മലയാളികളുടെ പ്രിയപ്പെട്ട നടൻ മാത്രമല്ല ഇപ്പോൾ തൃശ്ശൂരിൽ നിന്നുളള എംപിയും കേന്ദ്രമന്ത്രിയും ആണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ജബൽപൂർ വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചിരുന്നു.
ഇപ്പോഴിതാ സുരേഷ് ഗോപിയെ ട്രോളി നടൻ ടിനി ടോം രംഗത്ത് എത്തിയതാണ് വാർത്താ പ്രാധാന്യം നേടുന്നത്. മാധ്യമങ്ങൾ സുരേഷ് ഗോപിയോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ നിങ്ങളൊക്കെ ആരാണ് എന്നായിരുന്നു സുരേഷ് ഗോപി തിരിച്ച് ചോദിച്ചത്.
ഈ പ്രതികരണത്തെ കളിയാക്കിയാണ് ടിനി ടോം എത്തിയത്. തൃശൂർ വേണം, അത് എനിക്ക് തരണം എന്ന് പറഞ്ഞ് കൊണ്ടിരുന്ന ആൾ ഇപ്പോൾ നിങ്ങളൊക്കെ ആരാണ് എന്നാണ് ചോദിക്കുന്നത്, മാധ്യമമോ എനിക്ക് ജനങ്ങളോടേ സംസാരിക്കാനുള്ളൂവെന്ന് പറയുകയാണെന്നും ടിനി ടോം പറഞ്ഞു.
തൃശൂരിൽ ഒരു പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു ടിനി ടോമിന്റെ പരിഹാസം. എന്നാൽ സംഭവം വിവാദം ആയതോടെ വിശദീകരണവുമായി ടിനി രംഗത്തെത്തി. ഇതാണ് സത്യം… ഉത്ഘാടന ചടങ്ങിൽ നിർബന്ധിച്ചു സുരേഷേട്ടനെ അനുകരിപ്പിച്ചിട്ടു അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത്.. സുരേഷേട്ടൻ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും എന്നാണ് പരിപാടിയുടെ വീഡിയോ പങ്കുവച്ച് ടിനി ടോം ഫെയ്സ്ബുക്കിൽ കുറിച്ചത്.
അതേസമയം, സുരേഷ് ഗോപി ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. താൻ പുറത്തിറങ്ങുമ്പോൾ ഗസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് നിർദേശിച്ചതായി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ആക്രോശിച്ചാണ് സുരേഷ് ഗോപി സംസാരിച്ചത്. നിങ്ങൾ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്? ജനങ്ങളാണ് വലുത്. സൗകര്യമില്ല ഉത്തരം പറയാൻ. ജബൽപൂരിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കും എന്നായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചത്.