ഒടിയൻ: പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ശ്രീകുമാർ മേനോന്

9

മലയാളത്തിലെ പുതുമുഖ സംവിധായകനുള്ള ജേസി ഫൗണ്ടേഷൻ പുരസ്‌കാരനേട്ടത്തിൽ സന്തോഷമറിയിച്ച് ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ. ശ്രീകുമാർ മേനോൻ ഉൾപ്പെടെ നാല് പേർക്കാണ് ഇത്തവണത്തെ നവാഗത സംവിധായകർക്കുള്ള പുരസ്‌കാരം.

അജിത്ത് കുമാർ (ഈട), ഷാജി പാടൂർ (അബ്രഹാമിന്റെ സന്തതികൾ), സൗമ്യ സദാനന്ദൻ (മാംഗല്യം തന്തുനാനേന) എന്നിവരാണ് ഈ പുരസ്‌കാരത്തിന് അർഹരായ മറ്റ് സംവിധായകർ. ‘ഒടിയനി’ലെ അഭിനയത്തിന് മഞ്ജു വാര്യർക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. ‘അബ്രഹാമിന്റെ സന്തതികളി’ലെ പ്രകടനത്തിന് മമ്മൂട്ടിയെ മികച്ച നടനായും തെരഞ്ഞെടുത്തു.

Advertisements

എംഎ നിഷാദ് സംവിധാനം ചെയ്ത ‘കിണറാ’ണ് മികച്ച ചിത്രം. വിനയൻ സംവിധായകൻ (ചാലക്കുടിക്കാരൻ ചങ്ങാതി). റോഷൻ ആൻഡ്രൂസിനാണ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം (കായംകുളം കൊച്ചുണ്ണി).

ഈമയൗവിലെ അഭിനയത്തിന് ദിലീഷ് പോത്തനെ സഹനടനായും വികടകുമാരനിലെ അഭിനയത്തിന് സീമ ജി നായരെ സഹനടിയായും തെരഞ്ഞെടുത്തു. പ്രണവ് മോഹൻലാൽ (ആദി), കാളിദാസ് ജയറാം (പൂമരം), രാജാമണി (ചാലക്കുടിക്കാരൻ ചങ്ങാതി) എന്നിവർക്കാണ് പുതുമുഖ നടന്മാർക്കുള്ള പുരസ്‌കാരങ്ങൾ.

നിതാ പിള്ള (പൂമരം), സാനിയ ഇയ്യപ്പൻ (ക്വീൻ) എന്നിവർക്കാണ് പുതുമുഖ നടനിമാർക്കുള്ള പുരസ്‌കാരം. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) എറണാകുളം ടൗൺ ഹാളിൽ വച്ചാണ് പുരസ്‌കാര സമർപ്പണം. ചടങ്ങ് കെ എസ് സേതുമാധവൻ ഉദ്ഘാടനം ചെയ്യും.

Advertisement