രേവതി കലാമന്ദിർ എന്ന ബാനർ മലയാള സിനിമ പ്രേക്ഷകർക്ക് നിരവധി ശ്രദ്ധേയ സിനിമകൾ സമ്മാനിച്ചിട്ടുളള പ്രൊഡക്ഷൻ കമ്പനിയായിരുന്നു. നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുളള ഈ ബാനറിൽ നിന്നും സൂപ്പർ താരങ്ങൾ അടക്കമുളളവരുടെ സിനിമകൾ പുറത്തിറങ്ങിയിരുന്നു.
നിർമ്മാണ രംഗത്ത് തിളങ്ങിയ ശേഷമായിരുന്നു സുരേഷ് കുമാർ അഭിനയ രംഗത്തേക്കും എത്തപ്പെട്ടത്. സിനിമാ രംഗത്ത് സക്സസ് ഫുൾ നിർമ്മാതാവ് എന്ന പേരാണ് സുരേഷ് കുമാറിന് ഉള്ളത്. എങ്കിലും മലയാളത്തിൽ തുടരെ എട്ട് വർഷങ്ങൾ തനിക്ക് മോശം സമയമായിരുന്നു എന്ന് സുരേഷ് കുമാർ തുറന്ന് പറയുകയാണ് ഇപ്പോൾ.
സുരേഷ് ഗോപി നായകനായി അബിനയിച്ച പൈലറ്റ്സ്, കവർസ്റ്റോറി പോലെയുളള സിനിമകൾ ഈ സമയത്ത് തനിക്ക് വലിയ നഷ്ടം വരുത്തിവെച്ചെന്നും സുരേഷ് കുമാർ വ്യക്തമാകുന്നു. അതേ കുറിച്ച് സുരേഷ് കുമാർ പറയുന്നത് ഇങ്ങനെ.
സിനിമ നിർമ്മിച്ച് എനിക്ക് ഒരുപാട് നഷ്ടമുളള സമയമുണ്ടായിരുന്നു. 99 മുതൽ രണ്ടായിരത്തി ഏഴ് വരെ എനിക്ക് വലിയ നഷ്ടമായിരുന്നു. എന്റെ പൈലറ്റ്സ്, കവർസ്റ്റോറി തുടങ്ങിയ സിനിമകളൊക്കെ വലിയ പരാജയം ഏറ്റുവാങ്ങി. അപ്പോൾ അങ്ങനെയുളള സിനിമകളിൽ നിന്ന് കരകയറാൻ വേണ്ടിയാണ് ഞാൻ വീണ്ടും വീണ്ടും സിനിമകൾ ചെയ്തത്.
ചില സംവിധായകർ പണം മുടക്കുന്ന നിർമ്മാതാക്കളുടെ അവസ്ഥ മനസിലാക്കില്ല. നാലും അഞ്ചും സംവിധാന സഹായികൾ ഉണ്ടായിരുന്ന സിനിമയിൽ ഇപ്പോൾ ഏട്ടും പത്തും പേരാണ്. ഒരു സിനിമ തീർന്നുകഴിഞ്ഞു ഒരാളുടെ കോസ്റ്റ് കണക്കാക്കിയാൽ എഴുപത്തി അയ്യായിരം രൂപയിൽ കൂടൂതൽ വരും. ചെറിയ ഒരു റോളിന് പോലും വലിയ താരത്തെ ഇടാറുണ്ട്.
ചെറിയ ഒരു ആർട്ടിസ്റ്റ് ചെയ്താൽ പോലും നന്നാവുന്ന വേഷമാണ് എങ്കിലും സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങി വലിയ താരങ്ങളെ കൂടുതൽ പ്രതിഫലം കൊടുത്തുകൊണ്ട് വരേണ്ടി വരുന്ന അവസ്ഥയായിട്ടുണ്ട് എന്നും സുരേഷ്‌കുമാർ പറഞ്ഞു.
സുരേഷ് ഗോപിയും ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പൈലറ്റ്സ് 2000ത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. സിനിമ സംവിധാനം നിർവഹിച്ചത് രാജീവ് അഞ്ചലായിരുന്നു. ചിത്രത്തിൽ ഇരുവരും പൈലറ്റുമാരായാണ് അഭിനയിച്ചത്.
സുരേഷ് ഗോപി നായകനായ കവർസ്റ്റോറി എന്ന ചിത്രവും പൈലറ്റ്സിന് പിന്നാലെ പുറത്തിറങ്ങി. ആക്ഷൻ ത്രില്ലർ ചിത്രം ജിഎസ് വിജയനാണ് സംവിധാനം ചെയ്തിരുന്നത്.സിനിമയിൽ സുരേഷ് ഗോപിയുടെ നായികയായി തബുവായിരുന്നു അഭിനയിച്ചത്. പ്രധാന വേഷങ്ങളിൽ ബിജു മേനോൻ,നെടുമുടി വേണു, സിദ്ധിഖ് തുടങ്ങിയവരും അഭിനയിച്ചിരുന്നു.