടിയാണ് സിനിമ എന്നത് കൊണ്ട് തന്നെ, പരാജയത്തെയും വിജയത്തെയും മാറ്റിനിർത്തേണ്ടത് ഒരുപോലെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞത് അജിത്തിൽ നിന്നാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.