തമിഴകത്തെ ക്ലാസ്സ് സംവിധായകനാണ് ചേരൻ. ഭാരതി കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് ചേരൻ സംവിധാന രംഗത്തേക്ക് വരുന്നത്. 1997ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം ആട്ടോഗ്രാഫ്, പൊർക്കാലം, വെട്രി കൊടി കാട്ടു, പാണ്ഡവർ ഭൂമി, തവമൈ തവമിരുന്ത് എന്നീ മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
ആട്ടോഗ്രാഫിൽ ചേരൻ തന്നെയായിരുന്നു നായകൻ. ഭൂരഭാഗവും കേരളത്തിൽ ചിത്രീകരിച്ച ഈ സിനിമ സൂപ്പർ വിജയമായിരുന്നു നേടിയത്. മലയാളി നടി ഗോപികയായിരുന്നു ഈ സിനിമയിലെ നായികയായി എത്തിയത്.
ഇപ്പോഴിതാ മക്കൾ ശെൽവം വിജയ് സേതുപതിയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ചേരൻ. പേരിടാത്ത ചിത്രത്തെ കുറിച്ച് ചേരൻ ചില വിവരങ്ങൾ സംസാരിച്ചു.
തവമായി തവമിരുന്ത് എന്ന ചിത്രത്തേക്കാൾ മികച്ചതായിരിക്കും ഈ ചിത്രം. സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധമാണ് ഈ ചിത്രം പറയുന്നതെന്നുമാണ് ചേരൻ പറഞ്ഞത്. എന്നാണ് ചിത്രം ആരംഭിക്കുന്നതെന്ന് ചേരൻ വ്യക്തമാക്കിയില്ല.
അണിയറ പ്രവർത്തകർ ആരാണെന്നും ഇപ്പോൾ വ്യക്തമല്ല. അതേ സമയം ദളപതി വിജയ് നായകാനാകുന്ന മാസ്റ്ററിലാണ് ഇപ്പോൾ വിജയ് സേതുപതി അഭിനയിക്കുന്നത്. ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററിൽ വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത് എന്നാണറിവ്.