മൂന്നാം തവണയും ഗിന്നസിൽ ഇടം നേടി നടനും സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമായ ഗിന്നസ് പക്രു. നടനും സംവിധായകനും പുറമെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമ്മാതാവെന്ന നേട്ടവും പക്രുവിനെത്തേടിയെത്തി. പുതിയ ചിത്രം ‘ഫാൻസി ഡ്രസ്’ ആണ് പക്രുവിനെ നേട്ടത്തിന് അർഹനാക്കിയത്.
76 സെന്റീമീറ്റർ മാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായും നേരത്തെ ഗിന്നസിൽ ഇടം പിടിച്ചിരുന്നു. അജയ് കുമാർ എന്ന ഗിന്നസ് പക്രു ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനൊപ്പം അജയ് കുമാറും ചേർന്നാണ്.
ഹ്യൂമർ ത്രില്ലർ എന്നാണ് അണിയറക്കാർ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പക്രു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫാൻസി ഡ്രസി’ൽ ബെൻകുട്ടൻ എന്ന കഥാപാത്രത്തെയും പക്രു അവതരിപ്പിക്കുന്നുണ്ട്.
ഗിന്നസ് പക്രുവിനൊപ്പം കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്വേതാ മേനോൻ, സൗമ്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യമഭിനയിച്ച അമ്പിളി അമ്മാവൻ എന്ന ചിത്രത്തിൽ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പക്രു എന്നായിരുന്നു.
ഇതോടെ ഈ പേരിൽ അറിയപ്പെടുകയായിരുന്നു. അത്ഭുതദ്വീപിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്‌കാരത്തിനും പക്രു അർഹനായിരുന്നു.